Saturday 28 March 2020 03:40 PM IST : By സ്വന്തം ലേഖകൻ

മകന്‍ ഐസലേഷനില്‍! ഫ്ലാറ്റിൽ തനിയെ താമസിക്കുന്നു: മൂത്തമകനും സുഹൃത്തും ആ ഫ്ലാറ്റിൽ കഴിയുകയാണ്

suresh-gopi

കേരളം കൊറോണ നിയന്ത്രണത്തിനു വേണ്ട മുൻകരുതലുകൾ എടുക്കുമ്പോൾ, അതിൽ ഏറ്റവും പ്രധാനമായ ലോക്ക് ഡൗൺ ലംഘിക്കാൻ ശ്രമിക്കുന്നവരെ നിയന്ത്രിക്കാനുളള പൊലീസിന്റെ ബലപ്രയോഗത്തിലും മോശം ഭാഷയിലും തെറ്റില്ലെന്ന് സുരേഷ് ഗോപി. തല്ലിയാലേ ആളുകള്‍ നന്നാവൂ എന്ന് വന്നാല്‍ കുറ്റം പറയാനാകില്ലെന്നും അക്കാര്യത്തിൽ മുഖ്യമന്ത്രി പൊലീസിന് മുന്നില്‍ ഒരു പാട് നിയന്ത്രണം വയ്ക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം മനോരമ ന്യൂസ് ചര്‍ച്ചയില്‍ പറഞ്ഞു.

‘മോശമായ ഭാഷകൾ ഉപയോഗിച്ചോളൂ, ശരീരത്തിലെ അവയവങ്ങള്‍ക്ക് പരുക്കേല്‍ക്കാതെ തല്ലുന്നതിലും കുഴപ്പമില്ല. തല്ലിയാലേ ആളുകള്‍ നന്നാവൂ എന്ന് വന്നാല്‍ കുറ്റം പറയാനാകില്ല. അക്കാര്യത്തിൽ മുഖ്യമന്ത്രി, പൊലീസിന് മുന്നില്‍ ഒരു പാട് നിയന്ത്രണം വയ്ക്കാതിരിക്കുന്നതാണ് നല്ലത്. ഈ സേനയെ കയ്യെടുത്ത് കുമ്പിടണം. ഈ ലോകത്തിനു വേണ്ടിയാണ് ഇവർ പ്രവർത്തിക്കുന്നത്. പൊലീസിന് നിയന്ത്രിക്കാന്‍ പറ്റില്ലാതെ വന്നാല്‍ വരാന്‍ പോകുന്നത് പട്ടാളമാണ്. അവര്‍ക്ക് മലയാളിയെയും തമിഴനെയും അറിയില്ല. മനുഷ്യരെ മാത്രമേ അറിയൂ. വളരെ സൂക്ഷിക്കണം. ഇതൊരു വാണിങ് തന്നെയാണ്. ഇങ്ങനെ വാണിങ് നല്‍കാനുള്ള അവകാശം എനിക്കുമുണ്ട്. എല്ലാവരും പൊലീസ് സേനയ്ക്ക് പൂര്‍ണ പിന്തുണ നല്‍കണം’ .– അദ്ദേഹം പറഞ്ഞു.

ലണ്ടനില്‍ നിന്നു വന്ന മകന്‍ ഐസലേഷനിലാണെന്നും, എല്ലാ പ്രോഗ്രാമുകളും മാറ്റിവച്ച് ഒറ്റ രാത്രി കൊണ്ട് വീട്ടിലിരിക്കാന്‍ തീരുമാനിച്ചത് രോഗവ്യാപനത്തിന്റെ ഗൗരവം മനസിലാക്കിയാണെന്നും സുരേഷ് ഗോപി. ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് കാലില്‍ പിടിച്ച് അപേക്ഷിക്കുകയാണ്. ലോകസമൂഹത്തിന് വേണ്ടിയുള്ള വ്രതം പോലെ ആകണം ലോക്കൗട്ട് എന്നും അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ വ്യാഴാഴ്ച എന്റെ ജീവിതത്തിലെ വലിയൊരു പ്രവർത്തി നടന്ന ദിവസമാണ്. എന്റെ മകൻ കഴിഞ്ഞ ദിവസം ലണ്ടനിൽ നിന്നു വന്നിരുന്നു. ആ ഫ്ലൈറ്റിൽ വന്നയാളിന് കൊറോണ ഉണ്ടായിരുന്നുവെന്ന് ആ സമയത്ത് അറിയാൻ കഴിഞ്ഞു. അതോടെ ഫ്ലൈറ്റിൽ വന്ന ആളുകൾക്ക് വിമാനത്താവളത്തിൽ ക്വാറിന്റിൻ നിശ്ചയിച്ചു. മകൻ ഇപ്പോൾ ഫ്ലാറ്റിൽ തനിയെ താമസിക്കുകയാണ്. കുഞ്ഞായതുകൊണ്ടും ഒറ്റയ്ക്ക് താമസിക്കാൻ പറ്റാത്തതുകൊണ്ടും എന്റെ മൂത്തമകനും അവന്റെ സുഹൃത്തും സെക്രട്ടറിയുമായ പോളും ആ ഫ്ലാറ്റിൽ കഴിയുകയാണ്. അവർക്കുള്ള ഭക്ഷണം എന്റെ ഡ്രൈവർ ആണ് എത്തിക്കുന്നത്. അയാൾ ഓട്ടോറിക്ഷ ഉള്ള ആളാണ്. സത്യവാങ്മൂലം എഴുതിയാണ് പോകുന്നത്. പക്ഷേ ഇന്ന് പൊലീസ് പറഞ്ഞു, ഒരാൾ ഓട്ടോ ഇറക്കിയാൽ എല്ലാവരും അത് ഇറക്കുന്ന സാഹചര്യമാണെന്ന്. മറ്റേതെങ്കിലും വണ്ടിയിൽ പോകാൻ നിർദേശിച്ചു. ഇപ്പോൾ സ്കൂട്ടർ കടം വാങ്ങിയാണ് പോകുന്നത്. അടുത്ത വ്യാഴാഴ്ച കുട്ടികൾ വന്നുകഴിഞ്ഞാൽ ആ സൗകര്യവും ഞാൻ ഉപയോഗിക്കില്ല’.– അദ്ദേഹം പറഞ്ഞു.