Thursday 11 August 2022 09:27 AM IST : By സ്വന്തം ലേഖകൻ

‘അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ...’: പ്രതികരിച്ച് സ്വാസിക

swasika

പരിഹാസ കമന്റുമായി എത്തിയയാൾക്ക് ഇൻസ്റ്റഗ്രാമിൽ തകർപ്പൻ മറുപടി നൽകി യുവതാരം സ്വാസിക വിജയ്. തന്റെ പുതിയ ചിത്രം ‘ചതുര’ത്തിന്റെ മോഷൻ പോസ്റ്റർ സ്വാസിക പോസ്റ്റ് ചെയ്തതിനു താഴെയാണ്, ‘ആണുങ്ങളെ മാത്രമാണോ സിനിമ 'കാണിക്കുവാൻ' ഉദ്ദേശിക്കുന്നത് ? Didn't expect this from you!!!’ എന്ന കമന്റുമായി ഒരാൾ എത്തിയതിന്. ഇതിനാണ് താരത്തിന്റെ പ്രതികരണം.

‘അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കിൽ സഹതാപം മാത്രം.
അഡൽസ് ഓൺലി എന്നു പറഞ്ഞാൽ പ്രായപൂർത്തിയായവർ എന്നാണ് അർത്ഥം, അല്ലാതെ പ്രായപൂർത്തിയായ പുരുഷന്മാർ മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകർക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തീയേറ്ററിൽ സിനിമ കാണാം. പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിൻറെ ഒക്കെ കാലമാണ്, അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ ആരംഭിക്കൂ പ്ലീസ്..
തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല’.– സ്വാസിക കുറിച്ചു.

സിദ്ധാർഥ് ഭരതനാണ് ചതുരത്തിന്റെ സംവിധാനം. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. റോഷൻ മാത്യു, അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങൾ. വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്നു. ‘ജിന്ന്’ എന്ന സൗബിൻ ഷാഹിർ ചിത്രവും സിദ്ധാർത്ഥിന്റേതായി റിലീസ് കാത്തിരിക്കുകയാണ്.