Thursday 02 February 2023 03:20 PM IST : By സ്വന്തം ലേഖകൻ

‘മിസ്റ്റർ ബട്‌ലറും’ ‘കുഞ്ഞിക്കൂനനും’ ഒരുക്കിയ അച്ഛൻ, ‘മാളികപ്പുറം’ 100 കോടി വിജയവുമായി മകൻ...

vishnu

‘മാളികപ്പുറം’ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി ചരിത്രവിജയമാകുമ്പോൾ അതൊരു നവാഗത സംവിധായകന്റെ രാജകീയ അരങ്ങേറ്റം കൂടിയാകുന്നു. വിഷ്ണു ശശിശങ്കർ എന്ന ചെറുപ്പക്കാരൻ തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ മലയാള സിനിമയുടെ മുഖ്യധാരയിൽ സ്വന്തം കസേര വലിച്ചിട്ടിരിക്കുകയാണ് ഈ മഹാവിജയത്തിലൂടെ.

വിഷ്ണുവിന്റെ ചോരയിൽ സിനിമ കലർന്നത് സ്വന്തം അച്ഛനിലൂടെയാണ്. ആ അച്ഛനെ മലയാളികൾ അറിയും :

നാരായം, കുഞ്ഞിക്കൂനൻ, മന്ത്രമോതിരം, ഗുരു ശിഷ്യൻ, മിസ്റ്റർ ബട് ലർ തുടങ്ങി ജനപ്രിയവിജയങ്ങളിലൂടെ മലയാള സിനിമയിൽ സ്വന്തം വിലാസം എഴുതിച്ചേർത്ത ശശിശങ്കർ! അകാലത്തിൽ പൊലിഞ്ഞ ആ വലിയ പ്രതിഭയ്ക്കുള്ള മകന്റെ ഗുരുദക്ഷിണ കൂടിയാകുന്നു ‘മാളികപ്പുറം’ നേടുന്ന വലിയ വിജയം.

2016 ൽ ആണ് ശശിശങ്കർ അന്തരിച്ചത്. കോലഞ്ചേരിക്കു സമീപം പാങ്കോടുള്ള വീടിനുള്ളിൽ അബോധാവസ്ഥയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പി.എ ബക്കറുടെ സംവിധാന സഹായിയാണു ശശിശങ്കറിന്റെ തുടക്കം. ‘നാരായം’ എന്ന ചിത്രത്തിലൂടെ 1993ൽ സാമൂഹ്യ പ്രതിബദ്ധതയുള്ള മികച്ച സിനിമക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ദിലീപിനെ ജനപ്രിയനായകനാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ‘കുഞ്ഞിക്കൂനൻ’ എന്ന ചിത്രമാണ് ശശിശങ്കരിന്റെ കരിയറിലെ വലിയ വിജയം. പുന്നാരം, സർക്കാർ ദാദ എന്നിവയാണു അദ്ദേഹത്തിന്റെ മറ്റു മലയാള ചിത്രങ്ങൾ. പേരഴകൻ, പഗഡൈ പഗഡൈ എന്നീ തമിഴ് ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. കുഞ്ഞിക്കൂനന്റെ തമിഴ് റീമേക്കായിരുന്നു സൂര്യയും ജ്യോതികയും പ്രധാന വേഷത്തിൽ എത്തിയ പേരഴകൻ.

ഉണ്ണി മുകുന്ദനെയും ബാലതാരങ്ങളെയും പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു സംവിധാനം ചെയ്ത ‘മാളികപ്പുറം’ കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്നു. വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്‍്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത് .

ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്പത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവര്‍ക്കൊപ്പം ദേവനന്ദ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

‘കടാവര്‍’, ‘പത്താം വളവ്’, ‘നൈറ്റ് ഡ്രൈവ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു. വിഷ്ണു നാരായണന്റെതാണ് ഛായാഗ്രഹണം.

നാൽപത് ദിവസം കൊണ്ടാണ് ചിത്രം 100 കോടി നേട്ടത്തിലേക്കെത്തിയത്. സിനിമയുടെ ആഗോള കലക്‌ഷനാണിത്. ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം ഒന്നര മാസം പിന്നിടുമ്പോഴും മികച്ച കലക്ഷൻ നേടി പ്രദർശനം തുടരുകയാണ്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രം വൻ സാമ്പത്തിക നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.