Monday 15 October 2018 04:38 PM IST : By സ്വന്തം ലേഖകൻ

‘തേവർ മകന്‍’ വീണ്ടും; രണ്ടാം ഭാഗം ഉറപ്പ് നൽകി കമൽ

thevar-magan

കമൽ ഹാസനും ശിവാജി ഗണേശനും ഭരതനും ഒന്നിച്ച തേവർ മകൻ തമിഴ് സിനിമയിലെ ക്ലാസിക്കാണ്. 1992 ൽ തിയേറ്ററിലെത്തിയ ചിത്രം രേവതിയ്ക്ക് മികച്ച സഹനടിക്കുളള ദേശീയപുരസ്ക്കാരവും ആ വര്‍ഷത്തെ മികച്ച തമിഴ് ചിത്രത്തിനുള്ള രജത കമലവും ഉള്‍പ്പടെ അഞ്ച് ദേശീയ പുരസ്കാരങ്ങളാണ് കരസ്ഥമാക്കിയത്. കമൽഹാസന്റെ തിരക്കഥയില്‍, ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിൽ കമൽ അവതരിപ്പിച്ച ശക്തി വേൽ എന്ന നായകകഥാപാത്രത്തിന്റെ അച്ഛൻ വേഷത്തിലായിരുന്നു ശിവാജി ഗണേശൻ. ഗൗതമിയും രേവതിയുമാണ് നായികമാർ. ഇതാ പതിറ്റാണ്ടുകൾക്ക് ശേഷം തേവർമകന് രണ്ടാം ഭാഗം വരുന്നു. കമൽ തന്നെയാണ് വിവരം വ്യക്തമാക്കിയത്.

ഇരുനൂറോളം ദിവസം തിയേറ്ററുകളില്‍ വിജയകരമായി പ്രദർശിപ്പിച്ച സിനിമ പിന്നീട് ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും പുനര്‍നിര്‍മ്മിക്കപ്പെട്ടു. തമിഴ് നാട്ടിലെ തേവര്‍ സമുദായത്തില്‍പ്പെട്ട ഒരു കുടുംബത്തിന്റെ രണ്ടു തലമുറകളുടെ കഥ പറഞ്ഞ സിനിമയുടെ രണ്ടാം ഭാഗം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.