Monday 24 September 2018 04:30 PM IST : By സ്വന്തം ലേഖകൻ

തിലകനില്ലാത്ത ആറു വർഷങ്ങൾ

t-1

തിലകനില്ലാത്ത ആറു വർഷങ്ങൾ കടന്നു പോയി. മലയാള സിനിമ എത്ര മുന്നോട്ട് പോയാലും ഇനി ഒരിക്കലും ആവർത്തിക്കാൻ സാധ്യതയില്ലാത്ത, ഉൾക്കരുത്തുള്ള ഒരു കൂട്ടം കഥാപാത്രങ്ങളെ അവശേഷിപ്പിച്ചുള്ള മടക്കം... ആരായിരുന്നു തിലകൻ, എന്തായിരുന്നു ആ നടന്റെ പ്രസക്തി ? അതിന് മറുപടി പറയേണ്ടത് കൊച്ചുവാവയും, ചാക്കോ മാഷും, ജസ്റ്റിസ് പിള്ളയും, പോള്‍ പൈലോക്കാരനും, പെരുന്തച്ചനും, കേശവന്‍ നായരും, തമ്പിയും, വക്കച്ചനും, അച്യുതൻ നായരും, നടേശന്‍ മുതലാളിയും, കരീം ഭായിയും, അച്യുത മേനോനുമൊക്കെയാണ്, അതായത് തിലകൻ രൂപവും ജീവനും നൽകി പകരക്കാർക്ക് പഴുതില്ലാതെ അവതരിപ്പിച്ച് ഫലിപ്പിച്ച എണ്ണമറ്റ കഥാപാത്രങ്ങൾ... ഈ കഥാപാത്രങ്ങൾ സാക്ഷ്യം പറയും എന്തുകൊണ്ട് തിലകനെ മഹാനടൻ എന്ന് സംശയലേശമന്യേ വിളിക്കുന്നു എന്ന്.

സുരേന്ദ്രനാഥ തിലകൻ എന്ന തിലകൻ നാടകത്തിന്റെ അരങ്ങിൽ നിന്നാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കയറി നിന്നത്.

t4

സ്കൂൾ നാടകങ്ങളിലൂടെ കലാരംഗത്തേക്ക് കടന്ന തിലകൻ 1956-ൽ പഠനം ഉപേക്ഷിച്ചു. ശേഷം, 10,000 ത്തോളം വേദികളും 43 നാടകങ്ങളുടെ സംവിധാനവുമായി കലാജീവിതത്തിൽ മുഴുകി.

മുണ്ടക്കയം നാടകസമിതി തിലകന്റെ സ്വന്തം സംഘമായിരുന്നു. കെ.പി.എ.സി, കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത, പിജെ ആന്റണി നാടകസമിതി തുടങ്ങിയയിടങ്ങളിലും തിലകനുണ്ടായിരുന്നു.

1972-ൽ പെരിയാർ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിലൂടെയാണ് സിനിമയിലെ തുടക്കം. 1981-ൽ പ്രദർശനത്തിനെത്തിയ കോലങ്ങളിലെ ലെ കള്ളുവർക്കി ശ്രദ്ധേയമായി. തുടർന്ന് ‘യവനിക’, ‘പെരുന്തച്ചൻ’, ‘കിരീടം’, ‘പവിത്രം’, ‘അനിയത്തിപ്രാവ്’, ‘മീനത്തിൽ താലിക്കെട്ട്’, ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’, ‘ഇവിടം സ്വർഗ്ഗമാണ്’, ‘പഴശ്ശിരാജ’, ‘പ്രജാപതി’, ‘മൂന്നാംപക്കം’, ‘സ്ഫടികം’, ‘കാട്ടുകുതിര’, ‘ഗമനം’, ‘സന്താനഗോപാലം’, ‘ഋതുഭേദം’, ‘ഉസ്താദ് ഹോട്ടൽ’, ‘ഇന്ത്യൻ റുപ്പീ’ തുടങ്ങി 300 റോളം സിനിമകളിൽ വ്യത്യസ്ത കഥാപാത്രങ്ങളായി തിളങ്ങിയ തിലകൻ തമിഴ്- തെലുങ്ക് സിനിമകളിലും സാന്നിധ്യമറിയിച്ചിരുന്നു.

t2

‘കാട്ടുകുതിര’യിലെ കൊച്ചുവാവ, ‘സ്ഫടിക’ത്തിലെ ചാക്കോ മാഷ്, ‘കിലുക്ക’ത്തിലെ ജസ്റ്റിസ് പിള്ള, ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളി’ലെ പോള്‍ പൈലോക്കാരന്‍, ‘മൂക്കില്ലാരാജ്യത്തി’ലെ കേശവന്‍ നായര്‍, ‘മൂന്നാം പക്ക’ത്തിലെ തമ്പി, ‘യവനിക’യിലെ വക്കച്ചന്‍, ‘കിരീട’ത്തിലെ പൊലീസുകാരനായ അച്യുതൻ നായർ, ‘കണ്ണെഴുതി പൊട്ടുംതൊട്ടി’ലെ നടേശന്‍ മുതലാളി, ‘ഉസ്താദ് ഹോട്ടലി’ലെ കരീം ഭായ്, ‘ഇന്ത്യന്‍ റുപ്പീ’യിലെ അച്യുത മേനോൻ തുടങ്ങിയ എത്രയെത്ര പകർന്നാട്ടങ്ങൾ.

t3

‘ഏകാന്തം’ എന്ന ചിത്രത്തിന് 2006 ലും ‘ഉസ്താദ് ഹോട്ടൽ’ എന്ന ചിത്രത്തിന് 2012 ലും ദേശീയജൂറിയുടെ പ്രത്യേക പരാമർശം തിലകനെ തേടിയെത്തി. 1986ൽ ‘ഇരകൾ’ എന്ന ചിത്രത്തിലെ അഭിനയത്തിനും 1990 ൽ ‘പെരുന്തച്ചൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനും മികച്ച നടനുള്ള ദേശീയപുരസ്കാരത്തിന് തിലകൻ പരിഗണിക്കപ്പെട്ടിരുന്നു. 1988-ൽ‘ഋതുഭേദം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയപുരസ്കാരവും തിലകനെ തേടിയെത്തി. 2009 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 1990 ൽ പെരുന്തച്ചനും 1994 ൽ ഗമനം, സന്താന ഗോപാലം എന്നീ ചിത്രങ്ങൾക്കും മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം തിലകനാണ് ലഭിച്ചത്. ഫിലിം ഫെയറിന്റെതുൾപ്പടെ മറ്റ് നിരവധി പുരസ്ക്കാരങ്ങളും അഭിനയത്തിന്റെ ഈ പെരുന്തച്ചനെ തേടിയെത്തിയിട്ടുണ്ട്. 2013 ൽ തിയേറ്ററിലെത്തിയ ഗോഡ് ഫോർ സെയിലാണ് അവസാന ചിത്രം. സിനിമയിൽ സജീവമായപ്പോഴും നാടകത്തെ അദ്ദേഹം കൈവിട്ടിരുന്നില്ല.

വ്യക്തി ജീവിതത്തിൽ കരുത്തുള്ള നിലപാടുകളായിരുന്നു തിലകനെ വേറിട്ട് നിർത്തിയത്. ഒന്നിനു വേണ്ടിയും തന്റെ വിശ്വാസങ്ങളില്‍ നിന്ന് തിലകൻ പിന്നോട്ട് നീങ്ങിയില്ല. ഇത് തിലകന്റെ ജീവിതത്തിൽ നഷ്ടങ്ങളുടെയും വിവാദങ്ങളുടെയും ഘോഷയാത്ര സൃഷ്ടിച്ചു. അപ്പോഴും ഒതുങ്ങി മാറൽ തിലകന്റെ അജണ്ടയിലുണ്ടായിരുന്നുന്നില്ല. ഒടുവിൽ കലാപങ്ങളും കലയിലെ മേച്ചിലിടങ്ങളും ഉപേക്ഷിച്ച് 2012 സെപ്തംബർ 24 ന് 77– ാം വയസ്സിൽ അദ്ദേഹം മരണത്തെ പുണർന്നു, കെട്ടിയാടാൻ ആയിരക്കണക്കിന് കഥാപാത്രങ്ങള്‍ ബാക്കിയാക്കി...