Tuesday 17 September 2019 11:56 AM IST : By സ്വന്തം ലേഖകൻ

എന്തുകൊണ്ടാണ് സെൽഫിയിൽ നയൻതാര മുഖം പൊത്തിയത് ? കാരണം വെളിപ്പെടുത്തി വിഘ്നേശ് ശിവൻ

nayanthara

നയൻതാരയുടെ കാമുകൻ വിഘ്നേശ് ശിവൻ നിർമിച്ച്, നയൻതാര നായികയാകുന്ന പുതിയ ചിത്രമാണ് ‘നെട്രികൺ’. വിഘ്നേശിന്റെ റൗഡി പിക്ചേഴ്സ് ആദ്യമായി നിർമിക്കുന്ന ‘നെട്രികൺ’ മിലിന്ദ് റാവുവാണ് സംവിധാനം ചെയ്യുന്നത്.

ചിത്രം അനൗൺസ് ചെയ്തതിനു പിന്നാലെ നയൻതാരയ്ക്ക് ഒപ്പമുളള ചിത്രം വിഘ്നേശ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. പക്ഷേ, ചിത്രത്തിൽ നയൻതാര തന്റെ മുഖം കൈകൊണ്ട് മറച്ചിട്ടുണ്ട്. സിനിമയിലെ തന്റെ ലുക്ക് ഇപ്പോൾ പുറത്തുവിടാൻ ആഗ്രഹമില്ലാത്തതിനാലാണ് നയൻതാര മുഖം മറച്ചുപിടിച്ചതത്രേ. വിഘ്നേശ് സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിൽ ഇത് വ്യക്തമാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ ദിവസം ചെന്നൈയിൽ തുടങ്ങി.

‘ഒരിക്കൽക്കൂടി ഒന്നിച്ചൊരു ഷൂട്ടിങ്ങിന് തുടക്കമായി, പക്ഷേ ഇത്തവണ വ്യത്യസ്ത വേഷങ്ങളിലാണ്. ഫസ്റ്റ് ലുക്ക് പിന്നീട് പുറത്തുവിടുന്നതാണ്’.– വിഘ്നേശ് കുറിച്ചു.

ചിത്രത്തിൽ അന്ധയായ പെൺകുട്ടിയായാണ് നയൻതാര അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

രജനീകാന്ത് നായകനാവുന്ന ‘ദർബാർ’, ചിരഞ്ജീവിയുടെ ‘സൈറ നരസിംഹ റെഡ്ഡി’, വിജയ് ചിത്രം ‘ബിഗിൽ’ എന്നിവയാണ് നയൻതാരയുടേതായി ഉടൻ തിയേറ്ററിലെത്തുക.

നാലു വർഷത്തോളമായി നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലാണ്. 2020 ൽ ഇരുവരുടെയും വിവാഹം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.