Wednesday 14 March 2018 10:53 AM IST : By സ്വന്തം ലേഖകൻ

മലയാളിതാരങ്ങളുമായി ‘ഹു’ കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്; വിസ്മയിപ്പിക്കും ഈ സിനിമ

who_cannes

കാൻ ഫിലിം ഫെസ്റ്റിവലിലെ മാര്‍ച്ച് ഡ്യൂ സെഷനിൽ വേള്‍ഡ് പ്രീമിയറിന് തയാറെടുക്കുകയാണ് മലയാളത്തിൽ നിന്നുള്ള ഒരു ചിത്രം. പേളി മാണി, ശ്രുതി മേനോന്‍, ഷൈന്‍ ടോം ചാക്കോ, പ്രശാന്ത് നായര്‍ ഐഎഎസ്, രാജീവ് പിള്ള, ഗോപു പടവീടൻ...തുടങ്ങി താരങ്ങളായി അണിനിരക്കുന്നരെല്ലാം മലയാളി താരങ്ങള്‍.  മലയാളിയായ അജയ് ദേവലോക സംവിധാനം ചെയ്യുന്ന ഹു എന്ന ചിത്രമാണ് മലയാളി പ്രതിഭകളുമായി ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനമാകാന്‍ അന്താരാഷ്ട്ര തലത്തിലേക്ക് ചുവടുവയ്ക്കുന്നത്.  
 
മാജിക്കൽ റീയലിസത്തോടൊപ്പം, ടൈം ട്രാവലും, സൈക്കോളജിയും ചേർത്തു വച്ച ഒരു ഇൻഡി ചിത്രമാണ് രാജ്യാന്തര സിനിമാ ലോകത്ത് പിന്നണിയില്‍ പ്രവര്‍ത്തിച്ച  യുവ സംവിധായകൻ അജയ് ദേവലോക. അസ്വാഭാവികമായ സ്വാഭാവികതയാണ് ഹു എന്ന ഈ മിസ്റ്ററി ത്രില്ലർ  ചിത്രത്തിന്റെ സവിശേഷത. നിഗൂഢമായ ചില രഹസ്യങ്ങളിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്ന ചിത്രം മലയാള ഭാഷയിൽ ഇത്തരത്തിലെ ആദ്യ ചിത്രമാണ്. ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലുമായി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രത്തില്‍ ആണ് കലക്ടർബ്രോ  പ്രശാന്ത്  നായർ  അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

നിരവധി ചിത്രങ്ങളുടെ എഡിറ്ററായ അജയുടെ പ്രഥമ സംവിധാനസംരംഭമായ ഈ ചിത്രം കോറിഡോർ 6 മൂവീസും, രവി കൊട്ടാരക്കരയുമാണ് നിർമ്മിച്ചിരിക്കുന്നത്. സിഡ്‌നി ഫിലിം സ്കൂളിന്റെ പ്രോഡക്ട് ആയ അമിത് സുരേന്ദ്രൻ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. നിരവധി ഹോളിവുഡ്, അന്യഭാഷാ ചിത്രങ്ങളിലൂടെ കഴിവ് തെളിയിച്ച വിശാഖാ ബൊഖിൽ സൗണ്ട് ഡിസൈനിങ് നിര്‍വഹിച്ച ചിത്രത്തിന്റെ ഡോൾബി അറ്റ്മോസ് മിക്സിങ് കൈകാര്യം ചെയ്തിരിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവ് സിനോയ് ജോസഫ് ആണ്.
 
ഉത്തരാഖണ്ഡ്, ഹിമാചൽ, കേരളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ who കാൻ ഫിലിം ഫെസ്റ്റിവലിൽ മാർക്കറ്റ് സെഷനിൽ വേൾഡ്  പ്രീമിയറിനു ഒരുങ്ങുകയാണ്. ഫിലിം ഫെസ്റ്റിവലിനുശേഷം  ഇന്ത്യയൊട്ടാകെ തീയറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ് ഈ ചിത്രം.

 

വ്യത്യസ്തമായ ലുക്കില്‍ പേളി മാണി; സസ്പെന്‍സ് ഒളിച്ചുവച്ച് ഹു എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍