Saturday 20 October 2018 04:04 PM IST : By സ്വന്തം ലേഖകൻ

പതിനെട്ട് മണിക്കൂർ, പതിമൂന്ന് മില്യൺ കാഴ്ചക്കാർ; യൂ ട്യൂബ് അടക്കിഭരിച്ച് വിജയ്‍യുടെ സർക്കാർ ടീസർ–വിഡിയോ

teaser

സോഷ്യൽ മീഡിയ അടക്കിഭരിച്ച് ദളപതി വിജയ്‍യുടെ സർക്കാർ ടീസർ. കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിന്റെ ടീസറിന് യൂ ട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ ആവേശകരമായ വരവേൽപ്പാണ് ലഭിക്കുന്നത്. പുറത്തിറങ്ങി ഇരുപത്തിനാല് മണിക്കൂറാകും മുമ്പേ 13 മില്യൺ യൂ ട്യൂബ് കാഴ്ച്ചക്കാരാണ് ടീസറിനെ തേടിയെത്തിയത്. ഫെയ്സ്ബുക്ക് കാഴ്ച്ചക്കാര്‍ വേറെയും.

ഏറ്റവും വേഗത്തിൽ ഒരു മില്യൺ കാഴ്ച്ചക്കാരെ നേടുന്ന ടീസറെന്ന റെക്കോഡാണ് ഇപ്പോൾ ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. ഏറ്റവും വേഗത്തിൽ പത്ത് ലക്ഷം ലൈക്സ് നേടുന്ന ലോകത്തിലെ ആദ്യ സിനിമാ ടീസർ ആണ് സർക്കാറെന്നതും ശ്രദ്ധേയം. അവഞ്ചേർസ് ഒരു ദിവസം കൊണ്ടുനേടിയ ലൈക്സ് വെറും നാല് മണിക്കൂറുകൾ കൊണ്ടാണ് സർക്കാർ സ്വന്തമാക്കിയത്. അവഞ്ചേർസ് ഇൻഫിനിറ്റി വാർ ട്രെയിലറിന്റെ ലൈക്സ് ഇതുവരെ 3.3 മില്യൻ ആണ്. പതിമൂന്ന് ലക്ഷം ലൈക്സുമായി മെർസൽ തന്നെയാണ് രണ്ടാമത്. 12 ലക്ഷം ലൈക്സ് നേടിയ ആമിർ ഖാന്റെ തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ ആണ് ഇതില്‍ മൂന്നാം സ്ഥാനത്ത്.

വിജയുടെ മാസ് ലുക്കും ത്രസിപ്പിക്കുന്ന ഡയലോഗുകളും സമം ചേരുന്ന ടീസറാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് പുറത്തു വിട്ടിരിക്കുന്നത്. തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങൾക്കു ശേഷം വിജയ്‍യെ നായകനാക്കി എ.ആർ മുരുഗദോസ് ഒരുക്കുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് സർക്കാർ. കോർപ്പറേറ്റ് ഭീമനായ സുന്ദർ എന്ന കഥാപാത്രമായാണ് വിജയ് എത്തുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും, ഡയലോഗുകളും ഉൾക്കൊള്ളിച്ചിട്ടുള്ളതാണ് ചിത്രത്തിന്റ ടീസർ. നായികയായ കീർത്തി സുരേഷിനു പുറമെ വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

സണ്‍ പിക്ചേഴ്‍സിന്‍റെ ബാനറില്‍ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആർ റഹ്‍‍‍‍‍‍‍‍‍‍‍മാനും മലയാളിയായ ഗിരീഷ്ഗംഗാധരൻ ചായാഗ്രാഹരണവും നിർവഹിക്കുന്നു. അടുത്ത മാസം ആറിന് ചിത്രം റിലീസിനെത്തും.