Monday 11 June 2018 03:59 PM IST : By സ്വന്തം ലേഖകൻ

ആഘോഷങ്ങൾ വേണ്ട; ആരാധകരെ നിരാശരാക്കി വിജയ്

vijay

തമിഴിലെ താരരാജാക്കൻമാരുടെ ജന്മദിനം ഉത്സവ സമാനമായാണ് ആരാധകർ ആഘോഷിക്കുക. കേരളത്തിലുൾപ്പടെ അതിന്റെ അലയൊലികളുണ്ടാകും. എന്നാൽ ഈ വർഷം ദളപതി വിജയ്യുടെ ആരാധകർക്ക് തങ്ങളുടെ പ്രിയ താരത്തിന്റെ പിറന്നാളാഘോഷിക്കാൻ അവസരമുണ്ടാകില്ല. വിജയ് തന്നെയാണ് ആഘോഷങ്ങൾക്ക് ‘നോ’ പറഞ്ഞത്. തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് സമരവുമായി ബന്ധപ്പെട്ട വെടിവെപ്പിൽ 13 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന് വിജയ് ആരാധകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. താരത്തിന്റെ തീരുമാനം ഭൂരിപക്ഷം ആരാധകരിലും നിരാശയുണ്ടാക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം അഭിനന്ദനങ്ങളുമായി എത്തിക്കഴിഞ്ഞു. ഈ മാസം 22ന് താരത്തിന്റെ പിറന്നാള്‍ അതിഗംഭീരമായി ആഘോഷിക്കാന്‍ കേരളത്തിലുൾപ്പെടെയുള്ള ആരാധക സംഘങ്ങള്‍ തയ്യാറെടുക്കവേയാണ് വിജയുയെ എതിർ തീരുമാനം. തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തില്‍ മരിച്ചവരില്‍ ചിലരുടെ വീട് വിജയ് സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

ആഘോഷങ്ങള്‍ വേണ്ടെന്ന് വെച്ചെങ്കിലും അദ്ദേഹത്തിന്റെ പേരിടാത്ത പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അന്നേ ദിവസം പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ആലോചന. ഏ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രം സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്നു. സംഗീത സംവിധാനം ഏ.ആര്‍. റഹ്മാൻ. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്ത്കുമാര്‍, യോഗി ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.