Thursday 11 July 2019 03:23 PM IST : By സ്വന്തം ലേഖകൻ

പട്ടാപ്പകൽ നടുറോഡിൽ നടിക്കെതിരെ അതിക്രമം; കാറില്‍ നിന്നു പിടിച്ചിറക്കി ഭീഷണിപ്പെടുത്തി: ഡ്രൈവർ അറസ്റ്റിൽ

swasthika

പ്രശസ്ത ബംഗാളി നടി സ്വാസ്തിക ദത്തയെ കാറില്‍ നിന്നു ബലമായി പിടിച്ചിറക്കി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ടാക്സി ഡ്രൈവർ അറസ്റ്റിൽ.

ബുധനാഴ്ച കൊല്‍ക്കത്തയില്‍ വച്ചാണ് സംഭവം. ബംഗാളി ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സ്വാസ്തിക ദത്ത. ഡ്രൈവറുടെ ഫോട്ടോ സഹിതം സംഭവത്തെക്കുറിച്ച് നടി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചതും പ്രതിയെ അറസ്റ്റ് ചെയ്തതും.

രാവിലെ വീട്ടില്‍ നിന്നു ഷൂട്ടിനായി സ്റ്റുഡിയോയിലേക്കു പോകാനാണ് താരം ഓണ്‍ലൈന്‍ വഴി ടാക്സി ബുക്ക് ചെയ്തത്. കാര്‍ വന്നപ്പോള്‍ താനതില്‍ കയറിയെന്നും ഡ്രൈവര്‍ പാതി വഴിയില്‍ വച്ച് തന്നോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടുവെന്നും താരം ഫെയ്സ്ബുക്കിൽ കുറിച്ചു. ഡ്രൈവറായ ജംഷദിന്റെ ഫോട്ടോയും ഫോണ്‍ നമ്പരും കാറിന്റെ നമ്പര്‍ പ്ലേറ്റിന്റെ ചിത്രവുമുൾപ്പടെയാണ് നടിയുടെ കുറിപ്പ്.

‘കാര്‍ നടുറോഡില്‍ നിര്‍ത്തി ആപ്പില്‍ ട്രിപ് ക്യാന്‍സല്‍ ചെയ്ത്, എന്നോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഞാന്‍ വിസമ്മതിച്ചപ്പോള്‍ കാര്‍ എതിര്‍വശത്തേക്കു തിരിച്ച് കൊണ്ടുപോകാനൊരുങ്ങി. അശ്ലീല ഭാഷയില്‍ സംസാരവും തുടങ്ങി. പെട്ടെന്നാണ് ഡോര്‍ തുറന്ന് അയാളെന്നെ തള്ളിയിറക്കിയത്’.– താരം കുറിച്ചു. രാവിലെ 8.15 മുതല്‍ 8.45 വരെയുള്ള സമയത്താണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയതത്രേ. തനിക്കാദ്യമായാണ് ഇത്തരമൊരു അനുഭവമെന്നും ആ ഷോക്കില്‍ നിന്ന് ഇപ്പോഴും മോചിതയായിട്ടില്ലെന്നും അവര്‍ പറയുന്നു.

Tags:
  • Bollywood