Thursday 30 May 2019 04:50 PM IST

വിഘ്നേശ് ഉറക്കമുണർന്നു, എട്ടു മാസങ്ങൾക്കിപ്പുറം! ‘വാസന്തിയും ലക്ഷ്മിയിലൂടെ’ മനസ്സു കീഴടക്കിയ ബാലതാരം അതിജീവിച്ചത് മരണത്തെ, സിനിമയെ വെല്ലുന്ന ജീവിത കഥ

V.G. Nakul

Sub- Editor

v1

ഓർമകളിൽ നിന്നു മാഞ്ഞു പോയ കാലം അയാൾ കേട്ടു പഠിക്കുകയാണ്. മങ്ങിപ്പോയ ചില ദൃശ്യങ്ങളും വ്യക്തമല്ലാത്ത കുറേ ശബ്ദങ്ങളും മനസ്സിൽ കുരുങ്ങിപ്പിടയുന്നു. ഇടതു കണ്ണിന്റെ കാഴ്ച പോയി, നടക്കാൻ ബുദ്ധിമുട്ടുണ്ട്. എങ്കിലും, ബാക്കിയാകുന്ന അസ്വസ്ഥതകളുടെ ചെറു തുള്ളികളിലേക്കു നോക്കി അയാൾ ആത്മവിശ്വാസത്തോടെ പറയുന്നു, ‘‘ഇതും ഞാൻ മറികടക്കും. നൃത്തത്തിലേക്കും ബോക്സിങ്ങിലേക്കും സിനിമയിലേക്കും മടങ്ങി വരും’’. ആ വാക്കുകളുടെ കരുത്തും കനവും ഒന്നുറപ്പിക്കുന്നു, ‘അയാൾ അതു സാധിക്കുക തന്നെ ചെയ്യും...’

വിഘ്നേശ് എ.ആർ എന്ന വിഘ്നേശിനെ മലയാളി മറക്കില്ല. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനി’ലും ‘ഒരു ചെറു പുഞ്ചിരി’യിലും ‘മധുരനൊമ്പരക്കാറ്റി’ലും ‘നമ്മളി’ലുമൊക്കെ ബാലതാരമായി തിളങ്ങിയ, കുസൃതിയൊളിപ്പിച്ച കുഞ്ഞിച്ചിരിക്കാരൻ. രണ്ടായിരത്തിന്റെ തുടക്കത്തില്‍ സിനിമയിലും സീരിയലിലും ബാലതാരമായി തിളങ്ങിയ വിഘ്നേശ് ഇപ്പോൾ യൗവനത്തിലാണ്. പക്ഷേ, ഇരുപത്തിയേഴു വർഷത്തെ ജീവിതത്തിനിടയിൽ ഒരു വൻ പരീക്ഷണത്തിന്റെ കടൽദൂരമാണ് ഈ ചെറുപ്പക്കാരന്‍ നീന്തിക്കടന്നത്. 2016 ഡിസംബറില്‍ നടന്ന ഒരു വാഹനാപകടത്തെ തുടര്‍ന്ന് തലക്ക് ക്ഷതമേറ്റ് മാസങ്ങളോളം ഓര്‍മ്മയില്ലാത്ത അവസ്ഥയിലായിരുന്ന വിഘ്നേശ് ഇപ്പോൾ ജീവിതത്തിലേക്കു മടങ്ങി വരുന്നു. മറവിയുടെ മാറാല മൂടിയ മൂന്നു വർഷത്തെ ജീവിതത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും വിഘ്നേശ് ‘വനിത ഓൺലൈ’നോട് മനസ്സ് തുറക്കുന്നു.

എന്തായിരുന്നു അത് ?

2016 ഡിസംബർ 31 നാണ്. കൂട്ടൂകാരന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് ഞാനും സുഹൃത്തും കൂടി സ്കൂട്ടറിൽ മടങ്ങി വരുകയായിരുന്നത്രേ. ഞാൻ ബാക്ക് സീറ്റിലായിരുന്നു. കോഴിക്കോട് ഹോമിയോ കോളേജിന്റെ മുന്നിൽ കൂടി പോകുമ്പോൾ, എതിരെ മൂന്നാല് ബൈക്കിൽ കുറച്ചു പേർ വന്നു. അതിൽ ഒരു ബൈക്കുമായി ഞങ്ങളുടെ സ്കൂട്ടർ ഇടിച്ചു. ഓർമ്മയുടെ തിരശ്ശീല അവിടെ താണു. പിന്നീട് നടന്നത് ഒന്നും ഓർമയില്ല. മാസങ്ങൾക്കിപ്പുറം അച്ഛനും അമ്മയും അതേക്കുറിച്ചു പറഞ്ഞു തന്നപ്പോൾ അവിശ്വസനീയതയോടെയാണ് ഞാൻ കേട്ടിരുന്നത്.

വിഘ്നേശ് കുറച്ചു നേരം നിശബ്ദനായി, ഓർമകളുടെ കൂട്ടത്തിലെവിടെയെങ്കിലും അങ്ങനെയൊരു ദൃശ്യമുണ്ടോ എന്നു തിരയും പോലെ...

v2

ഒന്നും അറിയില്ല...

ആക്സിഡന്റ ് സംഭവിക്കുമ്പോൾ എനിക്ക്.... (ഒരു നിമിഷം നിർത്തി അടുത്തു നിന്ന അച്ഛനോട് ചോദിച്ച് ഉറപ്പു വരുത്തിയ ശേഷം) 25വയസ്സാണ്. ഞാനപ്പോള്‍ ബി.ടെക് കഴിഞ്ഞ്, ഫോക്സ് വാഗണിൽ സെയില്‍സ് കൺസൾട്ടന്റായി ജോലി ചെയ്യുകയാണ്. 45ദിവസത്തോളം ആശുപത്രിയിലായിരുന്നു, വെന്റിലേറ്ററിൽ. ഡോക്ടർ പറഞ്ഞത്, ജീവിത കാലം മുഴുവൻ ഓർമ നഷ്ടപ്പെട്ട്, കോമ സ്റ്റേജിൽ കിടക്കുമെന്നാണ്. അതിനിടെ സംഭവിച്ചതെന്താണെന്നോ, സംഭവിച്ചു കൊണ്ടിരിക്കുന്നതെന്താണെന്നോ എനിക്കറിയില്ല. പകലും രാത്രിയും മാറുന്നതു പോലും ഞാൻ അറിഞ്ഞില്ല.

വിഘ്നേശ് ചിരിച്ചു. അതിൽ, വിധിയെ പഴിക്കുന്ന നിസ്സഹായതയുടെ നിഴലായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ, അതിജീവനത്തിന്റെ തിളക്കമായിരുന്നു.

ഉറക്കം കഴിഞ്ഞ്...

ഒരു ദിവസം ഞാൻ ഉറങ്ങി എഴുന്നേറ്റു. ആദ്യം എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. വീട്ടിലെ കിടക്കയിലായിരുന്നു അപ്പോൾ. ശരീരത്തിൽ അവിടിവിടെയായി മുള്ളു കുത്തുന്ന പോലെ വേദന അനുഭവപ്പെടുന്നുണ്ട്. അപ്പോഴേക്കും അപകടം നടന്നിട്ട് എട്ടു മാസം കഴിഞ്ഞിരുന്നു. എനിക്ക് തലേന്ന് എന്തോ സംഭവിച്ചു എന്ന തോന്നലായിരുന്നു. എട്ടു മാസം എന്റെ ജീവിതത്തിൽ കടന്നു പോയത് അമ്മ പറയുമ്പോഴാണ് ഞാൻ അറിയുന്നത്. 2016 ഡിസംബറിലായിരുന്നു അപകടം. അതിന്നു മുൻപുള്ള രണ്ടു മാസത്തെയും ഓർമ്മകൾ എനിക്കു നഷ്ടമായെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്.

ഉണരുമ്പോൾ ഇടതു കാലിൽ ബാൻഡേജുണ്ട്. ശരീരം അനങ്ങുന്നില്ല. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ അമ്മ കരയാൻ തുടങ്ങി. അപ്പോഴാണ് ഇടതു കണ്ണിന് കാഴ്ച നഷ്ടമായ കാര്യം ശ്രദ്ധിച്ചത്. എന്റെ പരിഭ്രമം കണ്ട അമ്മയാണ് അപകടത്തെക്കുറിച്ചു വിവരിച്ചു തന്നത്. ആദ്യം ഭയന്നു. പിന്നെ സാവകാശം സാധാരണ നിലയിലേക്കു വന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും അതു വരെയുള്ള സംഭവങ്ങൾ ഓരോന്നായി പറഞ്ഞു തുടങ്ങി, വലിയ അപകടമായിരുന്നു, ഇടതു കണ്ണ് പോയി എന്നൊക്കെ... എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കരഞ്ഞതുമില്ല. ഇത്രയല്ലേ പറ്റിയുള്ളൂ, നടക്കാനാകുന്നുണ്ടല്ലോ, ഒരു കണ്ണെങ്കിലും കാണാമല്ലോ എന്നൊക്കെയാണ് ഞാൻ ആശ്വസിച്ചത്.

v3

സങ്കടം വേണ്ട

എനിക്കു തീരെ ഇഷ്ടമില്ലാത്തത്, എന്നെ കാണുമ്പോഴുള്ള മറ്റുള്ളവരുടെ സെന്റിമെൻസാണ്. ചില കുടുംബാംഗങ്ങളൊക്കെ വന്ന് ഭയങ്കര സെന്റിമെൻസ് കാണിക്കും. ‘വേണ്ട, ഇതിന്റെ ആവശ്യം എനിക്കില്ല’ എന്നു പറഞ്ഞു തുടങ്ങിയതോടെ അതു നിന്നു. ഇപ്പോഴും വലതു കയ്യിൽ റോഡുണ്ട്. നടക്കുമ്പോൾ ചെറിയ ബുദ്ധിമുട്ടും തോന്നും. പക്ഷേ ഇതൊക്കെ മറികടക്കാനാകും, ഉറപ്പാണ്.

നൃത്തമാണ് ജീവൻ

നൃത്തം ശാസ്ത്രീയമായി പഠിച്ചിട്ടില്ല. അല്ലു അർജുനാണ് എന്റെ ഹീറോ. പുള്ളിയുടെ കട്ട ഫാനാണ്. അദ്ദേഹം ഡാൻസ് ചെയ്യുന്നതു കണ്ട് അതേ പോലെ ചെയ്യും. പ്രഭുദേവയുടെയും ഹൃത്വിക് റോഷന്റെയും പെർഫോമൻസുകളും നോക്കിപ്പഠിച്ച് ചെയ്യും.

എന്റെ അമ്മ നല്ല ഡാൻസറാണ്. അമ്മയും നൃത്തം ശാസ്ത്രീയമായി പഠിച്ചിട്ടില്ല. കണ്ടു പഠിച്ചതാണ്. അമ്മ പ്രഭുദേവയുടെ കടുത്ത ആരാധികയാണ്. അതുകൊണ്ടു തന്നെ ഞാനും നടക്കാറായ കാലം മുതൽ തുള്ളിത്തുടങ്ങി. ഇപ്പോഴും ഞാൻ വീടിനുള്ളിലെ പടിക്കെട്ടിൽ പിടിച്ചു നിന്നു നൃത്തം ചെയ്യും. സിനിമയിൽ ചാന്‍സ് കിട്ടിയാൽ ഞാൻ അടുത്ത അല്ലു അർജുനാണ്.

വിഘ്നേശ് ചിരിയോടെ പറയുന്നു.

v-5

സിനിമ

ഞാനാകെ 12 സിനിമ ചെയ്തു. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ ആണ് ആദ്യ ചിത്രം. അച്ഛന്റെ സൗഹൃദങ്ങൾ വഴി വന്ന അവസരമാണ്. പിന്നീട് ‘ഒരു ചെറു പുഞ്ചിരി’, ‘മധുരനൊമ്പരക്കാറ്റ്’, ‘നമ്മൾ’, ‘പുലർവെട്ടം’ തുടങ്ങിയ കുറേ സിനിമകൾ. ‘പുലർവെട്ട’ത്തിനാണ് എനിക്ക് അവാർഡ് കിട്ടിയത്. എട്ടാം ക്ലാസ് വരെ ഞാൻ സിനിമയിലുണ്ടായിരുന്നു. പിന്നീട് പഠനത്തിലേക്കു മാത്രമായി മാറുകയായിരുന്നു.

റിങ്ങിലേക്കു മടങ്ങും

ഞാൻ ഒരു ബോക്സറാണ്. 2015 ൽ കോഴിക്കോട് ജില്ലാ മത്സരത്തിൽ വെള്ളി മെഡൽ കിട്ടി. എന്റെ ലക്ഷ്യങ്ങളെയൊന്നും ആക്സിഡന്റ ് തകർത്തിട്ടില്ല. ഡബിൾ സ്ട്രോങ്ങാക്കിയിട്ടേയുള്ളൂ. കാല് ശരിയായാൽ ഡാൻസിങ്ങിലേക്കും ബോക്സിങ്ങിലേക്കും തിരിച്ചു വരും. ഡാൻസിങ് ഇല്ലെങ്കിൽ ഞാനില്ല.

‘ചതിക്കാത്ത ചന്തു’, ‘പുലിവാൽ കല്യാണം’ ഒക്കെ മുതൽ ജയസൂര്യയെ വലിയ ഇഷ്ടമാണ്. ‘ക്യാപ്റ്റൻ’ കണ്ടപ്പോൾ കടുത്ത ആരാധനയായി. പുള്ളി ഇപ്പോഴാ എന്റെ അവസ്ഥ അറിഞ്ഞത്. അങ്ങനെ കാണാൻ വന്നു. അതേ പോലെ അല്ലു അർജുൻ. അല്ലുവിന്റെ പടം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണും. അതില്ലെങ്കിൽ ഞാന്‍ ചത്തു എന്നർത്ഥം.

v6

ഓർമ പഠിക്കുന്നു

ഇപ്പോഴും അമ്പതു ശതമാനം ഓർമ്മ മാത്രമാണ് തിരിച്ചു കിട്ടിയത്.റിക്കവർ ചെയ്ത് തുടങ്ങിയിട്ട് രണ്ട് വർഷമായി. അമ്മയും അച്ഛനും ഓരോന്നായി പറഞ്ഞു തരും. ഞാൻ നോട്ട് ചെയ്യും. പിന്നെ, ഡെയിലി വായിച്ച് മനസിൽ നിറയ്ക്കും. നടത്തം ശരിയായിട്ട് ജോലിക്ക് കയറണം. കാറൊക്കെ ഓടിക്കാറായിട്ടുണ്ട്.

കുടുംബം

അച്ഛൻ രാജീവ് രത്തൻ നേവിയിലായിരുന്നു. അനിയത്തി വിസ്മയ ഡാൻസ് പഠിച്ചിട്ടുണ്ട്. അമ്മ ജയതിലകം ഹൗസ് വൈഫ്. നിലവിൽ പ്രണയമില്ല. പ്രണയിക്കണമെന്നുണ്ട്. രണ്ടു പേർ പ്രണയാഭ്യർത്ഥന നിരസിച്ചു. വാചകമടിയാണ് പെൺപിള്ളാരെ വീഴ്ത്തുക. ആ കഴിവ് എനിക്കില്ല.