Saturday 09 March 2019 10:24 AM IST : By സ്വന്തം ലേഖകൻ

‘‘അപകടം വിളിച്ചു വരുത്തരുത്, ദയവായി തിരികെപ്പോകൂ...’’! ആരാധകരോട് അപേക്ഷിച്ച് വിജയ്: വിഡിയോ

vijay-new

ആരാധക പിന്തുണയില്‍, തെന്നിന്ത്യൻ സിനിമയിൽ വിജയ്യുടെയത്ര തിളക്കമുള്ള താരങ്ങള്‍ കുറവാണ്. തമിഴ്നാടിനു പുറമേ കേരളമുൾപ്പടെയുള്ള മറ്റു സംസ്ഥാനങ്ങളിലും വിജയ് ഫാൻസ് ശക്തമാണ്. തിരികെ, തന്റെ ആരാധകരോടും വളരെ പ്രിയത്തോടെ പെരുമാറുന്ന ആളാണ് അദ്ദേഹം. തന്നെ സ്നേഹിക്കുന്നവരെ വലുപ്പച്ചെറുപ്പമില്ലാതെ ഒപ്പം നിർത്തുന്ന വിജയ്, ആരാധകരുടെ ജീവിതത്തിലെ പല സുപ്രധാന ഘട്ടങ്ങളിലും അവർക്കൊപ്പം നിൽക്കാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു പുതിയ വിഡിയോയും വിജയ്യോടുള്ള ആരാധകരുടെ സ്നേഹവും തിരിച്ച് ആരാധകരോടുള്ള വിജയ്യുടെ കരുതലും വ്യക്തമാക്കുന്നതാണ്.

ആറ്റ്ലീ സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണിപ്പോള്‍ വിജയ്. എസ്ആർഎം യൂണിവേഴ്സിറ്റി ക്യാംപസിലാണ് ചിത്രീകരണം. ക്യാംപസിലേക്ക് ദളപതിയെ കാണാന്‍ നൂറുകണക്കിന് ആരാധകരാണ് ഓരോ ദിവസവും എത്തുന്നത്. അതിന്റെ വിഡിയോസ് സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിലൊരു വിഡിയോയാണ് മേൽ പറഞ്ഞത്.

വിജയ്യുടെ ആരാധകരിൽ ചിലർ,‘തലൈവാ... തലൈവാ....’ വിളികളോടെ ബൈക്കില്‍ താരത്തിന്റെ കാറിനെ പിന്തുടർന്നു. ആരാധകർ പിന്തുടരുന്നുണ്ടെന്നു മനസിലാക്കിയ വിജയ് കാറിന്റെ ഗ്ലാസ് താഴ്ത്തി അവരോട് തിരികെ പോകാൻ ആവശ്യപ്പെട്ടു. ആരാധകരെ കൈ വീശി കാണിച്ച ശേഷമായിരുന്നു തന്നെ പിന്തുടരുന്നത് നിർത്തി ദയവ് ചെയ്ത് തിരികെ പോകാൻ ദളപതി അപേക്ഷിച്ചത്.

ദളപതി 63 എന്ന് താൽക്കാലികമായി പേരു നൽകിയിരിക്കുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. എജിഎസ് സിനിമയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. കതിർ, യോഗി ബാബു, ആനന്ദ് രാജ് എന്നിവരും ചിത്രത്തിലുണ്ട്.