Monday 15 July 2019 11:58 AM IST

‘ആ പയ്യന് അന്നു ഞാൻ കൊടുത്തത് 1000 രൂപ’! സിനിമയിൽ ദിലീപിന്റെ ആദ്യ പ്രതിഫലത്തിന്റെ കഥ പറഞ്ഞ് സുരേഷ് കുമാർ

V.G. Nakul

Sub- Editor

suresh-new

മിമിക്രിയിൽ നിന്നാണ് നടൻ ദിലീപ് സിനിമയിലേക്കെത്തിയത്. സഹസംവിധായകന്റെ വേഷത്തിലായിരുന്നു തുടക്കം. പ്രമുഖ സംവിധായകൻ കമലിനൊപ്പം ചില ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രവർത്തിച്ച ശേഷമാണ് ചെറു വേഷങ്ങളിലൂടെ നായകനിരയിലേക്കും സൂപ്പർ താരത്തിലേക്കുമുള്ള ദിലീപിന്റെ വളർച്ച.

ദിലീപ് സഹസംവിധായകനായ ആദ്യ ചിത്രം മോഹൻലാലിനെ നായകനാക്കി കമൽ ഒരുക്കിയ ‘വിഷ്ണു ലോക’മാണ്. ജി. സുരേഷ് കുമാറായിരുന്നു ചിത്രത്തിന്റെ നിർമാതാവ്. സഹസംവിധായകനാകാന്‍ ആദ്യമായി വിഷ്ണു ലോകത്തിന്റെ ലൊക്കേഷനിലെത്തിയ ദിലീപിനെക്കുറിച്ച് ‘വനിത’യുടെ പുതിയ ലക്കത്തിൽ സുരേഷ് കുമാർ മനസ്സ് തുറക്കുന്നു.

‘‘ദിലീപ് ആദ്യം സഹസംവിധായകനായത് ഞാൻ നിർമിച്ച വിഷ്ണു ലോകം എന്ന സിനിമയിലാണ്. അസിസ്റ്റന്റ ്സ് കൂടുതലായതിനാൽ കമലിന് ആദ്യം ദിലീപിനെ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞിരുന്നില്ല. ‘പിന്നീട് നോക്കാം’ എന്നു പറഞ്ഞു. അങ്ങനെയാണ് എന്റെ ബന്ധു കൂടിയായ അനിക്കുട്ടൻ ദിലീപിനെ എന്റെ അടുത്തു കൊണ്ടുവരുന്നത്. ഞാൻ സമ്മതിച്ചാൽ നിർത്താമെന്നാണ് കമൽ പറഞ്ഞിരിക്കുന്നത്. എന്തോ ഒരു തെളിച്ചം ആ പയ്യനിൽ കണ്ടതു കൊണ്ട് നിന്നോട്ടെ എന്നു ഞാനും പറഞ്ഞു. സിനിമയിൽ ദിലീപിന് ആദ്യം ശമ്പളം കൊടുക്കുന്നതും ഞാനാണ്. ആയിരം രൂപ. ആ സൗഹൃദമാണ് ഇപ്പോഴും തുടരുന്നത്.

ദിലീപ് ഒരു പ്രതിസന്ധി ഘട്ടത്തിൽ പെട്ടപ്പോൾ വലിയ സങ്കടം തോന്നി. ആദ്യം ദിലീപിനെ അനുകൂലിച്ച് സംസാരിച്ചതും ആദ്യം ജയിലിൽ പോയി കണ്ടതും ഞാനാണ്. ദിലീപിനു വേണ്ടി സംസാരിക്കാൻ പലർക്കും അതു ധൈര്യം കൊടുത്തു. ഇങ്ങനെ ഒരു മണ്ടത്തരം കാണിക്കുന്ന ആളല്ല ദിലീപ് എന്നാണ് എന്റെ പൂർണ വിശ്വാസം’’.–സുരേഷ് കുമാർ പറയുന്നു.

സുരേഷ് കുമാറിന്റെ അഭിമുഖത്തിന്റെ പൂർണ രൂപം പുതിയലക്കം (ജൂലൈ 15–31) ‘വനിത’യിൽ വായിക്കാം.