Tuesday 14 August 2018 10:48 AM IST : By സ്വന്തം ലേഖകൻ

‘ആ നാട് എനിക്കേറെ പ്രിയപ്പെട്ടത്’; ദുരന്ത പ്രളയത്തിൽ ആശ്വാസക്കുട നീട്ടി വിജയ് ദേവരകൊണ്ടയും

vijay-sai

ദുരന്ത പ്രളയത്തിനു നടുവിൽ‌ നിൽക്കുന്ന കേരളക്കരയിലേക്ക് സഹായപ്രവാഹം ഒഴുകുകയാണ്. കേരളക്കര ആരാധിക്കുന്ന അന്യഭാഷ നായകൻമാരും കേരളത്തിന്റെ കണ്ണീരൊപ്പാൻ കൈത്താങ്ങുമായി കൂടെയുണ്ട്. തമിഴ് നടൻ സൂര്യ, കാർത്തി എന്നിവരാണ് സഹായഹസ്തവുമായി ആദ്യമെത്തിയത്. ഇരുവരും ചേർന്ന് 25 ലക്ഷം രൂപയുടെ സഹായവുമായി ആദ്യമെത്തി. പിന്നാലെ നിരവധി പേർ ആ കാരുണ്യപ്രഹാവത്തിൽ കൈകോർത്തു.

ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍‌കിയിരിക്കുകയാണ് തെലുങ്ക് യുവതാരം വിജയ് ദേവരക്കൊണ്ട. അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതനാണ് വിജയ്.

കേരളം തന്റെ സിനിമകളെ പ്രോത്സാഹിപ്പിച്ച സ്ഥലമാണെന്നും അവിടെനിന്നും പരിചയപ്പെട്ട ആളുകളിൽ നിന്നും ഒരുപാട് സ്നേഹം ലഭിച്ചിട്ടുണ്ടെന്നും വിജയ് ട്വിറ്ററിലൂടെ അറിയിച്ചു. ഓരോരുത്തരും തങ്ങളാലാവുന്ന വിധത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും വിജയ് അഭ്യർത്ഥിച്ചു.

നടി അനുപമ പരമേശ്വരൻ ഒരു ലക്ഷം രൂപ സഹായനിധിയിലേക്ക് സംഭാവന ചെയ്തു. നടൻ കമൽഹാസൻ 25 ലക്ഷം രൂപ നൽകി.  വിജയ് ടി.വി യും 25 ലക്ഷം രൂപ നൽകിയിരുന്നു.

തമിഴ്നാട്ടിലെ സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ നടികര്‍ സംഘവും കേരളത്തിന് സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ്. തമിഴ്നാട് സര്‍ക്കാര്‍ അഞ്ച് കോടി രൂപയും കർണാടക സർക്കാർ 10 കോടി രൂപയും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.