Friday 17 May 2019 11:45 AM IST : By സ്വന്തം ലേഖകൻ

ട്രെൻഡിങ്ങിൽ ഒന്നാമതെത്തി മണിസാറും ടീമും! ‘ഉണ്ട’യുടെ ടീസർ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

unda-new

ട്രെൻഡിങ്ങിൽ ഒന്നാമതെത്തി മണിസാറും പിള്ളേരും. മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ‘ഉണ്ട’യുടെ ടീസറാണ് റിലീസായി മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയത്.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് ഓഫീസറായ മണികണ്ഠൻ സി.പി എന്ന കഥാപാത്രമാണ് മമ്മൂട്ടിക്ക്.

എട്ടു ലക്ഷത്തോളം പേരാണ് ഇതിനോടകം ടീസര്‍ കണ്ടു കഴിഞ്ഞത്.

‘മധുരരാജയുടെ വലിയ വിജയത്തിനു ശേഷം മമ്മൂട്ടിയുടെതായി തിയേറ്ററിലെത്തുന്ന ‘ഉണ്ട’ പ്രതീക്ഷകളെ ഇരട്ടിയാക്കുന്നു. ‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന വൻ വിജയത്തിനു ശേഷമുള്ള ഖാലിദ് റഹ്മാനാന്റെ സംവിധാന സംരംഭമെന്നതും ‘ഉണ്ട’യുടെ ഹൈലൈറ്റാണ്.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഒരേസമയമാണ് ടീസര്‍ പുറത്തിറക്കിയത്. ഈദ് റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രം അവസാന ഘട്ട മിനുക്കു പണികളിലാണ്.

ആക്ഷന്‍ – കോമഡി ചിത്രമാണ് ‘ഉണ്ട’. സിനിമയുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വിനയ് ഫോര്‍ട്ട്, ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, തുടങ്ങിയവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും ഉണ്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഖാലിദ് റഹ്മാന്റെ കഥയ്ക്ക് ഹര്‍ഷാദാണ് തിരക്കഥയെഴുതിയിരിക്കുന്നത്.

കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മിക്കുന്ന ‘ഉണ്ട’യില്‍ ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി എന്നിവരുമുണ്ട്. ജിംഷി ഖാലിദും സജിത്ത് പുരുഷനും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.