Monday 26 July 2021 01:23 PM IST : By സ്വന്തം ലേഖകൻ

യാഷികയ്ക്ക് ഇടുപ്പെല്ലിന് അടിയന്തര ശസ്ത്രക്രിയ, താരം ഇപ്പോഴും ഐസിയുവിൽ: അപകടത്തിൽ സുഹൃത്ത് മരിച്ചു

yashika

വാഹനാപകടത്തിൽ ഗുരുതരമായ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന തമിഴ് നടി യാഷിക ആനന്ദിന് അടിയന്തര ശസ്ത്രക്രിയ. അപകടത്തിൽ തകർന്ന ഇടുപ്പെല്ലിലാണ് ശസ്ത്രക്രിയ. നടി അപകട നില തരണം ചെയ്തതായാണ് റിപ്പോർട്ട്. യാഷികയ്ക്ക് ആറുമാസത്തേക്കെങ്കിലും നടിക്ക് വിശ്രമം വേണമെന്ന് ഡോക്ടർമാർ അറിയിച്ചതായി പിതാവ് ആനന്ദ് പറഞ്ഞു. മഹാബലിപുരത്തിനടുത്ത് ഇസിആർ റോഡിൽ ഞായറാഴ്ചയാണ് നടി യാഷിക ആനന്ദും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുന്നത്. അപകടത്തിൽ ഹൈദരാബാദ് സ്വദേശിയും നടിയുടെ സുഹൃത്തുമായ വള്ളിച്ചേട്ടി ഭവാനി (28) ആണ് മരിച്ചത്. യുഎസിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ ഭവാനി ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.

അതിവേഗത്തിൽ വന്ന കാർ കുഴിയിൽ വീണ് നിയന്ത്രണം വിട്ട്, റോഡിന്റെ മധ്യഭാഗത്തുള്ള മീഡിയനിലിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നടിയെയും ഒപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്തുക്കളെയും ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തമിഴ് ബിഗ് ബോസിൽ പങ്കെടുത്തതോടെയാണ് യാഷിക ശ്രദ്ധിക്കപ്പെട്ടത്. ഇരുട്ട് അറയിൽ മുരുട്ട് കുത്ത്, നോട്ട, ധ്രുവങ്ങൾ 16 തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.