Thursday 07 February 2019 03:23 PM IST : By സ്വന്തം ലേഖകൻ

‘അഞ്ഞൂറു രൂപ തികച്ചില്ലാത്തതിനാൽ എന്റെ ബാങ്ക് അക്കൗണ്ട് ഇല്ലാതെയായി’! ‘30 അണ്ടര്‍ 30’ ൽ പേരു ചേരുമ്പോൾ കഷ്ടപ്പാടിന്റെ കഴിഞ്ഞ കാലം ഓർത്ത് വിജയ് ദേവരകൊണ്ട

vijay-new

അതിവേഗത്തിലായിരുന്നു വിജയ് ദേവരകൊണ്ടയുടെ വളർച്ച. ആദ്യ ചിത്രം പുറത്തിറങ്ങി 8 വർഷത്തിനുള്ളിൽ തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താര രാജാവായി തെലുങ്കിലെ ഈ യുവനടൻ വളർന്നു കഴിഞ്ഞു. ‘അർജുൻ റെഡ്ഡി’ എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ടോളിവുഡിലെ അവഗണിക്കുവാനാകാത്ത സാന്നിധ്യമായി അദ്ദേഹത്തെ മാറ്റി.

ഇപ്പോഴിതാ ഫോര്‍ബ്സ് മാഗസിന്റെ ‘30 അണ്ടര്‍ 30’ എന്ന ലിസ്റ്റിലും താരം ഇടം നേടിയിരിക്കുന്നു. മുപ്പതു വയസ്സിനു താഴെയുള്ള, വിവിധ തുറകളിൽ വലിയ വിജയം നേടിയ പ്രഗല്ഭരെയാണ് ‘30 അണ്ടര്‍ 30’ എന്ന ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ഈ സന്തോഷത്തിനിടയിലും മിനിമം ബാലൻസ് ഇല്ലാത്തതിനാൽ സ്വന്തം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കപ്പെട്ട പ്രതിസന്ധിയുടെ കാലത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് താരം. അതും ചുരുങ്ങിയ വർഷത്തിനിടയിലാണെന്നത് എടുത്തു പറയണം.

“എനിക്കന്ന് 25 വയസ്സ്. അഞ്ഞൂറു രൂപ മിനിമം ബാലൻസ് ഇല്ലാത്തത് കാരണം ആന്ധ്ര ബാങ്ക് എന്റെ അക്കൗണ്ട് മരവിപ്പിച്ചു” –അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.‘‘മുപ്പതു വയസിനു മുൻപ് സെറ്റിൽ ആകാൻ അച്ഛന്‍ പറഞ്ഞു. നിന്റെ ചെറുപ്പത്തില്‍, അച്ഛനമ്മമാർ ആരോഗ്യത്തോടെ ഇരിക്കുമ്പോൾ, വിജയം ആഘോഷിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്’’.– താരം കുറിച്ചു.

വിജയ് നായകനായ ‘ഗീതഗോവിന്ദ’മാണ് തെലുഗു സിനിമയിലെ പോയ വർഷത്തെ ഏറ്റവും വലിയ ഹിറ്റ്. ‘ടാക്സിവാലാ’ എന്ന ഹൊറർ കോമഡിയാണ് അദ്ദേഹത്തെ ഏറ്റവും പുതിയ സിനിമ.