Friday 25 May 2018 11:22 AM IST : By സ്വന്തം ലേഖകൻ

‘രഘുവിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടേ...’; തൂത്തുക്കുടി വെടിവെയ്പിൽ ജീവൻ വെടിഞ്ഞ ആരാധകന് ധനുഷിന്റെ അന്ത്യാഞ്ജലി

dn

തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് വിരുദ്ധപ്രക്ഷോഭത്തിൽ തമിഴ്‍നാട് കത്തുകയാണ്. സാധാരണക്കാർക്കു നേരെ നിർദാക്ഷിണ്യം നിറയൊഴിച്ച പൊലീസിന്റെ കിരാത നടപടിക്കെതിരെ നാടെങ്ങും പ്രതിഷേധ സ്വരങ്ങൾ ഉയർന്നു കഴിഞ്ഞു. വെടിവയ്പില്‍ പരുക്കേറ്റു ചികില്‍സയിലായിരുന്ന ഒരാള്‍ക്കൂടി മരിച്ചതോടെ ആകെ മരണം 13 ആയി എന്നത് ആ ദുരന്തത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു.

മരണപ്പെട്ടവരിൽ ധനുഷിന്റെ കടുത്ത ആരാധകനായ കാളിയപ്പൻ എന്ന രഘുവും ഉൾപ്പെട്ടിട്ടുണ്ടെന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. അകാലത്തിൽ പൊലിഞ്ഞ തന്റെ ആരാധകന് അന്ത്യാഞ്ജലി അർപ്പിച്ച് ധനുഷ് രംഗത്തെത്തിയിട്ടുണ്ട്.

“ധനുഷ് വെല്‍ഫെയര്‍ അസോസിയേഷന്‍ മെംബര്‍ ആയ കാളിയപ്പന്‍ എന്ന എസ്.രഘുവിന്റെ മരണം എന്നെ വല്ലാതെ ഞെട്ടലിലാഴ്ത്തി. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അനുശോചനങ്ങള്‍ അറിയിക്കുന്നു. ഇന്ത്യയിലേക്ക് മടങ്ങി വന്നതിന് ശേഷം ആ കുടുംബത്തെ നേരിട്ട് പോയി കാണും. രഘുവിന്റെ ആത്മാവിന് ശാന്തി കിട്ടട്ടെ.”, എന്ന് ധനുഷ് ട്വിറ്ററില്‍ കുറിച്ചു.

ദാരുണമായി വെടിയേറ്റ്‌ പിടയുന്ന കാളിയപ്പന്‍റെ നേര്‍ക്ക്‌ പൊലീസ് ആക്രോശിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘അവന്‍ അഭിനയിക്കുകയാണ്, അഭിനയിക്കുന്നത് നിര്‍ത്തിക്കോ’, എന്ന് പൊലീസുകാര്‍ ശബ്ദമുയര്‍ത്തുന്നത് വീഡിയോയില്‍ കേള്‍ക്കാം.

പൊലീസ് വെടിവയ്‌പില്‍ പരുക്കേറ്റ കാളിയപ്പനെ തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല

പൊലീസ് വെടിവയ്‌പില്‍ മരിച്ചവര്‍ക്ക് വേണ്ടി തമിഴ് സിനിമാ സാംസ്കാരിക മേഖലയിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നടൻ രജനികാന്ത്, വിജയ് ഉൾപ്പെടെയുള്ളവർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.

നേരത്തെ സംഭവത്തിൽ പ്രതിഷേധിച്ച് ധനുഷും രംഗത്തെത്തിയിരുന്നു.

`സ്റ്റെർലൈറ്റ് പ്ലാന്റിനെതിരെ പ്രതിഷേധിക്കുന്നവരുടെ വികാരങ്ങള്‍ മാനിക്കപ്പെടണം. അവര്‍ക്ക് നീതി ലഭിക്കണം. ഈ സംഭവത്തിന്‌ കാരണക്കാരായവര്‍ ശിക്ഷിക്കപ്പെടണം.”, ചൊവ്വാഴ്ച ഈ സംഭവം നടന്നതിന്റെ പാശ്ചാത്തലത്തില്‍ ധനുഷ് ട്വിറ്ററില്‍ പറഞ്ഞിരുന്നു`.

തന്റെ പുതിയ ചിത്രമായ ‘ദി എക്സ്ട്രാ ഓര്‍ഡിനറി ജേർണി ഓഫ് എ ഫക്കീര്‍’ എന്ന ചിത്രത്തിന്‍റെ പ്രചാരണവുമായി ബന്ധപ്പെട്ടു വിദേശത്താണ് ധനുഷ് ഇപ്പോള്‍.