Thursday 14 March 2019 12:27 PM IST : By സ്വന്തം ലേഖകൻ

സ്ക്രീനിൽ മാത്രമല്ല, ലൈഫിലും രക്ഷകൻ! ലൊക്കേഷനിൽ വലിയ അപകടം ഒഴിവാക്കി വിജയ്‌യുടെ ഇടപെടൽ: വിഡിയോ

vijay-neq

തെന്നിന്ത്യൻ ചലച്ചിത്ര പ്രേമികളുടെ ദളപതിയാണ് വിജയ്. ആരാധകപിന്തുണയിലും സ്വീകാര്യതയിലും ഒന്നാം നിരയിലാണ് താരത്തിന്റെ സ്ഥാനം. ഓരോ വിജയ് ചിത്രത്തിന്റെയും റിലീസ് ഉത്സവം പോലെയാണ് രസികർ ഏറ്റെടുക്കുന്നത്. അതേ പോലെ, ആരാധകരെ ഇത്രയധികം തന്നോടു ചേർത്തു നിർത്തുന്ന നടൻമാർ സിനിമാ മേഖലയിൽ തന്നെ കുറവാണ്.

ഓൺ സ്ക്രീൻ വിശേഷങ്ങൾക്കൊപ്പം താരവുമായി ബന്ധപ്പെട്ട ഓഫ് സ്ക്രീൻ വിശേഷങ്ങളും നിത്യേനയെന്നോണം സോഷ്യൽ മീഡിയ ആഘോഷിക്കാറുണ്ട്. അതിൽ ഏറ്റവും പുതിയത് ഒരു വിഡിയോയാണ്. സിനിമയിൽ മാത്രമല്ല റിയൽ ലൈഫിലും താനൊരു രക്ഷകൻ തന്നെയെന്ന് വിജയ് ഈ വിഡിയോയിൽ കാട്ടിത്തരുന്നു.

ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ ആയിരങ്ങളാണ് പ്രിയതാരത്തെ കാണാൻ ദിവസേന എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് വിഡിയോയിലെ സംഭവം.

ഷൂട്ടിന്റെ ഇടവേളയിൽ തന്നെ കാണാൻ കാത്തു നിൽക്കുന്ന ആരാധകർക്കരുകിലേക്ക് വിജയ് എത്തി. താരത്തിനു മുന്നിൽ, ഒരു സുരക്ഷാവേലിയുടെ അപ്പുറത്തായിരുന്നു ആരാധകർക്ക് നിൽക്കാൻ അവസരമൊരുക്കിയിരുന്നത്. വിജയ് വന്ന ആവേശത്തിൽ ആരാധകർ മുന്നോട്ടു വന്നപ്പോൾ വേലി മറിഞ്ഞു. വലിയ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നു കണ്ട വിജയ് ഉടൻ തന്നെ വേലി തടഞ്ഞു നിർത്തി. താരത്തിന്റെ സഹായികളും ഉടൻ തന്നെ ഓടിയെത്തി വേലി മറിയാതെ പിടിച്ചു നിർത്തിയതിനാല്‍ വലിയ അപകടം ഒഴിവായി. ഇതിന്റെ വിഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

തെരി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിജയും ആറ്റ്ലിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദളപതി 63. നയന്‍താരയാണ് നായിക.