Saturday 18 May 2019 11:20 AM IST : By സ്വന്തം ലേഖകൻ

കഷണ്ടി തലയും കട്ടിമീശയും, അധ്യാപകന്റെ വേഷത്തിൽ വിനയ് ഫോർട്ട്; ട്രെൻഡിങ്ങിൽ ഇടംനേടി ‘തമാശ’

Thamaasha

യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടി ‘തമാശ’യുടെ ടീസർ. വിനയ് ഫോർട്ട് നായകനാകുന്ന പുതിയ ചിത്രമാണ് ‘തമാശ’. അവതരണത്തിലും ശൈലിയിലും വ്യത്യാസം വരുത്തി രസകരമായി അവതരിപ്പിച്ച ടീസര്‍ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടി. യൂട്യൂബ് ട്രെൻഡിങ്ങിൽ നാലാമതാണ് തമാശ. കഷണ്ടി തലയും കട്ടി മീശയുമായി ഒരു കോളജ് അധ്യാപകന്റെ വേഷത്തിൽ എത്തുന്ന വിനയ് ഫോർട്ട് തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം. 

നവാഗതനായ അഷ്‌റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി എന്നിവരാണ് നായികമാരായി എത്തുന്നത്. കൂടാതെ നവാസ് വള്ളിക്കുന്ന്, അരുൺ കുര്യൻ, ആര്യ സാലിം എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രവുമാണ് തമാശ. മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയ സംവിധായകരായ സമീര്‍ താഹിർ, ലിജോ ജോസ് പെല്ലിശ്ശേരി, ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ്, നടന്‍ ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് നിർമാണ പങ്കാളികൾ.

സമീര്‍ താഹിറാണ് ഛായാഗ്രഹണം. റെക്‌സ് വിജയനും ഷഹബാസ് അമനും ചേര്‍ന്ന് സംഗീതം നിര്‍ഹിക്കുന്നു. വരികള്‍ എഴുതിയിരിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിന്‍ പരാരിയാണ്. എഡിറ്റിങ്: ഷഫീഖ് മുഹമ്മദ് അലി, കോസ്റ്റ്യം : മഷർ ഹംസ, ആർട്ട് : അനീസ് നാടോടി, മേക്കപ്പ് : ആർ.ജി വയനാടൻ, സ്റ്റിൽസ് : രാഹുൽ എം. സത്യൻ.