Monday 08 April 2019 10:18 AM IST : By സ്വന്തം ലേഖകൻ

വരുൺ ധവാന്റെ കാമുകിയെ കൊല്ലുമെന്ന് ഭീഷണി! ആരാധന അതിരു വിട്ടപ്പോൾ സംഭവിച്ചത്

സിനിമാ താരങ്ങളോടുള്ള ആരാധന അതിരു വിട്ടാൽ അത് അപകടമാണെന്നതിന് ധാരാളം തെളിവുകളുണ്ട്. പല കാലങ്ങളായി പല താരങ്ങളും പല തരത്തിൽ അതിന്റെ പ്രശ്നങ്ങള്‍ നേരിട്ടിട്ടുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് വരുൺ ധവാന് നേരെയുണ്ടായ ആരാധികയുടെ ഭീഷണി.

വരുണിനോടുള്ള ആരാധന അതിരുവിട്ടപ്പോള്‍ താരത്തിന്റെ കാമുകിയെ കൊല്ലുമെന്നായിരുന്നു ആരാധികയുടെ ഭീഷണി.

താരത്തിന്റെ വീടിന് മുമ്പിലാണ് കാമുകിയായ നടാഷ ദലാലിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി ഒരു ആരാധിക ഏറെ നേരം കാത്തുനിന്നത്.

പുതിയ ചിത്രമായ ‘കലങ്കി’ന്റെ പ്രചരണ പരിപാടിയുമായി ബന്ധപ്പെട്ട് വരുണ്‍ തിരക്കിലാണെന്നും അതിനാല്‍ കാണാന്‍ സാധിക്കില്ലെന്നും സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ അറിയിച്ചതോടെ ആരാധിക വീടിനു പുറത്ത് നിന്ന് ബഹളം വയ്ക്കുകയും ‘ഞാന്‍ നടാഷയെ കൊല്ലും’ എന്നു ഭീഷണി മുഴക്കുകയുമായിരുന്നു. ഇതിനിടെ പെൺകുട്ടി ആത്മഹത്യാ ഭീഷണി മുഴക്കിയതും കാര്യങ്ങളുടെ ഗൗരവം വർദ്ധിപ്പിച്ചു. ഒടുവിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തിയതോടെയാണ് രംഗം ശാന്തമായത്.

വരുണിനെ കാണാന്‍ ആരാധകര്‍ വീടിന് സമീപം വരാറുണ്ട്. തിരക്കില്ലാത്തപ്പോള്‍ ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വരുണ്‍ നിന്നു കൊടുക്കാറുമുണ്ട്. എന്നാല്‍ സംഭവദിവസം ഏറെ വൈകിയെത്തിയ വരുണ്‍ വളരെ ക്ഷീണിതനായിരുന്നു. ഇക്കാര്യം അറിയിച്ചപ്പോളാണ് പെൺകുട്ടി അക്രമാസക്തയായത്. ഒരു മണിക്കൂറോളം പെൺകുട്ടി വീടിനു പുറത്തു നിന്ന് ബഹളം വച്ചു.

സംഭവമറിഞ്ഞ വരുണ്‍ വല്ലാതെ ടെന്‍ഷനായെന്നാണ് റിപ്പോർട്ടുകൾ.

മുംബൈയിലെ സാന്റാ ക്രൂസ് പൊലീസ് സ്റ്റേഷനില്‍ പരാതി രേഖപ്പെടുത്തിയിട്ടുണ്ട്. വരുണ്‍ ധവാന്റെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമേ എഫ്ഐആര്‍ തയാറാക്കൂ എന്ന് പൊലീസ് അറിയിച്ചു.