Monday 13 March 2023 12:09 PM IST : By സ്വന്തം ലേഖകൻ

ആനക്കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച ബൊമ്മനും ബെല്ലയും; ഓസ്കറിൽ അഭിമാനനേട്ടവുമായി ‘ദ് എലിഫന്റ് വിസ്പറേർസ്’

elephanttttwhisss

95ാമത് ഓസ്കാർ വേദിയിൽ കാര്‍ത്തിനി ഗോണ്‍സാല്‍വെസ് സംവിധാനം ചെയ്ത ‘ദ് എലിഫന്റ് വിസ്പറേർസ്’ മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം നേടുമ്പോൾ ഇന്ത്യക്കാർക്കും ഇത് ആഹ്ളാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷം. മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്.

കൂട്ടം തെറ്റിയ ആനക്കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച ബൊമ്മനും ബെല്ലയും അവരുടെ ഓമനയായ രഘു എന്ന കുട്ടി ആനയുടെയും കഥയാണ് ‘ദ് എലിഫന്റ് വിസ്പറേർസ്’ പറയുന്നത്. തമിഴ്‌നാട് മുതുമലൈ ദേശീയോദ്യാനത്തിന്റെയും തേപ്പക്കാട് ആനസംരക്ഷണ കേന്ദ്രത്തിന്റെയും മനോഹാരിതയാണ് ഓരോ ഫ്രെയിമിലൂടെയും പങ്കുവയ്ക്കുന്നത്.

ഗോത്രവർഗക്കാരായ ബൊമ്മനും ബെല്ലയും, ഇവര്‍ വളര്‍ത്തുന്ന ആനക്കുട്ടികളുമാണ് ഹ്രസ്വചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഇവരുടെ കഥ കാര്‍ത്തിനി വെറും 41 മിനിറ്റിൽ പറഞ്ഞു തീർത്തപ്പോൾ പ്രേക്ഷകര്‍ക്കും ഇവർ പ്രിയപ്പെട്ടവരായി. ആദ്യ ഭർത്താവിന്റെയും മകളുടെയും മരണശേഷം ആനകളുടെ സംരക്ഷണം ഏറ്റെടുക്കുകയാണ് ബെല്ല. ആനക്കുട്ടികളുടെ സംരക്ഷണ ജോലി ചെയ്യുന്ന ഏക വനിതയാണ് ബെല്ല. 

തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലും കേരളത്തിലും കർണാടകത്തിലുമായാണ് മുതുമലൈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ‌ഏഷ്യയിലെ തന്നെ ഏറ്റവും പഴയ ആന സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ് മുതുലമയിലെ തേപ്പക്കാട്. കഴിഞ്ഞ 140 വർഷമായി കാട്ടിൽ ഒറ്റപ്പെട്ടു പോകുന്ന ആനകളെ ഇവിടെ സംരക്ഷിച്ചുപോരുന്നു. 

ഹാലൗട്ട്, ഹൗ ഡു യു മെഷർ എ ഇയർ തുടങ്ങിയ ലോക പ്രശസ്ത ഡോക്യുമെന്ററികളെ പിന്തള്ളിയാണ് ഇന്ത്യൻ ഹ്രസ്വചിത്രത്തിന്റെ നേട്ടം. നെറ്റ്ഫ്ലിക്സില്‍ ഈ ഹ്രസ്വ ചിത്രം കാണാനാകും. ഗുനീത് മോംഗ ആണ് നിര്‍മാണം. ഗുനീത് മോംഗയുടെ രണ്ടാമത്തെ ഓസ്കർ നേട്ടമാണിത്. 2019 ഓസ്കറിൽ ഗുനീത് നിർമിച്ച ‘പീരിഡ് എൻഡ് ഓഫ് സെന്റെൻസ് എന്ന ഡോക്യുമെന്ററിക്ക് മികച്ച ഡോക്യുമെന്ററി ഷോർട്ട് സബ്ജക്ട് വിഭാഗത്തിൽ ഓസ്കർ ലഭിച്ചിരുന്നു.

Tags:
  • Movies