Tuesday 05 February 2019 09:24 AM IST : By സ്വന്തം ലേഖകൻ

‘എനിക്കു കിട്ടിയ ആദരവിന്റെ അടയാളമാണിത്’! ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചിത്രം പങ്കുവെച്ച് താഹിറ

thahira

ബോളിവുഡിന്റെ യുവനായകനും ഭാഗ്യതാരവുമായ ആയുഷ്മാൻ ഖുരാനയുടെ ഭാര്യ താഹിറ കശ്യപിന് കാൻസർ സ്ഥിരീകരിച്ചത് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ആയുഷ്മാൻ തന്നെയാണ് പ്രിയപ്പെട്ടവളുടെ രോഗവിവരം ലോകത്തെ അറിയിച്ചത്. എന്നാൽ തന്നെ ബാധിച്ച അസുഖത്തിന്റെ കാഠിന്യം താഹിറയുടെ മനോബലം തകർത്തില്ല. രോഗത്തെക്കുറിച്ച് പറഞ്ഞും തല ക്ലീൻ ഷേവ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചും അനുകമ്പയുടെ ഭാരം അവർ കുടഞ്ഞു കളഞ്ഞു. ഇപ്പോഴിതാ ലോക കാൻസർ ദിനത്തിൽ തന്റെ ഏറ്റവും പുതിയ ചിത്രവും കുറിപ്പുമായി താഹിറ വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

‘ഇന്ന് എന്റെ ദിവസമാണ്’ എന്നാണ് താഹിറയുടെ കുറിപ്പ് തുടങ്ങുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള തന്റെ ഒരു ചിത്രവും ഇതോടൊപ്പം അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിൽ ശസ്ത്രക്രിയയുടെ പാട് വ്യക്തമായി കാണാം.

എനിക്ക് കിട്ടിയ ആദരവിന്റെ അടയാളമായാണ് ശരീരത്തിലെ ഓരോ പാടുകളേയും ഞാന്‍ കാണുന്നതെന്നാണ് താഹിറ പറയുന്നത്. ഈ ചിത്രത്തിലൂടെ എനിക്ക് ആഘോഷിക്കേണ്ടത് രോഗത്തെയല്ല, അതിനെ സഹിക്കാന്‍ ഞാന്‍ നേടിയ പ്രസരിപ്പിനെയാണെന്നും താഹിറ. ‘നിന്റെ പാടുകള്‍ മനോഹരമാണ്. നീ പുതുവഴി വെട്ടിത്തെളിച്ചവളാണ്. അര്‍ബുദം ഉണ്ടെന്ന് അറിയുമ്പോള്‍ തളര്‍ന്ന് പോകുന്ന ലക്ഷക്കണക്കിന് പേരെ നീ പ്രചോദിപ്പിക്കുന്നു’.– പ്രിയതമയുടെ ചിത്രത്തിന് ഖുരാനയുടെ കമന്റിങ്ങനെ.