Tuesday 14 August 2018 09:31 AM IST : By സ്വന്തം ലേഖകൻ

‘കുറ്റം പറയുന്നത് മതിയാക്കൂ, എന്ത് ചെയ്യാന്‍ പറ്റുമെന്ന് ആലോചിക്കൂ...’; സൈബർ ഉപദേശകന് ടൊവിനോയുടെ സൂപ്പർ മറുപടി

tovi

ദുരിത പ്രളയത്തിനു നടുവിലാണ് കേരളക്കര. ജീവനും കിടപ്പാടവും കൊണ്ടുള്ള നെട്ടോട്ടത്തിലാണ് നല്ലൊരു ശതമാനം പേരും. മഴ കൊണ്ടു പോയ നഷ്ടം കോടികളുടേതാണെന്നാണ് കണക്ക്. ഇതിനിടെ അണമുറിയാത്ത സഹായ പ്രവാഹവുമായി വിവിധ കോണുകളിൽ നിന്നും നിരവധി പേരാണ് രംഗത്തു വന്നിട്ടുള്ളത്.

മഴക്കെടുതിയിൽ തമിഴ് സിനിമാതാരങ്ങളാണ് ആദ്യം കേരളത്തിന് സഹായം പ്രഖ്യാപിച്ച് മുന്നോട്ടു വന്നത്. അഭിനേതാക്കളുടെ സംഘടനയായ അമ്മ പത്തുലക്ഷം പ്രഖ്യാപിച്ചുവെങ്കിലും സൂപ്പർതാരങ്ങളടങ്ങിയ സംഘടന പത്തുലക്ഷം മാത്രം പ്രഖ്യാപിച്ചത് കുറഞ്ഞുപോയെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രധാന വിമർശനം. പിന്നാലെ മമ്മൂട്ടിയും ദുൽഖറും മോഹൻലാലും ഒക്കെ 25 ലക്ഷം പ്രഖ്യാപിച്ച് മുന്നോട്ടു വരികയും ചെയ്തു. 

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ടൊവിനോ തോമസും  ടൊവിനോ നായകനായ മറഡോണയുടെ അണിയറ പ്രവർത്തകരും രംഗത്തെത്തിയിരുന്നു. ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് മറഡോണയുടെ ഒരു ദിവസത്തെ കലക്ഷൻ നൽകാനും തീരുമാനിച്ചിരുന്നു. ഒരു ദിവസത്തെ കലക്ഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മാറ്റി വയ്ക്കുമെന്നും ടൊവിനോ പറഞ്ഞു. 

അതിനു ശേഷം പ്രളയബാധിതരെ സഹായിക്കുന്ന കൂട്ടായ്മയായ അൻപോട് കൊച്ചിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന വിഡിയോ ടൊവിനോ പോസ്റ്റ് ചെയ്തതോടെ പരിഹാസവുമായി ചിലരെത്തി. തമിഴ് സിനിമാതാരങ്ങൾ ഉദാരമായി സംഭാവന ചെയ്തപ്പോൾ മലയാളത്തിലെ സിനിമാതാരങ്ങൾ എന്തു നൽകി എന്നായിരുന്നു ചോദ്യം. വിമർശിക്കുന്നവർ എന്താണ് ചെയ്തതെന്ന മറുചോദ്യവുമായി ടൊവിനോ രംഗത്തെത്തുകയും ചെയ്തു. 

നിങ്ങളെപ്പോലെ ആളുകൾ ഉളളതു കൊണ്ടാണ് മറ്റൊരാളെ സഹായിക്കുന്നത് വലിയൊരു സംഭവമായി കൊട്ടി ആഘോഷിക്കേണ്ടി വരുന്നത്. ഇതെല്ലാം മനുഷ്യരെല്ലാം ചെയ്യുന്ന കാര്യമാണ്. സിനിമയിൽ വരുന്നതിനും മുൻപും ശേഷവും എന്നെ കൊണ്ട് പറ്റുന്നതു പോലെ ഞാൻ ചെയ്യാറുണ്ട്. ഇനിയും ചെയ്യും. മറ്റുളളവരെ കുറ്റം പറയുന്നത് നിർത്തി സ്വയം എന്തൊക്കെ ചെയ്യാൻ പറ്റും സ്വയം എന്ത് ചെയ്തു, എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് ആലോചിക്കുകയും തീരുമാനിക്കുകയും ചെയ്താൽ ഈ ലോകം ഇതിനേക്കാൾ മനോഹരമായ സ്ഥലം ആയിരുന്നേനെ ഫെയ്സ്ബുക്ക് കമന്റിന് ടൊവിനോ മറുപടി നൽകി.