Saturday 26 September 2020 06:44 PM IST

'ഫോണ്‍ നോക്കിയിരിക്കുന്നത് കണ്ട് അച്ഛന്‍ പിടികൂടി, പ്രതീഷേട്ടന്റെ കാര്യത്തില്‍ സീരിയസാണെന്ന് മനസിലായതോടെ പ്രശ്‌നമായി'

Roopa Thayabji

Sub Editor

swa

‘തിരുവനന്തപുരം ഭരതന്നൂരിലാണ് എന്റെ വീട്. അച്ഛൻ നിത്യാനന്ദ സ്വാമി, അമ്മ ദീപ. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതലേ ഡാൻസ് പഠിക്കാൻ തുടങ്ങി. കിളിമാനൂർ രാജാ രവിവർമ സ്കൂളിലെ സിബിഎസ്ഇ കലോത്സവങ്ങളിലെ സ്ഥിരം ആളായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആങ്കറിങ് ചെയ്തു തുടങ്ങി. പിന്നെയാണ് പുതുമുഖങ്ങൾക്ക് വേണ്ടിയുള്ള ടിവി റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. അതിനു പിന്നാലെ ‘ചെമ്പട്ട്’ സീരിയലിൽ അഭിനയിക്കാൻ ചാൻസ് കിട്ടി. 

‘അയലത്തെ സുന്ദരി’ കഴിഞ്ഞാണ് ‘ഭ്രമണ’ത്തിൽ നായികയായത്. ആ സമയത്ത് തിരുവനന്തപുരം മാർ ഇവാനിയോസിൽ ഇംഗ്ലിഷ് ബിഎയ്ക്ക് ചേർന്നു. ഷൂട്ടിങ്ങിന്റെ തിരക്കിൽ അറ്റൻഡൻസ് പ്രശ്നമായപ്പോൾ കോഴ്സ് ഇടയ്ക്കുവച്ചു നിർത്തി. ഇപ്പോൾ കേരള യൂണിവേഴ്സിറ്റിയിൽ ഡിസ്റ്റന്റായി ഡിഗ്രി പഠിക്കുന്നു. 

ക്യാമറമാനായ പ്രതീഷിനെ ‘ഭ്രമണം’ സീരിയലിന്റെ സെറ്റിലേ ഞാൻ ശ്രദ്ധിച്ചിരുന്നു. വളരെ സൈലന്റാണ് കക്ഷി. അധികം ബഹളമൊന്നുമില്ലാത്ത രീതി. ഞാൻ പക്ഷേ, സെറ്റിൽ ഓടിച്ചാടി ബഹളം വച്ചു നടക്കുന്ന സ്വഭാവക്കാരിയാ. പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ആ സൗഹൃദമാണ് പ്രണയമായത്. ഒരേ സീരിയലിൽ തന്നെ വർക്ക് ചെയ്യുന്നതു കൊണ്ട് അധികമാരും അറിയാതെ സംഗതി രഹസ്യമാക്കി വച്ചു. 

എതിർപ്പുകളെ അലിയിച്ച സ്നേഹം

മൊബൈൽ ഫോണൊന്നും അധികം ഉപയോഗിക്കാത്ത ഞാൻ പരീക്ഷയ്ക്കിടയിലും ഫോണിൽ നോക്കിയിരിക്കുന്നതു കണ്ട് ഒരിക്കൽ അച്ഛൻ പിടികൂടി. പ്രതീഷേട്ടന്റെ കാര്യം പറഞ്ഞെങ്കിലും ആദ്യം അവർ തമാശയായേ എടുത്തുള്ളൂ. പക്ഷേ, സീരിയസ് ആണെന്നു മനസ്സിലായതോടെ വീട്ടിൽ പ്രശ്നമായി. ഫോൺ ഉപയോഗിക്കാൻ പോലും സമ്മതിക്കാതെ നിയന്ത്രണം വച്ചു. വീടിനു പുറത്തേക്കു പോലും വിടില്ല.

വീട്ടുതടങ്കലിന്റെ കാര്യം സീരിയലിന്റെ ലൊക്കേഷനിൽ അറിഞ്ഞതോടെയാണ് സെറ്റിലുള്ളവർ പോലും ഞങ്ങളുടെ പ്രണയം അറിഞ്ഞത്. ഇനി ബന്ധം തുടരില്ല എന്ന ഉറപ്പുവാങ്ങിയിട്ടാണ് അച്ഛൻ വീണ്ടും ‘ഭ്രമണ’ത്തിൽ അഭിനയിക്കാൻ വിട്ടത്. പക്ഷേ, അത്രമാത്രം പ്രശ്നമുണ്ടായിട്ടും ഞങ്ങളുടെ സ്നേഹത്തിന് ഒട്ടും കുറവു വരാതിരുന്നതോടെ ഒരു കാര്യം ഉറപ്പിച്ചു, ജീവിക്കുന്നെങ്കിൽ പ്രതീഷേട്ടന്റെ ഒപ്പം മാത്രം.

17

കാത്തു കാത്തിരുന്നൊടുവിൽ

പ്രണയം തുടങ്ങി രണ്ടരവർഷം കഴിഞ്ഞാണ് വിവാഹം നടത്താൻ തീരുമാനിച്ചത്. അപ്പോഴേക്കും ലോക്‌ഡൗൺ വന്നു. കൊട്ടും കുരവയും ആഘോഷവുമായി കുറേ സ്വർണമൊക്കെ ഇട്ട് ആർഭാടത്തോടെ നടത്തുന്ന കല്യാണത്തോടു പണ്ടേ രണ്ടുപേർക്കും താൽപര്യം ഇല്ലായിരുന്നു. അങ്ങനെയാണ് മേയ് 29 ന് ലളിതമായി തന്നെ കല്യാണം നടത്തിയത്. 

കല്യാണം കഴിഞ്ഞ് കുറച്ചുദിവസം എറണാകുളത്തു തന്നെ നിന്നു. പിന്നെ പാലക്കാട് നെന്മാറയിലെ പ്രതീഷേട്ടന്റെ വീട്ടിലേക്ക് പോയി. അവിടെ അച്ഛനും അമ്മയും ചേട്ടന്റെ സഹോദരന്റെ കുടുംബവുമൊക്കെയായി വലിയ കൂട്ടുകുടുംബമാണ്. നെല്ലും പശുവുമൊക്കെയുള്ള കർഷക കുടുംബം.  

കല്യാണം കഴിഞ്ഞ് ആറാം ദിവസം സീരിയലിന്റെ വർക്കിനായി പ്രതീഷേട്ടനു പോകേണ്ടി വന്നു. അടുത്ത സീരിയലിന്റെ ഷൂട്ടിങ് തുടങ്ങിയതോടെ ഞാനും തിരക്കിലായി. കല്യാണം കഴിഞ്ഞ് ആദ്യത്തെ ഓണമല്ലേ വരുന്നത്. എന്റെ കൈ കൊണ്ട് കുറച്ചു വിഭവങ്ങളൊക്കെ ഉണ്ടാക്കി കൊടുക്കണം. ഇതുവരെ പാവമായിരുന്ന പ്രതീഷേട്ടന്റെ ദേഷ്യമൊക്കെ അന്നു കാണേണ്ടി വരുമോ?’

ഫോട്ടോ: പൂജ ക്രിയേഷൻസ് (കരുനാഗപ്പള്ളി), ഷിനാസ് ഹക്കീം (ബിഗ് സ്റ്റോറീസ് വെഡ്ഡിങ് കമ്പനി)

Tags:
  • Celebrity Interview
  • Movies