Saturday 17 April 2021 10:53 AM IST : By സ്വന്തം ലേഖകൻ

വിവേകിന് കണ്ണീരഞ്ജലി അർപ്പിച്ച് തമിഴകം; കുടുബത്തോടൊപ്പം എത്തി സൂര്യ, വസതിയ്ക്ക് മുന്നിൽ തടിച്ചുകൂടി ആരാധകർ (വിഡിയോ)

vivek-suriya.jpg.image.845.440

തമിഴകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി കൊണ്ടാണ് ഹാസ്യസാമ്രാട്ട് വിട വാങ്ങുന്നത്. മരണവാർത്ത പുറത്തുവന്നതോടെ പ്രിയതാരത്തെ ഒരുനോക്കു കാണുവാൻ നൂറുകണക്കിന് ആളുകളാണ് അദ്ദേഹത്തിന്റെ വീടിനു മുന്നിൽ തടിച്ചു കൂടിയത്. നടൻ സൂര്യയും ജ്യോതികയും ഉൾപ്പെടെ സിനിമാ രംഗത്തുനിന്നുള്ള പ്രമുഖർ വിവേകിന് ആദരാഞ്ജലി അർപ്പിക്കാൻ അദ്ദേഹത്തിന്റെ വസതിയിലെത്തി.

സൗന്ദര്യത്തിനൊപ്പം ഹാസ്യവും  കൈകാര്യം ചെയ്യാനുള്ള മിടുക്കാണ് വിവേകിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയത്. സാമൂഹിക വിമർശനം കൂടി ഉൾക്കൊള്ളുന്നതായിരുന്നു വിവേകിന്റെ തമാശകൾ. കടുത്ത ആക്ഷേപഹാസ്യത്തിലൂടെ, സമൂഹത്തിൽ നിലനിൽക്കുന്ന പല മോശം പ്രവണതകളെയും അദ്ദേഹം വിമർശിച്ചു. സൂപ്പർതാരങ്ങൾക്കൊപ്പം മുഴുനീള കഥാപാത്രമായി സിനിമകളിൽ നിറഞ്ഞുനിന്നു വിവേക്. അഞ്ചുവട്ടം തമിഴ്നാട് സര്‍ക്കാരിന്‍റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടി. 2009 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

തൂത്തുക്കുടിയിലെ കോവിൽപട്ടിയിൽ 1961 നവംബർ 19 നാണ് വിവേകാനന്ദൻ എന്ന വിവേക് ജനിച്ചത്. മധുരയിലെ അമേരിക്കൻ കോളജിൽ നിന്നു കൊമേഴ്സിൽ ബിരുദമെടുത്ത വിവേക് ചെന്നൈയിൽ ജോലി ചെയ്യുന്ന കാലത്ത് മദ്രാസ് ഹ്യൂമർക്ലബിന്റെ സ്ഥാപകൻ പി.ആർ. ഗോവിന്ദരാജനാണ് ഇതിഹാസ സംവിധായകൻ കെ. ബാലചന്ദറിന് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. പിന്നീട് തിരക്കഥാ രചനയിലും മറ്റും ബാലചന്ദറിന്റെ സഹായിയായി.

1987 ൽ‌ മനതിൽ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെ ബാലചന്ദറാണ് വിവേകിനെ ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിച്ചത്. പിന്നീട് പുതുപുതു അർഥങ്കൾ, ഒരുവീട് ഇരുവാസൽ തുടങ്ങിയ ബാലചന്ദർ ചിത്രങ്ങളിലടക്കം ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 1990 കളിൽ തുടർച്ചയായി വൻഹിറ്റുകളുടെ ഭാഗമായ വിവേകിനെ പ്രേക്ഷകർ ഏറ്റെടുത്തു. ധാരാള പ്രഭു എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. ശങ്കർ–കമൽഹാസൻ ചിത്രം ഇന്ത്യന്‍ 2 വിലും വിവേകിനു വേഷമുണ്ടായിരുന്നു.

ടെലിവിഷൻ അവതാരകനായിരിക്കെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം, രജനികാന്ത് അടക്കമുള്ള പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങൾ ശ്രദ്ധേയമായിരുന്നു. ഇന്നലെ രാവിലെ ഷൂട്ടിംഗ് സെറ്റിൽവച്ചു വിവേക് കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ താരം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. പുലര്‍ച്ചെയായിരുന്നു മരണം. 59 വയസായിരുന്നു. ഭാര്യ: അരുൾസെൽവി. മക്കൾ: അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാർ. 

Tags:
  • Movies