Monday 13 May 2019 03:33 PM IST : By സ്വന്തം ലേഖകൻ

മണികണ്ഠൻ സി.പി എന്ന മണിസാർ! ആരാധകർ ആഘോഷമാക്കി ‘ഉണ്ട’യുടെ പോസ്റ്റർ

unda-new

മമ്മൂട്ടിയുടെ പൊലീസ് കഥാപാത്രങ്ങൾ എക്കാലവും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. സൂപ്പർഹിറ്റുകളായ എത്രയോ പൊലീസ് കഥാപാത്രങ്ങൾ മമ്മൂട്ടിയുടെ നടനഭംഗിയാൽ പ്രേക്ഷക ഹൃദയം കീഴടക്കി. കരുത്തരായ ആ കഥാപാത്രങ്ങളുടെ പട്ടികയിലേക്കാണ് ‘ഉണ്ട’യിലെ മണിസാറിന്റെ വരവ്. ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്റർ ഇന്നലെയാണ് പ്രേക്ഷകരെ തേടിയെത്തിയത്. ഇതിനോടകം ആരാധകർ പോസ്റ്റർ ആഘോഷമാക്കിക്കഴിഞ്ഞു.

ചിത്രത്തിന്റെ പേരിലുള്ള കൗതുകം മമ്മൂട്ടിയുടെ കഥാപാത്രത്തിനുമുണ്ട്. പ്രമേയത്തെക്കുറിച്ചോ കഥാപാത്രങ്ങളെക്കുറിച്ചോ ഒരു സൂചനകളും നൽകാതെയായിരുന്നു ‘ഉണ്ട’യുടെ ചിത്രീകരണം. എട്ട് ക്യാരക്ടർ പോസ്റ്ററുകൾക്കു ശേഷമാണ് മമ്മൂട്ടിയുടെ ലുക്ക് എത്തിയിരിക്കുന്നത്. മണിസാർ എന്ന് സഹപ്രവർത്തകർ വിളിക്കുന്ന സബ് ഇൻസ്പെക്ടർ മണികണ്ഠൻ സി.പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുക.

പൊലീസ് യൂണിഫോമിലുള്ള മമ്മൂട്ടിയുടെ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സമീപകാലത്ത് കസബ,അബ്രഹാമിന്റെ സന്തതികൾ, സ്ട്രീറ്റ്ലൈറ്റ് എന്നീ ചിത്രങ്ങളിലും മമ്മൂട്ടി പൊലീസ് വേഷത്തിലെത്തിയിരുന്നു. എന്നാൽ അതിൽ നിന്നൊക്കെ വേറിട്ട കോമഡി–ഫൺ റൈഡാകും ഉണ്ട.

ഛത്തീസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം. ഖാലിദ് റഹ്മാൻ ആണ് സംവിധാനം. ഹർഷാദിന്റെതാണ് തിരക്കഥ. ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയര്‍, അർജുൻ അശോകൻ എന്നിവരാണ് മറ്റു താരങ്ങൾ.