Thursday 20 February 2020 12:42 PM IST : By സ്വന്തം ലേഖകൻ

‘എനിക്ക് പെണ്ണ് കാണണ്ട, ഞാൻ കെട്ടിക്കോളാം എന്നാണ് ആദ്യം പറഞ്ഞത്’! സുരേഷ് ഗോപി രാധികയെ കണ്ടത് വിവാഹനിശ്ചയം കഴിഞ്ഞ്

suresh-gopi

മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. ഇപ്പോഴിതാ, നിങ്ങൾക്കുമാകാം കോടീശ്വരൻ പരിപാടിയിൽ സുരേഷ് ഗോപി തന്റെ വിവാഹ കഥ പറഞ്ഞതാണ് വൈറൽ.

അച്ഛൻ ഗോപിനാഥന്‍ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയെ സുരേഷ് ഗോപിക്ക് വിവാഹം ആലോചിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണ് സുരേഷ് ഗോപിയും രാധികയും നേരിൽ കാണുന്നതു തന്നെ.

‘1989 നവംബർ 18ാം തീയതി എന്റെ അച്ഛൻ എന്നെ ഫോൺ വിളിച്ചു. അന്ന് ഞാൻ കൊടൈക്കനാലിൽ ‘ഒരുക്കം’ എന്ന സിനിമയുടെ ഷൂട്ടിങിലാണ്. ഫോണിൽ അച്ഛൻ പറഞ്ഞത് ഇങ്ങനെ, ‘ഞങ്ങൾ കണ്ടു, ഞങ്ങൾക്ക് ഞങ്ങളുടെ മകളായി, മരുമകളായി ഈ പെൺകുട്ടി മതി’ നിനക്ക് നിന്റെ ഭാര്യയായി ഈ പെൺകുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണം.’ ഇതുകേട്ട് ഞാൻ അച്ഛനോട് പറഞ്ഞു, നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളാണ്. കാരണം നിങ്ങൾക്ക് 4 കൊമ്പൻമാരാണ്. ഞങ്ങൾ നാല് സഹോദരന്മാരാണ്. പെൺകുട്ടികൾ ഇല്ല. ആദ്യമായി ഈ കുടുംബത്തിലേക്ക് വലതുകാൽ വച്ച് കയറുന്നത് ഒരു മകളാകണമെങ്കിൽ നിങ്ങളുടെ നിശ്ചയത്തിനാണ് ഞാൻ മതിപ്പ് കൽപ്പിക്കുന്നത്. എനിക്ക് പെണ്ണ് കാണണ്ട. ഞാൻ കെട്ടിക്കോളാം എന്നാണ് രാധികയുടെ സെലക്ഷനെക്കുറിച്ച് ആദ്യം പറയുന്നത്. ഇതൊക്കെ കഴിഞ്ഞ് രാധികയെ ഞാൻ കാണുന്നത് ഡിസംബർ 3ാം തീയതിയും. അതിനുമുമ്പ് ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നിരുന്നു’ . –സുരേഷ് ഗോപി പറഞ്ഞു.

1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവരുടെ വിവാഹം. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് ദമ്പതികളുടെ മക്കൾ.