Saturday 22 September 2018 10:36 AM IST

‘ഉണ്ട’യിൽ ഇൻസ്പക്ടര്‍ മണിസാറായി മമ്മൂട്ടി; ഒരുങ്ങുന്നത് ബിഗ് ബഡ്ജറ്റ് ആക്ഷൻ–കോമഡി

V.G. Nakul

Sub- Editor

unda-final

ആരാധകരിൽ ആവേശം നിറച്ചാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ‘ഉണ്ട’യുടെ ടൈറ്റിൽ പോസ്റ്റർ നിവിൻ പോളി തന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിൽ ലോഞ്ച് ചെയ്തത്. ഏറെ നാളായി ഈ പേരിൽ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി

ചിത്രം പറഞ്ഞ് കേട്ടിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. ആ അഭ്യൂഹങ്ങൾക്ക് കൂടി ഇതോടെ ശമനമാകുകയാണ്.

ചിത്രത്തിൽ പൊലീസ് ഇൻസ്പക്ടറായ മണിസാർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുകയെന്ന് നിർമ്മാതാവ് കൃഷ്ണൻ സേതുകുമാർ വനിത ഓൺലൈനോട് പറഞ്ഞു.

സംവിധായകൻ ഖാലിദ് റഹ്മാന്റെ കഥയ്ക്ക് ഹർഷദാണ് തിരക്കഥയെഴുതുന്നത്. ആക്ഷൻ – കോമഡി വിഭാഗത്തിൽ പെടുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ ഛത്തീസ്ഗസും ബാംഗ്ലൂരും കാസർഗോഡുമാണ്.

‘‘അൻവർ റഷീദാണ് ആദ്യം ‘ഉണ്ട’ നിർമ്മിക്കാൻ തീരുമാനിച്ചത്. എന്നാൽ അതിനിടെ അൻവർ ട്രാൻസിന്റെ തിരക്കിലായി. അങ്ങനെയാണ് പ്രൊജക്ട് എന്നിലേക്ക് വന്നത്. കഥ കേട്ടപ്പോൾ ഇഷ്ടമായി, നിർമ്മാണം ഏറ്റെടുക്കുകയായിരുന്നു’’. കൃഷ്ണൻ സേതുകുമാർ പറയുന്നു.

മണിസാറും അദ്ദേഹത്തിന്റെ ബറ്റാലിയനും ഡ്യൂട്ടിയുടെ ഭാഗമായി ഛത്തീസ്ഗഡിലേക്ക് പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം. ഷൈൻ ടോം ചാക്കോ,ജേക്കബ് ഗ്രിഗറി,സുധി കോപ്പ, അർജുൻ അശോകൻ, അലൻസിയർ ലേ ലോപ്പസ്, ദിലീഷ് പോത്തൻ തുടങ്ങി വൻ താര നിര ഉണ്ടയുടെ ഭാഗമാണ്. ഒപ്പം ബോളിവുഡ് താരം ഭഗവാൻ തിവാരിയും പ്രധാന വേഷത്തിലെത്തും.

ബിഗ് ബഡ്ജറ്റിലാണ് ഉണ്ട ഒരുങ്ങുക. ബോളിവുഡിലെ ഒന്നാം നിര ആക്ഷൻ കൊറിയോഗ്രാഫറായ ശ്യാം കൗശലാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങളുടെ ചുക്കാൻ പിടിക്കുക. തമിഴിലെ നവതരംഗ സിനിമകളിലൂടെ ശ്രദ്ധേയനായ ഗവമിക് യു ആരിയാണ് ഛായാഗ്രാഹകൻ. ഒക്ടോബർ രണ്ടാം വാരം ഉണ്ട ചിത്രീകരണമാരംഭിക്കും. അടുത്ത വർഷം ജനുവരിയിലാണ് റിലീസ്.

ഫാമിലി ഹിറ്റായ അനുരാഗക്കരിക്കിൻ വെള്ളത്തിലൂടെ പ്രതിഭ തെളിയിച്ച ഖാലിദ് റഹ്മാൻ മമ്മൂട്ടിക്കൊപ്പം കൈകോർക്കുന്നു എന്നത് പ്രേക്ഷക പ്രതീക്ഷകളെ ഇരട്ടിയാക്കുന്നു. ഒപ്പം പുതിയ തിരക്കഥാകൃത്തെന്നതും ഹൈലൈറ്റാണ്. ട്രാൻസിന് ശേഷമുള്ള അൻവർ റഷീദ് ചിത്രത്തിന് തിരക്കഥയെഴുതുന്നതും ഹർഷദാണ്.

ഉണ്ടയിലൂടെ തമിഴിലെ പ്രശസ്ത ബാനറായ ജമിനി സ്റ്റുഡിയോസും മലയാളത്തിലേക്കെത്തുകയാണ്. ജമിനി സ്റ്റുഡിയോസും കൃഷ്ണൻ സേതുകുമാറിന്റെ മൂവി മില്ലും ചേർന്നാണ് ഉണ്ടയുടെ നിർമ്മാണം. കൃഷ്ണൻ സേതുകുമാറിന്റെ അഞ്ചാം ചിത്രമാണിത്. ജമിനി സ്റ്റുഡിയോസാണ് ചിത്രം വിതരണത്തിനെത്തിക്കുക.