Wednesday 19 January 2022 09:18 AM IST : By സ്വന്തം ലേഖകൻ

‘തുറമുഖം’ കാണാന്‍ ഇനിയും കാത്തിരിക്കണം...: ചിത്രത്തിന്റെ റിലീസ് നീട്ടി

nivin-pauly

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ, നിവിന്‍ പോളി നായകനാകുന്ന ‘തുറമുഖം’ റിലീസ് നീട്ടി. ജനുവരി 20 നു റിലീസ് പ്രഖ്യാപിച്ചിരുന്നതാണ് ചിത്രം.

‘പിന്‍തലമുറയുടെ വിസ്‍മരിക്കപ്പെട്ട പരിത്യാഗങ്ങളെയും വീരോചിതമായ പോരാട്ടങ്ങളെയും അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് തുറമുഖം. വ്യക്തികളുടെ ജയപരാജയങ്ങളേക്കാള്‍ വലിയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രതിബദ്ധതയ്ക്ക് പ്രാധാന്യമുണ്ടായിരുന്ന ഒരു കാലം. നമ്മുടെ ആഗ്രഹങ്ങള്‍ക്കപ്പുറത്ത്, എന്നാല്‍ വലിയ ലക്ഷ്യത്തിനുവേണ്ടിയുള്ള ചില പ്രവര്‍ത്തികളാണ് ഈ കാലവും ആവശ്യപ്പെടുന്നത്. തുറമുഖത്തിന്‍റെ റിലീസ് ഒരിക്കല്‍ക്കൂടി നീട്ടാന്‍ കൊവിഡ് സാഹചര്യം ഞങ്ങളെ നിര്‍ബന്ധിതരാക്കിയിരിക്കുന്നു. ഇപ്പോഴത്തെ കൊവിഡ് വര്‍ധനയ്ക്ക് ശമനമുണ്ടായി, സിനിമാ തിയറ്ററുകളിലേക്ക് നമുക്ക് സുരക്ഷിതമായും ആരോഗ്യകരമായും പോവാനാവുന്ന സാഹചര്യം ഉണ്ടാവുന്നവരേയ്ക്കും നാം കാത്തിരുന്നേ മതിയാവൂ. ആ ദിനങ്ങള്‍ ഏറെ അകലെയല്ലെന്ന് ഞങ്ങള്‍ കരുതുന്നു’.– റിലീസ് തീയതി മാറ്റിയതുമായി ബന്ധപ്പെട്ട് തുറമുഖം ടീം പുറത്തിറക്കിയ കുറിപ്പ് ഇങ്ങനെ.

കെ.എം ചിദംബരത്തിന്റെ നാടകത്തെ ആസ്‍പദമാക്കി ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മകന്‍ ഗോപന്‍ ചിദംബരമാണ്. നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി എന്നിങ്ങനെ വലിയ താരനിര ചിത്രത്തിലുണ്ട്.