Wednesday 29 July 2020 02:34 PM IST : By സ്വന്തം ലേഖകൻ

വിനായകിന് ദുൽഖറിന്റെ സമ്മാനം എത്തി! കൊച്ചുമിടുക്കനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് താരം

vinayak

സംഭവിച്ചത് സ്വപ്നമോ യാഥാർത്ഥ്യമോ എന്ന ചിന്തയിലാണ് വിനായക്. പക്ഷേ സത്യമാണ്. പ്രിയതാരം നൽകിയ സമ്മാനം മനസ്സോട് ചേർത്തു പിടിച്ചിരിക്കുന്നു ഈ കൊച്ചുമിടുക്കൻ.

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ തൊടുപുഴ സ്വദേശി വിനായകിന് അപ്രതീക്ഷിത സമ്മാനം വീട്ടിലെത്തിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ. ഏറ്റവും പുതിയ മോഡലിലുള്ള ഒരു സ്മാർട്ട്ഫോണാണ് വിനായകിന് ദുൽഖർ സമ്മാനമായി നൽകിയത്. ഇന്നലെ ഫോണിൽ വിളിച്ച് നേരിട്ട് അഭിനന്ദനങ്ങൾ അറിയിച്ചതിനു പിന്നാലെയാണ് താരത്തിന്റെ സ്നേഹസമ്മാനം വിനായകിനെ തേടി എത്തിയത്.

ദുൽഖർ സൽമാന്റെ വലിയ ആരാധകൻ കൂടിയാണ് വിനായക്.

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കൊമേഴ്സ് ആയിരുന്നു വിനായകിന്റെ വിഷയം. 500ൽ 493 മാർക്കു വാങ്ങിയ വിനായകിനെ പ്രധാനമന്ത്രി നേരിട്ടു വിളിച്ച് അഭിനന്ദിച്ചിരുന്നു. ആ ഫോൺ സംഭാഷണം പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ പ്രേക്ഷപണം ചെയ്തിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽ ബിരുദപഠനത്തിന് ചേരാനുള്ള അപേക്ഷ നൽകി കാത്തിരിക്കുകയാണ് വിനായക്.