Thursday 06 September 2018 04:44 PM IST : By സ്വന്തം ലേഖകൻ

‘പ്രളയസമയത്ത് കൂടെ നിന്നതിന്റെ പേരിൽ പടം കാണില്ല’; കമന്റിന് ടൊവിനോ കൊടുത്ത മാസ് മറുപടി

tovino

പ്രളയകാലത്ത് മലയാളക്കര ദർശിച്ച നന്മമനസുകളിലൊന്നായിരുന്നു നടൻ ടൊവിനോ തോമസ്. താരജാഡകൾ ലവലേശം തൊട്ടു തീണ്ടാതെ ദുരിതബാധിതരുടെ അടുത്തേക്ക് ഓടിയെത്തിയ താരം യഥാർത്ഥ ജീവിതത്തിലും ഹീറോയാണെന്ന് തെളിയിക്കുകയും ചെയ്തു. കേവലം പ്രൊമോഷന് വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്ന അന്നേരത്തെ ആരോപണങ്ങൾക്ക് ടൊവിനോ കണക്കിന് മറുപടി കൊടുത്തതും വാർത്തയായിരുന്നു. ഇപ്പോഴിതാ ഒരു ആരാധകന് താരം നൽകിയ കമന്റാണ് ചർച്ചയാകുന്നത്.

‘ദുരിതസമയത്ത് കൂടെ നിന്നതിനു ഒരായിരം നന്ദി പറയുന്നു.. പക്ഷെ അതിന്റെ പേരിൽ മാത്രം ഈ പടം കാണാൻ ഉദ്ദേശിക്കുന്നില്ല (താങ്കളും അത് തീരെ ആഗ്രഹിക്കുന്നില്ല എന്നറിയാം ) നല്ല പടം ആണെങ്കിൽ തീർച്ചയായും കണ്ടിരിക്കും’–ഇതായിരുന്നു ടൊവീനോ സമൂഹമാധ്യമത്തിൽ പങ്കുവച്ച തീവണ്ടിയുടെ പോസ്റ്ററിന് താഴെ വന്ന ഒരാൾ ഇട്ട കമന്റ്.

ഇൗ കമന്റിന് ടൊവിനോ നൽകിയ മറുപടി ഇങ്ങനെ: ‘സത്യം, അങ്ങനെയേ പാടുള്ളൂ. സിനിമ വേറെ ജീവിതം വേറെ’. ഇൗ മറുപടിയെ പ്രശംസിച്ചും ആരാധകർ രംഗത്തെത്തിക്കഴിഞ്ഞു. 

tovi

അതേസമയം ടൊവീനോയുടെ തീവണ്ടി എന്ന ചിത്രത്തിലെ  പുതിയ ഗാനവും വൈറലാവുകയാണ്. 'ഒരു തീപ്പെട്ടിക്കു വേണ്ട' എന്ന ഗാനമാണ് എത്തിയത്. മനു മഞ്ജിത്തിന്റെ  വരികള്‍ക്കു കൈലാസ് മേനോനാണ് സംഗീതം. പാട്ട് യു ട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തിക്കഴിഞ്ഞു.

തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥാതന്തു വികസിക്കുന്നത്. പുകവലി നിർത്താനുള്ള ഒരാളുടെ പരിശ്രമവും അയാൾ നേരിടുന്ന പ്രശ്നങ്ങളുമാണു ഗാനത്തിന്റെ പ്രമേയം പ്രണയവും, രാഷ്ട്രീയവുമെല്ലാം ചിത്രത്തിന്റെ കഥാഗതിയിലുണ്ട്. പുതുമുഖ നടി സംയുക്ത മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്.

സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, സുധീഷ്, സുരഭി ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ജീവാംശമായ് എന്നു തുടങ്ങുന്ന ഗാനം യൂ ട്യൂബിൽ ഒരു കോടി കാഴ്ച്ചക്കാരെ സ്വന്തമാക്കിയിരുന്നു.