Thursday 27 June 2019 12:19 PM IST : By സ്വന്തം ലേഖകൻ

വിജയ നിർമല അന്തരിച്ചു! ഓർമയാകുന്നത് മലയാളത്തിന്റെ ആദ്യ സംവിധായിക

vijaya

പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിർമല അന്തരിച്ചു. 73 വയസായിരുന്നു. ഇന്നു രാവിലെ ഹൈദരാബാദിലെ വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

നടി എന്നതിനൊപ്പം വ്യത്യസ്ത ഭാഷകളിലായി 47 സിനിമകൾ ഇവര്‍ സംവിധാനം ചെയ്തു. മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായികയും വിജയ നിര്‍മലയാണ്. ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് ബുക്ക് റെക്കോഡും ഇവർ സ്വന്തമാക്കി.

തമിഴ്നാട്ടിലാണ് വിജയ നിര്‍മല ജനിച്ചത്. ചലച്ചിത്ര പ്രവർത്തകനായ പിതാവ് വഴി 1957 -ല്‍ തെലുങ്കു സിനിമയില്‍ ബാലതാരമായി അരങ്ങേറി.

നായികയെന്ന നിലയിൽ വിജയ നിര്‍മലയ്ക്ക് മികച്ച വേഷങ്ങള്‍ നല്‍കിയത് മലയാളമാണ്. എ. വിന്‍സന്റ ് സംവിധാനം ചെയ്ത ഭാര്‍ഗവി നിലയമാണ് അവരുടെ ആദ്യ മലയാള ചിത്രം. അതിലെ ഭാര്‍ഗവി എന്ന യക്ഷിയുടെ കഥാപാത്രം അവരെ ശ്രദ്ധേയയാക്കി. തുടർന്ന് റോസി, കല്യാണ രാത്രിയില്‍, പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം കോട്ട, കവിത, ദുര്‍ഗ, കേളനും കളക്ടറും തുടങ്ങി 25 ചിത്രങ്ങളില്‍ മലയാളത്തിൽ വേഷമിട്ടു.

1971 ല്‍ മീന എന്ന ചിത്രത്തിലൂടെയാണ് വിജയ നിര്‍മല സംവിധാന രംഗത്തേക്കെത്തിയത്. പിന്നീട് കവിത എന്ന ചിത്രം സംവിധാനം ചെയ്തു.

കൃഷ്ണ മൂര്‍ത്തിയാണ് വിജയനിർമലയുടെ ആദ്യ ഭര്‍ത്താവ്. തെലുങ്ക് താരം നരേഷ് ഈ ബന്ധത്തിലെ മകനാണ്.

പിന്നീട് തെലുങ്ക് സിനിമാ താരം കൃഷ്ണ ഘട്ടമാനെനിയെ വിവാഹം കഴിച്ചു. ഇരുവരുടെയും പ്രൊഡക്ഷന്‍ കമ്പനിയായ വിജയകൃഷ്ണ മൂവിസ് വ്യത്യസ്ത ഭാഷകളിലായി പതിനഞ്ചു ചിത്രങ്ങള്‍ നിര്‍മിച്ചു.