Saturday 16 June 2018 02:39 PM IST : By സ്വന്തം ലേഖകൻ

സുകുമാരൻ വിടവാങ്ങിയിട്ട് 21 വർഷം; ഓർമ്മച്ചിത്രം പങ്കുവച്ച് പൃഥ്വിരാജും ഇന്ദ്രജിത്തും

suku

മലയാള സിനിമയിൽ ഒരു തലമുറയുടെ സിരകളിലാകെ തിരയാവേശത്തിന്റെ തീ കോരി നിറച്ച ക്ഷുഭിത യൗവ്വനമായിരുന്നു സുകുമാരൻ. തീക്ഷ്ണമായ കണ്ണുകളിൽ നിഷേധത്തിന്റെ കടലിരമ്പിയ നായക സങ്കൽപ്പം. സിനിമകളിൽ കഥാപാത്രങ്ങളുടെ അഴകളവുകൾക്കൊപ്പം അഭിനയത്തിന്റെ വേറിട്ട വഴികളിലൂടെ നടന്നപ്പോഴും ജീവിതത്തിൽ അഭിനയിക്കുവാനറിയാത്ത പച്ച മനുഷ്യനായിരുന്നു സുകുമാരൻ. ഒരു നേരേ വാ നേരേ പോ ശൈലിക്കാരൻ. ഇന്ന് ആ നടന വിസ്മയം കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് 21 വർഷം.

1948 ജൂൺ പത്തിന് മലപ്പുറം എടപ്പാൾ പൊന്നംകുഴി വീട്ടിലായിരുന്നു പി.സുകുമാരൻ നായർ എന്ന സുകുമാരന്റെ ജനനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി 3 വർഷം അദ്യാപകനായി ജോലി ചെയ്ത ശേഷമാണ് സിനിമയിലെത്തിയത്. 1971 ൽ തിയേറ്ററുകളിലെത്തിയ രാത്രിവണ്ടിയാണ് ആദ്യ ചിത്രമെങ്കിലും സുകുമാരൻ ശ്രദ്ധേയനാകുന്നത് 1973 ൽ തിയേറ്ററുകളിലെത്തിയ നിർമ്മാല്യത്തിലെ അപ്പു എന്ന കഥാപാത്രത്തിലൂടെയാണ്. തുടർന്ന് ചെറുതും വലുതുമായ നിരവധി വേഷങ്ങളുമായി നായകനിരയിൽ ഇടമുറപ്പിച്ചു. എഴുപതുകളിൽ ജയൻ–എം.ജി സോമൻ–സുകുമാരൻമാരായിരുന്നു മലയാള സിനിമയിലെ യുവതാര ശക്തികൾ. പ്രേം നസീറിനും മധുവിനുമൊപ്പം ഇവരും മലയാള സിനിമയുടെ താരസിംഹാസനം പങ്കിട്ടു. സുകുമാരൻ നായകനായ നിരവധി സോളോ ഹിറ്റുകൾ അക്കാലയളവിലുണ്ടായി. ഇവരൊന്നിച്ച മൾട്ടി സ്റ്റാർ ചിത്രങ്ങളും പണം വാരി.

മമ്മൂട്ടി – മോഹൻലാൽ ദ്വയം മലയാള സിനിമയുടെ പുതിയ മുഖങ്ങളായതോടെ സുകുമാരൻ സ്വഭാവ – പ്രതിനായക വേഷങ്ങളിലേക്കു തിരിഞ്ഞു. അപ്പോഴും അദ്ദേഹത്തിന് തന്റെതായ ഒരിടം കണ്ടെത്താനായി. എങ്കിലും സിനിമയിലെ ലോബിയിംഗ് വ്യവസ്ഥകള്‍ക്കെതിരെ നിരന്തരം കലഹിച്ച സുകുമാരനോട് മലയാള സിനിമ നീതി കാട്ടിയോ എന്നതിൽ സംശയമുണ്ട്.

1978 ൽ ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരമുൾപ്പടെ നിരവധി അംഗീകാരങ്ങളും സുകുമാരനെ തേടിയെത്തി.

1997 ജൂൺ പതിന്നാറിന് 49–ാം വയസ്സിൽ ഹൃദയസ്തംഭനം ആ മഹാ നടന്റെ ജീവൻ കവർന്നു. ഭാര്യ മല്ലികയെയും കുട്ടികളായിരുന്ന മക്കൾ ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും ഒറ്റയ്ക്കാക്കിയുള്ള മടക്കം. മക്കൾ മലയാള സിനിമയുടെ മുഖ്യധാരയിൽ മിന്നും താരങ്ങളായി വളരുന്നതു കാണാനാകാതെയുള്ള അപ്രതീക്ഷിത വിടവാങ്ങൽ. 1997 ൽ പ്രദർശനത്തിനെത്തിയ വംശമായിരുന്നു അവസാന ചിത്രം. അച്ഛന്റെ ഓർമ്മ ദിനത്തിൽ പൃഥ്വിരാജും ഇന്ദ്രജിത്തും തങ്ങളുടെ ഒഫീഷ്യൽ ഫെയ്സ് ബുക്ക് പേജിൽ സുകുമാരന്റെ ചിത്രം പങ്കു വച്ചിട്ടുണ്ട്.