Friday 14 June 2019 06:59 PM IST : By സ്വന്തം ലേഖകൻ

ജിംസൻ ഇനി തലയുടെ വില്ലൻ; നേർകൊണ്ട പാർവൈയിൽ ശ്രദ്ധേയ വേഷം; വിഡിയോ

sujith

മഹേഷിന്റെ പ്രതികാരത്തിനിരയായ ജിംസനെ ആരും മറക്കാനിടയില്ല. ദിലീഷ് പോത്തൻ ചിത്രം മഹേഷിന്റെ പ്രതികാരത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ സുജിത് ശങ്കർ എന്ന കലാകാരനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ദുൽഖർ ചിത്രം സിഐഎ, പൃഥ്വി ചിത്രം എസ്ര എന്നിവയിലും സുജിത്ത് തന്റെ പ്രതിഭ അടയാളപ്പെടുത്തുന്ന പ്രകടനവുമായി രംഗത്തുണ്ടായിരുന്നു. ഇ.എം.എസിന്റെ മൂത്ത പുത്രനായ ഇ.എം. ശ്രീധരന്റെയും യാമിനിയുടെയും മകനാണ് സുജിത് എന്നത് കൗതുകരമായ മറ്റൊരു വസ്തുത.

ഇപ്പോഴിതാ സുജിത്ത് കോളിവുഡിലേക്ക് രംഗപ്രവേശം ചെയ്തിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. അതും തമിഴകത്തിന്റെ തല അജിത് നായകനാകുന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയ വേഷവുമായാണ് താരം എത്തുന്നത്. അജിത്തിന്റെ നേർകൊണ്ട പാർവൈ എന്ന ചിത്രത്തിലാണ് സുജിത്തിന്റെ ശ്രദ്ധേയ സാന്നിദ്ധ്യം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിലും സുജിത്തിനെ കാണാം.

ചിത്രത്തിലും സുജിത് നെഗറ്റീവ് റോളിലാണ് എത്തുന്നത് എന്നാണ് സൂചനകൾ. ബോളിവുഡിൽ വമ്പൻ ഹിറ്റായിരുന്നു പിങ്ക് എന്ന ചിത്രത്തിന്റെ തമിഴ് വേർഷൻ ആണ് ചിത്രം. തീരൻ അധികാരം ഒൻട്രൂ സംവിധായകൻ എച് വിനോദ് ആണ് ചിത്രം സംവിധാനം ചെയുന്നത്.