Friday 16 November 2018 04:31 PM IST : By സ്വന്തം ലേഖകൻ

‘ധനുഷും മാരി ശെൽവരാജും, വിജയ്ക്കൊപ്പം അറ്റ്ലി, കമലിന് കൂട്ട് ഡിക്യുവും സിമ്പുവും’; പ്രതീക്ഷ പരത്തുന്ന പുതിയ പ്രഖ്യാപനങ്ങളുമായി കോളിവുഡ്

thamil-new

ചർച്ചയാകുന്നതും സമൂഹത്തിന്റെ നേർമുഖം കാട്ടുന്നതുമായ മികച്ച സിനിമകളുമായി തമിഴ് സിനിമ കേരളത്തില്‍ വൻ വിജയവും കൈയടിയും സ്വന്തമാക്കുമ്പോൾ പ്രതീക്ഷ പരത്തുന്ന പുതിയ പ്രഖ്യാപനങ്ങളാണ് കോളിവുഡിൽ നിന്നു കേൾക്കുന്നത്. അതിൽ പ്രധാനം മാരി ശെൽവരാജ്–ധനുഷ്, അറ്റ്ലി–വിജയ്,കമൽഹാസൻ–ദുൽഖർ സൽമാൻ ചിത്രങ്ങളാണ്.

നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും സ്വന്തമാക്കി വന്‍ വിജയമായ പരിയേറും പെരുമാൾ ഒരുക്കിയ, സംവിധായകൻ മാരി ശെൽവരാജിന്റെ പുതിയ ചിത്രത്തിൽ ധനുഷ് നായകന്‍. ധനുഷ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ചിത്രം പ്രഖ്യാപിച്ചതു മുതൽ പ്രേക്ഷകരുടെ കാത്തിരിപ്പു തുടങ്ങി. നല്ല സിനിമകളെ സ്നേഹിക്കുന്ന ഒരു നടനും സംവിധായകനും ഒന്നിക്കുന്നു എന്നത് പ്രതീക്ഷകളെ ഇരട്ടിയാക്കുന്നു. “മികച്ച ഒരു ചലച്ചിത്രം അനുഭവം ആണ് പരിയേറും പെരുമാൾ. ചിത്രത്തിന്റെ മേക്കിങ്ങും, കഥാപാത്രങ്ങളുടെ പ്രകടനവും യഥാർത്ഥ ജീവിതത്തിലെ രംഗങ്ങളോട് ചേർന്ന് നിൽക്കുന്നു. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങൾ”.– ധനുഷ് ട്വിറ്ററിൽ കുറിച്ചിരുന്നു. ധനുഷിന്റെ താരത്തിളക്കം ഉപയോഗപ്പെടുത്താതെ, പൂർണ്ണമായും സംവിധായകന്റെ സിനിമയാണ് ഈ കൂട്ടകെട്ടിൽ പിറക്കുകയെന്നാണ് ലഭിക്കുന്ന സൂചനകൾ.

ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന എന്നെ നോക്കി പായും തോട്ട, സൂപ്പർ ഹിറ്റ് മാരിയുടെ രണ്ടാം ഭാഗം എന്നിവയാണ് ധനുഷിന്റെ വരും റിലീസുകൾ. തിയേറ്ററിൽ തുടരുന്ന താരത്തിന്റെ വട ചെന്നൈ വൻ വിജയമാണ്.

എ.ജി.എസ് എന്റര്‍ടൈന്‍മെന്റാണ് വിജയ്-അറ്റ്ലി ചിത്രം നിർമ്മിക്കുന്നത്. മെര്‍സലിന്റെ വിജയത്തിനു ശേഷം ഇരുവരും ഒരുമിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിയാണ്. എ.ആര്‍ റഹ്മാനാണ് സംഗീത സംവിധാനം. വിജയ് അഭിനയിക്കുന്ന 63–ാം സിനിമയാണിത്. അടുത്ത ദീപാവലി റിലീസായി തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല.

കമല്‍ഹാസന്റെ ഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗത്തിൽ ഉലകനായകനൊപ്പം ദുല്‍ഖര്‍ സല്‍മാനുമുണ്ടാകുമെന്നാണു റിപ്പോർട്ട്. സിമ്പു, കാജല്‍ അഗര്‍വാള്‍, അജയ് ദേവ്ഗണ്‍, നയന്‍താര എന്നീ പേരുകളും താരനിരയിൽ പറഞ്ഞു കേൾക്കുന്നു.

ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 കഴിഞ്ഞ വര്‍ഷം പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും ഛായാഗ്രഹണം രവി വര്‍മ്മനുമാണ്. ഹൈദരാബാദാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. തമിഴിന് പുറമെ തെലുങ്ക് ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഈ വര്‍ഷം ഡിസംബറില്‍ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് റിപ്പോർട്ട്.