Monday 15 October 2018 11:54 AM IST : By സ്വന്തം ലേഖകൻ

ഇനി ‘തൊട്ടപ്പൻ’; ‘കിസ്മത്ത്’ സംവിധായകന്റെ വിനായകൻ ചിത്രം തുടങ്ങി

thottappan

ഹാസ്യ,വില്ലൻ വേഷങ്ങളിൽ കുടുങ്ങിക്കിടന്ന വിനായകനെ നടനെന്ന നിലയിൽ അടയാളപ്പെടുത്തിയതും പ്രേക്ഷക ശ്രദ്ധയിലേക്കെത്തിച്ചതും കമ്മട്ടിപ്പാടമാണ്. ചിത്രത്തിലെ ഗംഗയെന്ന ഗംഗാധരൻ മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം വിനായകന്റെ കൈകളിലെത്തിച്ചു. തുടർന്ന് വന്ന ആട് ടുവിലെ ദാമോദരൻ ഉണ്ണി മകൻ ഡെൽമൻ ഇടക്കൊച്ചിയെന്ന ഡ്യൂഡും വിനായകന്റെ ജനപ്രീതി ഇരട്ടിയാക്കി. ഇപ്പോൾ വിനായകൻ നായകനാകുന്ന രണ്ട് ചിത്രങ്ങളുടെ അണിയറ പ്രവർത്തനങ്ങൾ സജീവമാകുകയാണ്. കരിന്തണ്ടനും തൊട്ടപ്പനും. ഇതിൽ തൊട്ടപ്പൻ കൊച്ചിയിൽ ചിത്രീകരണം തുടങ്ങി. സർപ്രൈസ് ഹിറ്റായ കിസ്മത്തിന് ശേഷം ഷാനവാസ് എം ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്റെ തിരക്കഥയെഴുതുന്നത് പി.എസ് റഫീക്കാണ്. ഫ്രാൻസിസ് നൊറോണയുടെതാണ് കഥ. എറണാകുളം വാരാപ്പുഴ കടമാക്കുടിയാണ് പ്രധാന ലൊക്കേഷൻ. നവാഗതയായ പ്രിയംവദയാണ് നായിക.