Saturday 12 January 2019 02:31 PM IST : By സ്വന്തം ലേഖകൻ

തൃഷയുടെ കണ്ണുകൾ നിറച്ച് ഗോവിന്ദിന്റെ പാട്ട്! വിഡിയോ വൈറൽ

trisha-new

തെന്നിന്ത്യൻ യുവത്വത്തിന് പ്രണയത്തിന്റെ പുത്തൻ രാഗമാണ് ‘96’ ലെ ‘കാതലേ കാതലേ...’ എന്ന പാട്ട്. മലയാളിയായ യുവ സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയ്ക്ക് ചിത്രത്തിലെ ഓരോ പാട്ടും നേടിക്കൊടുത്ത ജനപ്രീതി വളരെ വലുതായിരുന്നു. തൈക്കൂടം ബ്രിഡ്ജിലൂടെ പ്രശസ്തനായ ഗോവിന്ദ് മേനോനാണ് തമിഴിൽ ഗോവിന്ദ് വസന്തയെന്ന പേരിൽ പാട്ടുകളൊരുക്കുന്നതെന്നത് മറ്റൊരു കൗതുകം. ‘96’ നേടിയ ജനസമ്മതിയിൽ ഗോവിന്ദിന്റെ പാട്ടുകളും ഒരു നിർണ്ണായക ഘടകമായി.

പോയ വർഷത്തെ ഏറ്റവും മികച്ച സംഗീത സംവിധായകനുള്ള , ബിഹൈൻഡ് വുഡ്സിന്റെ അവാർഡ് ഇക്കുറി ഗോവിന്ദ് വസന്തയ്ക്കായിരുന്നു. അവാർഡ് കൈപ്പറ്റി, അദ്ദേഹം സ്വയം വയലിൻ മീട്ടി ‘കാതലേ കാതലേ...’ പാടിയപ്പോൾ, ചിത്രത്തില്‍ ജാനുവായി പ്രേക്ഷക മനസ്സിൽ പ്രണയം പടർത്തിയ തൃഷ നിറകണ്ണുകളോടെയാണ് അതു കേട്ടിരുന്നത്.

ചിത്രത്തിൽ തൃഷയുടെ ബാല്യകാലം ചെയ്ത ഗൗരി ജി കിഷനും സദസ്സിലുണ്ടായിരുന്നു. ഇതിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാട്ടിനു ശേഷം തൃഷ എഴുന്നേറ്റു നിന്നു കൈയടിക്കുന്ന രംഗവും വിഡിയോയിലുണ്ട്.