Wednesday 20 March 2019 09:51 AM IST : By സ്വന്തം ലേഖകൻ

എന്താണ് കോമ്രേഡിനു പിന്നിലെ സത്യം! വിശദീകരണവുമായി ശ്രീകുമാർ മേനോൻ

comrade-new

ഇന്നലെ വൈകുന്നേരം മുതൽ സോഷ്യൽ മീഡിയയെ ആകാംക്ഷയുടെയും സംശയത്തിന്റെയും മുൾമുനയിൽ നിർത്തിയത് ഒരു പോസ്റ്ററാണ്. മോഹൻലാലിനെ രാഷ്ട്രീയ പ്രവർത്തകനായി ചിത്രീകരിച്ച, ‘ദ കോമ്രേഡ്’ എന്നു പേരു നൽകിയ ഈ ഡമ്മി പോസ്റ്റർ നിമിഷങ്ങൾക്കകം വൈറലായി. പോസ്റ്ററില്‍ സംവിധായകനായി വി എ ശ്രീകുമാർ മേനോന്റെ പേരും തിരക്കഥാകൃത്തായി ഹരികൃഷ്ണന്റെ പേരുമാണ് ചേർത്തിരിക്കുന്നത്. ഇതോടെ ഒടിയനു ശേഷം ഈ ടീം വീണ്ടുമൊന്നിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ എന്ന പേരിൽ പോസ്റ്റർ ആരാധകർ ഏറ്റെടുത്തു. അതോടെയാണ് ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി, ഫെയ്സ്ബുക്ക് പോസ്റ്റുമായി സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ രംഗത്തെത്തിയത്.

സംഗതി വ്യാജ വാർത്തയാണെന്ന് ശ്രീകുമാർ മേനോൻ വെളിപ്പെടുത്തി. ‘ഒടിയൻ’ എന്ന ചിത്രത്തിന്റെ ആലോചനകൾക്കു മുൻപ് താൻ ആലോചിച്ച സിനിമയാണ് ഇതെന്നും അതിന്റ ഭാഗമായി വരച്ച ചില സ്കെച്ചുകളാണ് ചിലരിപ്പോൾ പുറത്തുവിട്ടിരിക്കുന്നതെന്നും ഇതു പ്രചരിപ്പിക്കരുതെന്നും സംവിധായകൻ പറഞ്ഞു.

ശ്രീകുമാർ മേനോന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:

ഇന്ന് സോഷ്യൽ മീഡിയയിൽ, ഞാൻ ശ്രീ മോഹൻലാലിനെ നായകനാക്കി COMRADE എന്ന പേരിൽ സംവിധാനം ചെയുന്ന സിനിമയുടെ ചില പോസ്റ്ററുകൾ പ്രചരിക്കുകയുണ്ടായി. Creative പോസ്റ്റേഴ്സിന്റെ ഭാഗമായി ഈ രംഗത്തുള്ള എല്ലാവരും പല പ്രൊജക്റ്റുകളും ആലോചിക്കും. അതിൽ ചിലത് നടക്കും ചിലത് നടക്കില്ല. Comrade എന്ന ഈ പ്രൊജക്റ്റ് വളരെ മുൻപ് ആലോചിച്ചതാണ്, ഒടിയനും മുൻപേ. അതിന്റെ ഭാഗമായി വരച്ചു നോക്കിയ കോൺസെപ്റ്റ് സ്കെച്ചുകളാണ് ഇപ്പൊ ആരോ പുറത്തുവിട്ടിരിക്കുന്നത്. ഈ വാർത്ത യാഥാർഥ്യമല്ല. ലാലേട്ടൻ അറിയാത്ത വാർത്ത കൂടിയാണിത്. ഇത് പ്രചരിപ്പിക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇത് ആര് പുറത്തു വിട്ടതാണെങ്കിലും വർക്ക് എത്തിക്സിനു നിരക്കാത്ത പ്രവർത്തിയായിപ്പോയി.