Saturday 13 October 2018 04:40 PM IST : By സ്വന്തം ലേഖകൻ

കിട്ടിയത് ‘എ’ സർട്ടിഫിക്കറ്റെങ്കിലും അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘വേൾഡ് പ്രീമിയർ’ ആയി ‘വട ചെന്നൈ’

vada-chennai

സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയെങ്കിലും ‘വട ചെന്നൈ’ പിൻജിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച അഭിപ്രായം സ്വന്തമാക്കി. “സങ്കീർണ്ണതകൾ ഏറെയുള്ള ഊർജ്ജസ്വലനായ കഥാപാത്രമായി ധനുഷ് മികച്ച പ്രകടനം കാഴ്ചവെച്ച വെട്രിമാരന്റെ ‘വട ചെന്നൈ’ കണ്ടു. തമിഴ് നാട്ടിൽ നിന്നുള്ള ഒരു മികച്ച ‘വേൾഡ് പ്രീമിയർ’ ചിത്രമാണ് വട ചെന്നൈ” ചിത്രം കണ്ട ഒരു പ്രേക്ഷകന്റെ അഭിപ്രായമിങ്ങനെ. ധനുഷ് നായകനാകുന്ന ചിത്രം വെട്രിമാരനാണ് സംവിധാനം ചെയ്യുന്നത്.

ലൈക്ക പ്രൊഡക്ഷൻസ്, വണ്ടർബാർ ഫിലിംസ്, ഗ്രാസ് റൂട്ട് ഫിലിം കമ്പനി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന വട ചെന്നെ ഗുണ്ടാ പടയുടെ പകയിലകപ്പെടുന്ന മത്സ്യത്തൊഴിലാളിയുടെ കഥയാണ്.

അൻപ് എന്ന കഥാപാത്രമാണ് ധനുഷിന്. ഐശ്വര്യ രാജേഷ്, ആൻഡ്രിയ ജെർമിയ, സമുദ്രക്കനി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് നാരായണന്റേതാണ് സംഗീതം.ഒക്ടോബർ 17 ന് ചിത്രം തിയേറ്ററുകളിലെത്തും.

ധനുഷിന് മികച്ച നടനുളള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ‘ആടുകള’ത്തിന്റെ സംവിധായകനായ വെട്രിമാരനും ധനുഷും വീണ്ടുമൊന്നിക്കുന്ന ചിത്രം എന്ന നിലയിൽ ധനുഷ് ആരാധകർ ഏറെ ആകാംക്ഷയോടെയാണ് ‘വട ചെന്നൈ’ കാത്തിരിക്കുന്നത്. വടക്കൻ ചെന്നൈയിലെ 35 വർഷത്തെ ജീവിതമാണ് സിനിമ പറയുന്നത്. ദേശീയ ക്യാരംസ് കളിക്കാരനാണ് അന്‍പ്. ‘പൊല്ലാതവൻ’, ‘ആടുകളം’, ‘വിസാരണൈ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വട ചെന്നൈ’. ഓസ്കാർ അവാർഡിനായുള്ള ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ആയി ‘വിസാരണൈ’ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.