Friday 01 November 2019 12:08 PM IST

വിവാഹമോചനം മകളുടെ ഉപദേശമായിരുന്നു, പ്രചരിക്കുന്ന കഥകളിൽ സത്യമില്ല! സിനിമകളിൽ വീണ്ടും സജീവമായി യമുന

V.G. Nakul

Sub- Editor

y1

‘ജ്വാലയായി’യിലെ ലിസി എന്നതിനപ്പുറം മറ്റൊരു പരിചയപ്പെടുത്തലുകളും ആവശ്യമില്ല, യമുനയെ മലയാളി പ്രേക്ഷകർ തിരിച്ചറിയാൻ. മലയാളം ടെലിവിഷൻ സീരിയലുകളുടെ ചരിത്രത്തിൽ ആ പരമ്പരയും അതിലെ കഥാപാത്രങ്ങളും അത്രത്തോളം നിറഞ്ഞു നിൽക്കുന്നു.

മലയാളത്തിൽ മെഗാസീരിയലുകളുടെ തുടക്കം മുതൽ യമുന അഭിനയരംഗത്തുണ്ട്. രണ്ട് പതിറ്റാണ്ട് പിന്നിട്ട് ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലുമായി ആ അഭിനയ യാത്ര ഇപ്പോഴും തുടരുന്നു.

എൻജിനീയറാകാൻ മോഹിച്ച്, കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് നടിയായി മാറേണ്ടി വന്ന യമുന തന്റെ അഭിനയ–വ്യക്തി ജീവിതത്തെക്കുറിച്ച് ‘വനിത ഓൺലൈനി’ലൂടെ മനസ്സ് തുറക്കുന്നു.

y2

അരുണ അങ്ങനെ യമുനയായി

ഞാൻ അഭിനയരംഗത്തെത്തിയിട്ട് 23 വർഷമായി. 19–ാമത്തെ വയസ്സിലാണ് ആദ്യം അഭിനയിച്ചത്, ഒരു കൂട്ടുകാരിയുടെ സഹോദരൻ സംവിധാനം ചെയ്ത ഓണപ്പാട്ടിന്റെ ആൽബത്തിൽ. അതിന്റെ എഡിറ്റിങ് നടക്കുമ്പോൾ എന്റെ അഭിനയം കണ്ട് കാവാലം നാരായണപ്പണിക്കര്‍ സാർ അദ്ദേഹം സംവിധാനം ചെയ്ത ‘പുനർജനി’ എന്ന ഹ്രസ്വചിത്രത്തിൽ നായികയാക്കി.

എന്റെ യഥാർത്ഥ പേര് അരുണ എന്നാണ്. ഞാൻ ജനിച്ചതും 12വയസ്സു വരെ വളർന്നതും അരുണാചൽ പ്രദേശിലാണ്. അരുണാചൽ പ്രദേശിൽ ജനിച്ചതു കൊണ്ടാണ് അച്ഛൻ മൂത്ത മകളായ എനിക്ക് അരുണ എന്നു പേരിട്ടത്.

എന്റെ സ്ക്രീൻ നെയിം ആണ് യമുന. അതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. അതായത്, എനിക്ക് യമുന എന്ന പേരിട്ടത് ഞാൻ പോലും അറിയാതെയാണ്. ‘പുനർജനി’യുടെ ടൈറ്റിൽ കാർഡില്‍ സ്വന്തം പേര് തെളിയുന്നതു കാണാൻ പ്രതീക്ഷയോടെ കാത്തിരുന്ന എനിക്ക് നിരാശയാകേണ്ടി വന്നു. വിഷമത്തോടെ കാവാലം സാറിനെ വിളിച്ചപ്പോൾ അദ്ദേഹം ചോദിച്ചത്, ‘നിന്റെ പേരല്ലേ യമുന എന്ന് എഴുതിക്കാണിച്ചത്’ എന്നാണ്. യമുനയെന്നല്ല, അരുണയെന്നാണ് പേരെന്ന് പറഞ്ഞപ്പോഴാണ് സാറിനും അബദ്ധം മനസ്സിലായത്. ടൈറ്റിലിൽ വയ്ക്കാൻ സ്റ്റുഡിയോയിൽ നിന്നു വിളിച്ചു ചോദിച്ചപ്പോൾ ഞാന്‍ അരുണ എന്നു പറഞ്ഞത് വിളിച്ചയാൾ യമുന എന്നു കേൾക്കുകയായിരുന്നു. അങ്ങനെ ഞാൻ യമുനയായി. പിന്നീട് ആ പേര് മാറ്റാതിരുന്നതിന് മറ്റൊരു കാരണമുണ്ട്. ഞാൻ ജനിച്ചപ്പോൾ എനിക്ക് യമുന എന്നു പേരിടണം എന്ന് എന്റെ അമ്മയുടെ അച്ഛന് വലിയ ആഗ്രഹമായിരുന്നു. പക്ഷേ, അദ്ദേഹം അത് ടെലഗ്രാം ചെയ്തപ്പോഴേക്കും അച്ഛന്‍ എനിക്ക് അരുണ എന്നു പേരിട്ടിരുന്നു.

y3

അച്ഛന്റെ ബാധ്യതകള്‍ ഏറ്റെടുത്ത് നടിയായി

എന്റെ സ്വന്തം നാട് കൊല്ലം പട്ടത്താനത്താണ്. അച്ഛന്‍ വേണുഗോപാലൻ നായർ അരുണാചലിൽ pwd എൻജിനീയറായിരുന്നു. ഇടയ്ക്ക് അച്ഛൻ 5 വർഷം മെഡിക്കൽ ലീവ് എടുത്ത് സൗദി അറേബ്യയിലേക്കു പോയി. തിരിച്ചു വന്നിട്ടും തിരിച്ച് ജോലിയിൽ പ്രവേശിക്കാതെ നാട്ടിൽ വന്നു ബിസിനസ്സ് തുടങ്ങി. പക്ഷേ, അത് പരാജയമായി. അതോടെ സാമ്പത്തികമായി തകർന്നു. വലിയ ബാധ്യതയായി. അത്ര കാലം അച്ഛന്റെ ഒപ്പം നിന്ന പലരും പ്രതിസന്ധി ഘട്ടത്തിൽ അച്ഛനെ തള്ളിപ്പറഞ്ഞു. അങ്ങനെയാണ് ഞാന്‍ അച്ഛനെ സഹായിക്കാൻ അഭിനയ രംഗത്തെത്തുന്നത്.

അതിനു മുമ്പ്, പഠിക്കുന്ന സമയത്ത് ഞാൻ അച്ഛന്റെ ഒരു സുഹൃത്തിന്റെ ഡി.ടി.പി സെന്ററിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്തിരുന്നു. ടൈപ്പ് റൈറ്റിങ് ലോവറും ഹയറും ഒക്കെ പാസായിരുന്നു. മാസം 500 രൂപയാണ് ശമ്പളം.

എൻജിനീയറാകണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോള്‍ അഭിനയത്തിൽ സജീവമായി. അങ്ങനെ അച്ഛന്റെ കടബാധ്യതകൾ ഞാൻ ഏറ്റെടുക്കുകയായിരുന്നു. അനിയത്തി എന്നെക്കാൾ 5 വയസ്സിന് ഇളയതാണ്. അവളുടെ പഠനം, കുടുംബത്തിന്റെ ഭാരം ഒക്കെയുണ്ടായിരുന്നു. 9 വർഷം മുമ്പ് അച്ഛൻ മരിച്ചു. അമ്മ ശാന്തമ്മ അനിയത്തി സുഗുണയോടൊപ്പം കൊല്ലത്താണ് താമസം.

y5

മാനസിയിലെ പത്മാവതി

നടൻ ടോം ജേക്കബിന്റെ സഹോദരി താമസിച്ചിരുന്നത് കൊല്ലത്തെ ഞങ്ങളുടെ വീടിന്റെ എതിർവശത്തായിരുന്നു. അദ്ദേഹം അവിടെ വരാറുണ്ടായിരുന്നു. അങ്ങനെ ആന്റി പറഞ്ഞിട്ടാണ് അദ്ദേഹം എന്നെ മധു മോഹൻ സാറിന് പരിചയപ്പെടുത്തുന്നത്. തുടർന്ന് മധു മോഹൻ സാറിന്റെ ‘ബഷീർ കഥകൾ’ എന്ന ടെലിഫിലിം പരമ്പരയിൽ 4 കഥകളിൽ ഞാൻ നായികയായി. പി.എൻ മേനോൻ സാറായിരുന്നു സംവിധാനം. അദ്ദേഹത്തിന്റെ ടീമിനൊപ്പം മൂന്നു വർഷം പ്രവർത്തിച്ചു. ആദ്യകാല മെഗാസീരിയലുകളിൽ ഒന്നായ ‘മാനസി’യിൽ പത്മാവതി എന്ന കഥാപാത്രമായിരുന്നു എനിക്ക്. സുകുമാരിയമ്മയുടെ മകളുടെ വേഷം. എന്റെ റോൾ മോഡൽ സുകുമാരിയമ്മയാണ്. പിന്നീട് സീരിയലിൽ തിരക്കായി. അക്കാലത്ത് എനിക്കു കിട്ടിയിരുന്ന ശമ്പളം ദിവസം 500 രൂപയായിരുന്നു. അച്ഛനെ സഹായിക്കാൻ ആ സമയത്ത് അത് വലിയ തുകയായിരുന്നു.

y4

ഇടവേള

‘ജ്വാലയായി’യിലെ ലിസി വലിയ ഹിറ്റായിരുന്നു. ഇപ്പോഴും ആളുകള്‍ ആ കഥാപാത്രത്തിന്റെ പേരിൽ എന്നെ തിരിച്ചറിയുന്നു. അത്തരത്തിൽ ജനമനസ്സുകളിൽ തങ്ങിനിൽക്കുന്ന കുറേ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ പറ്റിയത് വലിയ ഭാഗ്യം. അത്തരമൊരു കഥാപാത്രമാണ് ‘ചന്ദനമഴ’യിലെ മധുമതി. ഇതിനോടകം അമ്പതിലധികം സീരിയലുകളിൽ അഭിനയിച്ചു. ഇടയ്ക്ക്, 2006 മുതൽ 2012 വരെ 6 വർഷത്തോളം ഞാൻ അഭിനയ രംഗത്തു നിന്നു വിട്ടു നിന്നിരുന്നു.

സിനിമ

1999 ൽ ആണ് ആദ്യ സിനിമയായ ‘സ്റ്റാലിൻ ശിവദാസി’ൽ അഭിനയിച്ചത്. തുടർന്ന് ‘ഉസ്താദ്’, ‘പല്ലാവൂർ ദേവനാരായണൻ’, ‘വല്യേട്ടൻ’, ‘മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും’, ‘പട്ടണത്തിൽ സുന്ദരൻ’, ‘മീശമാധവൻ’ തുടങ്ങി 45 സിനിമകൾ. ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’യിലും നല്ല വേഷമായിരുന്നു. 2002 ല്‍ വിവാഹത്തോടെ സിനിമയിൽ ഇടവേളയെടുത്തിരുന്നു. ഇപ്പോൾ വീണ്ടും സജീവമാകുന്നു. ആ ഇടവേളയിൽ പല നല്ല അവസരങ്ങളും നഷ്ടമായി. ഇപ്പോൾ സീരിയൽ ചെയ്യുന്നില്ല. സിനിമയില്‍ ശ്രദ്ധിക്കുന്നു. നല്ല അവസരം വന്നാൽ സീരിയൽ ചെയ്യാം.

y6

വിവാഹം വിവാഹ മോചനം

സംവിധായകൻ എസ്.പി മഹേഷ് ആയിരുന്നു എന്റെ ഭർത്താവ്. 2019 ൽ നിയമപരമായി വേർപിരിഞ്ഞു. 2016 മുതൽ പിരിഞ്ഞു താമസിക്കുകയായിരുന്നു. ആമി, ആഷ്മി എന്നീ രണ്ടു പെൺമക്കളാണ് ഞങ്ങൾക്ക്. മൂത്തയാൾ 9 – ാം ക്ലാസിലും ഇളയയാൾ 5 – ാം ക്ലാസിലും പഠിക്കുന്നു.

രണ്ടു പെൺകുട്ടികളെയും കൊണ്ട് ഒറ്റയ്ക്കുള്ള ജീവിതമാണ് ഇപ്പോൾ. ഞാൻ ഈ കുട്ടികളെയും കൊണ്ട് ഡിവോഴ്സ് എന്ന തീരുമാനവുമായി മുന്നോട്ടു പോയപ്പോൾ ഒരുപാട് വിമർശനങ്ങളുണ്ടായി. എന്റെയും ഭർത്താവിന്റെയും കൂട്ടായ തീരുമാനമായിരുന്നു ഇനി ഒരുമിച്ചു പറ്റില്ല എന്ന്. മാനസികമായി പൊരുത്തപ്പെടാൻ സാധിക്കില്ല എന്നു തോന്നിയപ്പോഴാണ് മക്കളുമായി ആലോചിച്ച് ഡിവോഴ്സ് എന്ന തീരുമാനം എടുത്തത്. ശരിക്കും എന്റെ മൂത്ത മകളുടെ തീരുമാനമായിരുന്നു, ഇനി അച്ഛനും അമ്മയും ഒന്നിച്ച് നിൽക്കേണ്ട, ഒന്നിച്ച് നിന്നാൽ

നിങ്ങൾക്കും ഞങ്ങൾക്കും സന്തോഷമുണ്ടാകില്ല എന്നത്. പക്ഷേ, പലരും കഥയുണ്ടാക്കി, എനിക്ക് വേറെ ബന്ധമുണ്ട്, വേറെ കല്യാണം കഴിക്കാൻ പോകുന്നു എന്നൊക്കെ. പക്ഷേ എനിക്ക് അത്തരം യാതൊരു ചിന്തയുമില്ല. അതൊന്നും സത്യമല്ല. ഒരു റിലേഷൻ വന്നാലോ ഒരു രണ്ടാം വിവാഹം വന്നാലോ ഞാൻ അത് ഓപ്പൺ ആയി പറയും. ഒരിക്കലും മറച്ചു വയ്ക്കില്ല. ഇപ്പോൾ എന്റെ ലോകത്ത് എന്റെ മക്കൾ മാത്രമാണ്.