Saturday 23 February 2019 10:24 AM IST : By സ്വന്തം ലേഖകൻ

ഇനിയാണ് കളി! വിജയ് സേതുപതിയും ഫഹദും ഒന്നിക്കുന്ന ‘സൂപ്പര്‍ ഡീലക്സി’ന്റെ ട്രെയിലറെത്തി

super-delx

പ്രേക്ഷകരെ പ്രതീക്ഷയുടെ പരമാവധിയിലെത്തിച്ച് ‘സൂപ്പര്‍ ഡീലക്സി’ന്റെ ട്രെയിലറെത്തി. ഫഹദ് ഫാസിലും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്ന ഈ തമിഴ് ചിത്രം ‘ആരണ്യകാണ്ഡം’ എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയതലത്തിൽ ശ്രദ്ധേയനായ ത്യാഗരാജൻ കുമാരരാജയുടെ രണ്ടാമത് സംവിധാന സംരംഭമാണ്.

വേറിട്ട ത്രില്ലറാകും ചിത്രം. വിജയ് സേതുപതിയുടെ നരേഷനോടെയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ഒരു ട്രാൻസ് വുമണിന്റെ ലുക്കിലാണ് ചിത്രത്തിൽ വിജയ്. സമീപകാലത്ത് കണ്ടതിൽ വച്ച് വേറിട്ട ലുക്കിലാണ് ഫഹദും പ്രത്യക്ഷപ്പെടുന്നത്. നടന മികവിൽ ഒന്നിനൊന്നു തിളക്കമുള്ള രണ്ടു താരങ്ങൾ ഒന്നിക്കുന്നുവെന്നതും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

രമ്യാകൃഷ്ണനും സമന്ത രൂത്ത് പ്രഭുവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രമുഖ സംവിധായകൻ മിഷ്കിനാണ്.

മാര്‍ച്ച് 29 ന് ചിത്രം തിയേറ്ററിലെത്തും. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. നേരത്തെ തന്നെ ചിത്രത്തിന്റെ പോസ്റ്ററുകളും ചിത്രങ്ങളും വൈറലായിരുന്നു.