Thursday 06 September 2018 11:56 AM IST : By സ്വന്തം ലേഖകൻ

വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു; വരൻ മിമിക്രി ആർട്ടിസ്റ്റ് അനൂപ്

vaikom-vijayalakshmi-main

തെന്നിന്ത്യയുടെ പ്രിയ ഗായിക ഡോ. വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂർ കൊച്ചൊഴുകയിൽ നാരായണൻനായരുടെയും ലൈലാ കുമാരിയുടെയും മകൻ എൻ.അനൂപാണ് വരൻ. മിമിക്രി ആർട്ടിസ്റ്റാണ് അനൂപ്. ഒക്ടോബർ 22 ന് വൈക്കം മഹാദേവക്ഷേത്രത്തിൽ രാവിലെ 10.30 നും 11.30 നും ഇടയ്ക്കുള്ള മുഹൂർത്തത്തിലാണ് വിവാഹം. വരുന്ന തിങ്കളാഴ്ച്ച രാവിലെ 10 നും 11 നും ഇടയ്ക്കുള്ള മുഹൂർത്തത്തില്‍ വിജയലക്ഷ്മിയുടെ വസതിയിലാണ് വിവാഹനിശ്ചയവും മോതിരം മാറ്റവും.

മുൻപ് മറ്റൊരു വിവാഹ ആലോചന നിശ്ചയത്തിന് ശേഷം വിജയലക്ഷ്മി വേണ്ട എന്നു തീരുമാനിച്ചിരുന്നു. സംഗീത ജീവിതത്തിൽ അത് ഒരു തടസ്സമാകുമെന്നതായിരുന്നു കാരണം.

‘‘ആ വിവാഹം വേണ്ടെന്ന് തീരുമാനമെടുത്ത രാത്രി എനിക്കൊരു കച്ചേരിയുണ്ടായിരുന്നു. അന്നത്തെ ആ കച്ചേരിയോളം ആസ്വദിച്ച് സമീപകാലത്തൊന്നും ഞാൻ പാടിയിട്ടില്ല. ഞാൻ സ്വതന്ത്രയായതുപോലെ തോന്നി. എന്നെ ചുറ്റിവരിയുന്ന ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞതുപോലെ. അന്ന് ഞാൻ സമാധാനത്തോടെ കിടന്നുറങ്ങി’’. അതേക്കുറിച്ച് വിജയലക്ഷ്മി പറയുന്നതിങ്ങനെ.

ഉദയനാപുരം ഉഷാനിവാസില്‍ വി മുരളീധരന്റെയും വിമലയുടേയും ഏകമകളാണ് വിജയലക്ഷ്മി. ‘സെല്ലുലോയ്ഡ്’ എന്ന മലയാള സിനിമയിലെ ‘കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍’ എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി ശ്രദ്ധ നേടിയത്.