Saturday 13 April 2019 09:24 AM IST : By സ്വന്തം ലേഖകൻ

ഇനി ‘മലയാളി സെൽവൻ’! ആദ്യ മലയാള ചിത്രത്തിനായി വിജയ് സേതുപതി കൊച്ചിയിൽ

vijay-sethupathi-

മലയാളത്തിൽ ഏറ്റവുമധികം ആരാധകരുള്ള കോളിവുഡ് താരങ്ങളിലൊരാളാണ് മക്കൾ സെൽവൻ വിജയ് സേതുപതി. ഇപ്പോഴിതാ മലയാളത്തിൽ തന്റെ ആദ്യ സിനിമയിലഭിനയിക്കാൻ കൊച്ചിയിലെത്തിയിരിക്കുകയാണ് താരം.

ജയറാം നായകനാകുന്ന ‘മാര്‍ക്കോണി മത്തായി’ എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി മലയാളത്തിൽ അരങ്ങേറുക.

സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ മാര്‍ക്കോണി മത്തായി’. സംവിധായകന്‍ സനില്‍ കളത്തില്‍, നിര്‍മാതാവ് പ്രേമചന്ദ്രന്‍ എ.ജി, ക്യാമറമാന്‍ സജന്‍ കളത്തില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, ആര്‍ട്ട് ഡയറക്ടര്‍ സാലു.കെ.ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് വിജയ് സേതുപതിയെ സ്വീകരിച്ചത്.
ചിത്രത്തില്‍ ആത്മീയ നായികയാകുന്നു. അജു വര്‍ഗീസ്,ഹരീഷ് കണാരന്‍, ഗ്രിഗറി, നെടുമുടി വേണു, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, മാമുക്കോയ, കലാഭവന്‍ പ്രജോദ്, സുനില്‍ സുഖദ, ശിവകുമാര്‍ സോപാനം, ശ്രിന്റ എന്നിവരും താരനിരയിലുണ്ട്.

സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സജന്‍ കളത്തില്‍. അനില്‍ പനച്ചൂരാന്‍, ബി.കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്.

തോക്കിന് ചൂലിനോട് തോന്നിയ പ്രണയം എന്ന ഹാഷ് ടാഗിൽ അവതരിപ്പിക്കുന്ന ചിത്രത്തില്‍, ലോകത്തെ മുഴുവന്‍ സ്നേഹിക്കുന്ന, മറ്റുള്ളവരുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ പൂക്കള്‍ വിതറുന്ന മത്തായി എന്ന സെക്യൂറിറ്റിക്കാരന്‍ വേരിടുന്ന ഒരു പ്രശ്നം പരിഹരിക്കാന്‍ ലോകം ഒറ്റക്കെട്ടായി അണി നിരക്കുന്നതാണ് കഥ.

ഗോവ, ചെന്നൈ, ചങ്ങനാശ്ശേരി, ആലപ്പുഴ, എറണാക്കുളം എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ.