Monday 17 December 2018 12:55 PM IST : By സ്വന്തം ലേഖകൻ

‘പത്മരാജനെ കൊന്ന ഇൻഡസ്ട്രിയാണിത്, ആ മരണം കൊണ്ടും മതിയായില്ലേ’; രോഷത്തോടെ ഈ കുറിപ്പ്

odiyan

ഒടിയന്‍ സിനിമയ്ക്കും സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനും എതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ഒറ്റതിരിഞ്ഞ ആക്രമണങ്ങളെ പ്രതിരോധിച്ച് എഴുത്തുകാരൻ ലിജീഷ് കുമാർ. സിനിമയുടെ ഹൈപ്പിനെ കൂട്ടുപിടിച്ച് സംവിധായകനെ ക്രൂശിക്കുന്നവർക്കെതിരെ കുറിക്കു കൊള്ളുന്ന മറുപടിയുമായാണ് ലിജീഷിന്റെ വരവ്. താൻ കാത്തിരിക്കുന്നത് ശ്രീകുമാർ മേനോന്റെ രണ്ടാമൂഴത്തിനാണ് എന്ന ശീർഷകത്തിലാണ് ലിജീഷ് ഫെയ്സ്ബുക്ക് കുറിപ്പ് പങ്കു വയ്ക്കുന്നത്.

കോഴിക്കോട്ടെയും കണ്ണൂരിലെയും തീയേറ്ററുകളിൽ ആർട്ടിസ്റ്റിനെയും കൊണ്ട് സിനിമ പ്രൊമോട്ട് ചെയ്യാൻ പോയ സംവിധായകൻ ആളൊഴിഞ്ഞ കൊട്ടകകൾ കണ്ട് കരഞ്ഞുപോയ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ? പത്മരാജനെ നിങ്ങൾക്കറിയില്ലേ, ഞാൻ ഗന്ധർവ്വൻ തീയേറ്ററിൽ വീണ നിരാശയിലാണ് കോഴിക്കോട്ടെ ഹോട്ടൽ മുറിയിൽ വെച്ച് അദ്ദേഹം ഹൃദയം പൊട്ടി മരിക്കുന്നത്. ആ മരണത്തിന് ശേഷമാണ് ഞാൻ ഗന്ധർവൻ വിജയിക്കുന്നത്. പത്മരാജനെ കൊന്ന ഇൻഡസ്ട്രിയാണിത്. ഒരു മരണം കണ്ടിട്ടും നിങ്ങൾക്ക് മതി വന്നിട്ടില്ലേ?– ലിജീഷിന്റെ കുറിക്കു കൊള്ളുന്ന വാക്കുകൾ.

സിനിമ പരാജയപ്പെടുമ്പോൾ സംവിധായകന്റെ മുഖപുസ്തകത്തിൽ പോയി തെറിവിളിക്കുന്ന സംസ്കാരം വൃത്തികേടാണ്. വിളിച്ചവരുടേതും അതിന് കയ്യടിക്കുന്നവരുടേതും. ശ്രീകുമാർ മേനോനെ ദയവായി പത്മരാജനാക്കരുത്. അദ്ദേഹത്തിൽ നിന്ന് ഗംഭീര സിനിമകൾ ഇനിയും വരാനുണ്ട്. ഞാൻ കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ രണ്ടാമൂഴത്തിനാണ്.

മോഹൻലാലിന്റെ തലവര മാറ്റിയെഴുതിയ രാജാവിന്റെ മകനു മുമ്പ് അദ്ദേഹം ചെയ്ത താവളം, പാസ്പോർട്ട്, ആ നേരം അൽപനേരം തുടങ്ങിയ ചിത്രങ്ങൾ പരാജയങ്ങളായിരുന്നു. തമ്പി കണ്ണന്താനം പണി നിർത്തി പോകണം എന്ന് അന്നാരും പ്രകടനം വിളിച്ചിരുന്നില്ല. കേരള സംസ്ഥാന ചലച്ചിത്ര സ്പെഷ്യൽ ജൂറി പുരസ്കാരവും മികച്ച നടനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡും ഫിലിംഫെയർ അവാർഡും അന്ന് മമ്മൂട്ടിക്ക് നേടിക്കൊടുത്ത നിറക്കൂട്ടിന്റെ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് തമ്പി കണ്ണന്താനത്തെപ്പോലെ പണിയറിയാത്ത ഒരു ഡയറക്ടർക്ക് തിരക്കഥ കൊടുക്കരുത് എന്ന് മുറവിളി കൂട്ടിയിരുന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ രാജാവിന്റെ മകനും ഭൂമിയിലെ രാജാക്കന്മാരും ഇന്ദ്രജാലവും നാടോടിയും മാന്ത്രികവും ചെയ്യാൻ മലയാളിക്ക് ഒരു തമ്പി കണ്ണന്താനം ഉണ്ടാകുമായിരുന്നില്ല. മലയാളത്തിലെയും അന്യഭാഷയിലും ഒരിക്കൽ പരാജയപ്പെട്ട് പിന്നീട് തിരിച്ചു വന്ന നിരവധി ഉദാഹരണങ്ങൾ നിരത്തിയാണ് ഒരു പരാജയം കൊണ്ട് ഒരാളെ അളക്കരുതെന്ന് ലിജീഷ് പറഞ്ഞു വയ്ക്കുന്നത്. 

ഒടിയൻ സമ്പൂർണ്ണ പരാജയമാണെന്ന അഭിപ്രായം എനിക്കില്ല. ട്രെയിലറിലെ ആക്ഷനും പീറ്റർ ഹെയ്നിന്റെ പേരും കണ്ട് ഒരു മാസ് മസാല പ്രതീക്ഷിച്ചു പോയവർക്ക് മുമ്പിൽ അതിന് വിരുദ്ധമായ ഒരു പടം വരുമ്പോൾ സ്വാഭാവികമായും കൂവലുയരും. ഒടിവിദ്യകൾ കണ്ടമ്പരക്കാൻ പോയവർ ഒടിയന്റെ ഇമോഷണൽ ലൈഫിനെ ചിത്രീകരിച്ച ഡയറക്ടറോട് പരിഭവിക്കുക സ്വാഭാവികം. ഇത് ചതിയായിപ്പോയി എന്ന് പറയുക സ്വാഭാവികം. പക്ഷേ ഈ ആക്രോശം അതല്ല. കല്ലെറിയുന്നവരിൽ കണ്ടവരും കാണാത്തവരുമുണ്ട്. അവർക്ക് പലർക്കും കൃത്യമായ ലക്ഷ്യങ്ങളുണ്ട്. ഇനി ഒടിയൻ പരാജയമാണെന്ന് തന്നെ ഇരിക്കട്ടെ. ശ്രീകുമാർ മേനോൻ എന്ന ഡയറക്ടർ ഇതോടെ പണി നിർത്തിപ്പോകണം എന്നലറുന്നവരുടെ ക്ഷോഭത്തിന്റെ നിഷ്കളങ്കതയിൽ എനിക്ക് സംശയമുണ്ട്– ലിജീഷ് പറയുന്നു.