Thursday 15 November 2018 02:30 PM IST : By സ്വന്തം ലേഖകൻ

‘കുട്ടി ആനന്ദ്’ കിട്ടുമോ ? സംവിധാനം ചെയ്ത ചിത്രം തിരഞ്ഞ് സുഹാസിനി

suhasini-new

മികച്ച നടി മാത്രമല്ല സംവിധായിക കൂടിയാണ് സുഹാസിനി. ഭർത്താവും താര സംവിധായകനുമായ മണിരത്നത്തിനൊപ്പം സംഭാഷണ രചയിതാവും മറ്റും പ്രവർത്തിക്കുന്ന സുഹാസിനി സിനിമയും സീരിയലും ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുഹാസിനി സംവിധാനം ചെയ്ത ‘പെണ്‍’ എന്ന ഹ്രസ്വചിത്രങ്ങളുടെ ടെലിവിഷന്‍ സീരീസ് തെന്നിന്ത്യയിലെ മുന്‍നിര അഭിനേത്രികളായ രേവതി, ശ്രീവിദ്യ, ശോഭന, അമല, രാധിക, ശരണ്യ, ഭാനുപ്രിയ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചവയായിരുന്നു.

സ്ത്രീകള്‍ നേരിടുന്ന പലവിധ വൈകാരിക-സാമൂഹ്യ പ്രശ്നങ്ങളെ എടുത്തു കാട്ടിയ ‘പെണ്‍’ വലിയ പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഡിജിറ്റല്‍ യുഗത്തിന് മുന്‍പ് നിര്‍മ്മിക്കപ്പെട്ട തന്റെ ഹ്രസ്വ ചിത്രങ്ങളുടെ സീരീസിലെ ‘കുട്ടി ആനന്ദ്’ എന്ന ചിത്രത്തെ തേടുകയാണ് സുഹാസിനി ഇപ്പോള്‍. അമല, കക്ക രവി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ‘കുട്ടി ആനന്ദ്’ രോഗബാധിതനായ ആനന്ദ് എന്ന കുട്ടിയുടേയും അവനെ പരിചരിക്കുന്ന യുവ ഡോക്ടര്‍ അനുവിന്റെയും കഥയാണ്.

1990ല്‍ നിർമ്മിക്കപ്പെട്ട ‘കുട്ടി ആനന്ദി’ ന്റെ യൂട്യൂബ് ലിങ്ക് ചോദിച്ച് ട്വിറ്ററിൽ പോസ്റ്റിട്ടിരിക്കുകയാണ് സുഹാസിനി. അതില്‍ നിന്ന് ഒരു ദൃശ്യം അത്യാവശ്യമായി വേണമത്രേ.

‘പെണ്‍’ ഹ്രസ്വ ചിത്രങ്ങളിലെ മറ്റു ചില എപ്പിസോഡുകള്‍ കിട്ടിയെങ്കിലും ‘കുട്ടി ആനന്ദി’ ലേക്ക് ഇതു വരെ ആർക്കും എത്താന്‍ കഴിഞ്ഞിട്ടില്ല.

സുഹാസിനിയുടെ പിതാവ് ചാരുഹാസനാണ് ‘പെണ്‍’ നിർമ്മിച്ചത്. ഇതിനു ശേഷം ‘അന്‍പുള്ള സ്നേഹിതി’ എന്ന തമിഴ് സീരിയലും ‘ഇന്ദിര’ എന്ന ചലച്ചിത്രവും സുഹാസിനി സംവിധാനം ചെയ്തു.