Friday 29 March 2019 11:28 AM IST

‘ആ പ്രചരണം തെറ്റാണ്, ഞാൻ പ്രതികരിക്കാതിരുന്നതിനാല്‍ ശരിയാണെന്നു വ്യാഖ്യാനിക്കപ്പെട്ടു’! കട്ടക്കലിപ്പുള്ള മെക്സിക്കൻ വിശേഷങ്ങളുമായി ടോം ഇമ്മട്ടി

V.G. Nakul

Sub- Editor

mexican

‘‘ഒരു മെക്സിക്കന്‍ അപാരത’ ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ അവരുടെ ക്യംപസ് ഓര്‍മ്മകളിലേക്കു തിരികെപ്പോകണമെന്നതായിരുന്നു എന്റെ ലക്ഷ്യം. കാരണം, നൊസ്റ്റാള്‍ജിയ അത്രയും ശക്തമായ ഒരു സംഗതിയാണ്. പഠിക്കുന്ന കാലത്ത് ഒരു ഹാന്‍ഡി ക്യാമില്‍ ആരോ പകര്‍ത്തി വച്ച വാലും തലയുമില്ലാത്ത കുറേ കലാലയ ദൃശ്യങ്ങള്‍, വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കാണും പോലെയൊരു കൗതുകം കാണികളിലുണ്ടാകണമെന്നതായിരുന്നു ചിന്ത’’.

m1

മലയാള സിനിമയില്‍, ക്യംപസിന്റെ നൊസ്റ്റാള്‍ജിയയും ക്ഷുഭിത യൗവനങ്ങളുടെ വിപ്ലവ മോഹവും പങ്കുവച്ച ആദ്യ ന്യൂജനറേഷന്‍ പൊളിറ്റില്‍ എന്റര്‍ടെയ്നര്‍ ‘ഒരു മെക്സിക്കന്‍ അപാരത’ യുടെ വിശേഷങ്ങള്‍ വനിത ഓണ്‍ലൈന്‍ ‘തിര’ഞ്ഞെടുപ്പി’ നു വേണ്ടി സംവിധായകന്‍ ടോം ഇമ്മട്ടി പറഞ്ഞു തുടങ്ങിയതിങ്ങനെ.
കട്ടക്കലിപ്പുള്ള ക്യാമ്പസ് രാഷ്ട്രീയവും പ്രണയവും സൗഹൃദവുമൊക്കെ യുവത്വത്തിന്റെ സിരകളില്‍ അഗ്നി പകരും വിധം അവതരിക്കപ്പെട്ടപ്പോള്‍, മറ്റൊരു സൂപ്പര്‍ഹിറ്റും ടൊവിനോ തോമസെന്ന യുവനായകനും മലയാളികള്‍ക്കു സ്വന്തമായി...സ്ക്രീനില്‍ കണ്ട അതേ ആവേശം ആ രംഗങ്ങള്‍ക്കു രൂപം നല്‍കുമ്പോഴും തനിക്കുണ്ടായിരുന്നുവെന്ന് ടോം പറയുന്നു.

എന്റെ അനുഭവങ്ങള്‍

സിനിമ റിലീസാകും വരെ പ്രേക്ഷകര്‍ ഇതെങ്ങനെ സ്വീകരിക്കുമെന്ന ചെറിയ ആശങ്കയുണ്ടായിരുന്നു. അതോടൊപ്പം തന്നെ, എന്തും അഭിമുഖീകരിക്കാം എന്നോരു ധൈര്യവുമുണ്ടായി. തൃശൂര്‍ സെന്റ ് തോമസിലും ഇരിങ്ങാലക്കുട ക്രൈസ്റ്റിലുമാണ് ഞാൻ പഠിച്ചത്. അക്കാലത്ത് ക്യംപസ് പൊളിറ്റിക്സിൽ സജീവമായിരുന്നു. ചുവരെഴുത്തും ചിത്രം വരയും ഇലക്ഷന് മത്സരിക്കലുമൊക്കെയായി ഒരു കാലം... അതിന്റെ ഓര്‍മ്മകളും അനുഭവങ്ങളുമൊക്കെയാണ് മെക്സിക്കന്‍ അപാരതയില്‍ കൂടുതലും വന്നിട്ടുള്ളത്. കൊച്ചനിയന്‍ എന്ന ഫാന്റസിയൊഴികെ, ആ സിനിമയിലെ ഓരോ കാര്യങ്ങളും യഥാര്‍ത്ഥത്തില്‍ സംഭവിച്ചവയാണെന്നർത്ഥം. പല പല കോളേജുകളിലായി എന്റെ സുഹൃത്തുക്കള്‍ നേരിട്ടതോ കണ്ടതോ ഒക്കെയായ കാര്യങ്ങളും അതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

ഒരു ചെ ഫാന്‍

ഞാനൊരു ചെഗുവേര ഫാനാണ്. മറഡോണയെയും വലിയ ഇഷ്ടമായിരുന്നു. ഇവര്‍ രണ്ടു പേരും അര്‍ജന്റീനക്കാരാണെന്നൊക്കെ പിന്നീടാണറിയുന്നത്. ആ ഇഷ്ടം എങ്ങനെയുണ്ടായി എന്നൊന്നുമറിയില്ല. മെക്സിക്കോയില്‍ വച്ചാണല്ലോ ചെ ഫിദല്‍ കാസ്ട്രോയെ കാണുന്നതും അദ്ദേഹത്തിന്റെ ജീവിതം മറ്റൊരു തരത്തിലേക്കു മാറുന്നതുമൊക്കെ. അത്തരമൊരു കണ്‍സപ്ടാണ് മെക്സിക്കന്‍ അപാരതയില്‍ ഉപയോഗിക്കാന്‍ ശ്രമിച്ചത്. മെക്സിക്കന്‍ അപാരതയുടെ ബേസിക് കഥ അതാണ്. മെക്സിക്കോ എന്ന റൂമില്‍ വച്ച്, കൊച്ചനിയനെന്ന ഫാന്റസിയുമായി സംസാരിച്ച്, നായകനായ പോളിന്റെ ചിന്തകള്‍ മാറുന്നതാണല്ലോ സിനിമയില്‍ കാണിക്കുന്നത്.

അത് പച്ചക്കള്ളം

കുടുംബപ്രേക്ഷകരുടെ കണ്ണിലൂടെ നോക്കുമ്പാഴാണ് മെക്സിക്കന്‍ അപാരതയില്‍ വയലന്‍സാണ് കൂടുതല്‍ എന്നു തോന്നുന്നത്. യൂത്തിന്റെ കാഴ്ചപ്പാടില്‍ അത് വിപ്ലവമാണ്. സുഹൃത്തിനു വേണ്ടി ചോര കൊടുക്കാന്‍ തയാറാകുന്നവരുടെ കഥയാണ്് മെക്സിക്കന്‍ അപാരത. അതിനെ വയലന്‍സ് എന്ന് പറയാനാകുമോ...? പിന്നെ, മെക്സിക്കന്‍ അപാരത മഹാരാജാസില്‍ ജയിച്ച കെ.എസ്.യുക്കാരന്റെ കഥയാണെന്നും സിനിമ വിജയിക്കാന്‍ വേണ്ടി മറു പക്ഷത്തിന്റെതാക്കിയതാണന്നുമൊക്കെയുള്ള പ്രചരണം തീര്‍ത്തും തെറ്റാണ്. അങ്ങനെയെങ്കില്‍ സിനിമയ്ക്ക് മെക്സിക്കന്‍ അപാരത എന്ന പേരിടില്ലല്ലോ. അത് ആരൊക്കെയോ ചേര്‍ന്ന് പറഞ്ഞു പരത്തിയതാണ്. ഞാനന്ന് പ്രതികരിക്കാതിരുന്നതിനാല്‍ അത് ശരിയാണെന്നു വ്യാഖ്യാനിക്കപ്പെടുകയായിരുന്നു.

m2

ശരിക്കും എണ്‍പതുകളിലെ കഥയാണ് മെക്സിക്കന്‍ അപാരതയിലൂടെ പറയണമെന്നു കരുതിയത്. അങ്ങനെയാണ് കൊച്ചനിയന്‍ എന്ന കഥാപാത്രമുണ്ടായതും. ബജറ്റുമായി ബന്ധപ്പെട്ട് അത് സാധിക്കാതെ വന്നപ്പോഴാണ് കഥ രണ്ടായിരത്തിലേക്കു മാറ്റിയത്. ഈ സിനിമയ്്ക്കായി ഞാനാദ്യം കണ്ടെത്തിയത് തന്നെ ‘ഒരു മെക്സിക്കന്‍ അപാരത’ എന്ന പേരാണ്. ആ പേരില്‍ നിന്നാണ് സിനിമ വികസിച്ചതും. പിന്നെങ്ങിനെയാണ് കഥ മാറ്റി എന്നൊക്കെ പറയുന്നത്.

ഭീഷണി വിളികള്‍

ഞാനാദ്യം അസിസ്റ്റന്റായത് ടൊവിനോ അഭിനയിച്ച ‘യൂ ടൂ ബ്രൂട്ടസ്’ എന്ന സിനിമയിലാണ്. അങ്ങനെയാണ് ഞങ്ങള്‍ സുഹൃത്തുക്കളായത്. അപ്പോഴൊക്കെ ഒരുമിച്ച് ഒരു നല്ല സിനിമ ചെയ്യുന്നതിനെക്കുറിച്ച് അവന്‍ പറയുമായിരുന്നു. തുടക്കത്തില്‍ നിര്‍മാതാക്കളെ കണ്ടെത്താനൊക്കെ പ്രയാസമുണ്ടായിരുന്നു. പക്ഷേ സിനിമ നന്നായി വരുമെന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു. സിനിമയുടെ ട്രെയിലര്‍ റിലീസായപ്പോള്‍ ഭീഷണികളൊക്കെ വന്നിരുന്നു. ആരൊക്കെയോ വിളിച്ച് തെറി പറഞ്ഞു. ആദ്യം ഷോക്കായെങ്കിലും പിന്നീട് വലിയ ശ്രദ്ധ കൊടുത്തില്ല. ഇപ്പോള്‍ ക്യാമ്പസ് പൊളിറ്റിക്സ് തീരെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണല്ലോ. രണ്ടു വര്‍ഷം കൂടി കഴിഞ്ഞാണ് ‘ഒരു മെക്സിക്കന്‍ അപാരത’ ചെയ്തിരുന്നതെങ്കില്‍ ആ സിനിമ ചിലപ്പോള്‍ പുതിയ തലമുറയ്ക്ക് മനസിലാകുമായിരുന്നില്ല. എന്റെ തലമുറയുടെ ക്യാമ്പസ് അനുഭവങ്ങളാണ് മെക്സിക്കന്‍ അപാരതയിലുള്ളത്. അതുകൊണ്ടാണ് ആ തലമുറയില്‍ പെട്ട പലര്‍ക്കും അത് തങ്ങളുടെ കഥയാണെന്നാണ് തോന്നിയത്.....