ADVERTISEMENT

നടൻ നിവിൻ പോളിക്കും സംവിധായകൻ ഏബ്രിഡ് ഷൈനുമെതിരെ വഞ്ചനക്കുറ്റത്തിനു കേസ്. നിവിൻ പോളി നായകനായ ‘മഹാവീര്യർ’ സിനിമയുടെ സഹനിർമാതാവ് പി.എസ്. ഷംനാസിന്റെ പരാതിയിലാണ് നടപടി. നിവിൻ പോളി ഒന്നാം പ്രതിയും ഏബ്രിഡ് ഷൈൻ രണ്ടാം പ്രതിയുമാണ്.

‘ആക്‌ഷൻ ഹീറോ ബിജു’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ നിർമാണ പങ്കാളിത്തം വാഗ്ദാനം ചെയ്തു ഷംനാസിൽ നിന്നു പണം വാങ്ങിയെന്നും പിന്നീട് അക്കാര്യം മറച്ചുവച്ച് ചിത്രത്തിന്റെ വിതരണാവകാശം മറ്റൊരാൾക്കു നൽകിയെന്നുമാണ് പരാതി. നിവിനും ഏബ്രിഡിനുമെതിരെ കേസെടുക്കാൻ തലയോലപ്പറമ്പ് പൊലീസിന് വൈക്കം ജെഎഫ്സിഎം 1 കോടതി നിർദേശം നൽകിയിരുന്നു. തുടർന്നാണ് 406, 420, 34 വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ വകുപ്പിൽ കേസ് എടുത്തത്.

ADVERTISEMENT

‘മഹാവീര്യർ’ പരാജയപ്പെട്ടപ്പോൾ, നിവിൻ പോളി 95 ലക്ഷം രൂപ ഷംനാസിനു നൽകാമെന്നും ഏബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ആക്‌ഷൻ ഹീറോ ബിജു 2 ൽ നിർമാണ പങ്കാളിത്തം നൽകാമെന്നും ഉറപ്പു നൽകിയിരുന്നതായാണു പരാതി. തുടർന്ന് 2024 ഏപ്രിലിൽ സിനിമയുടെ നിർമാണത്തിനായി 1.90 കോടി രൂപ കൈമാറിയെന്നും ഷംനാസ് പറയുന്നു. പിന്നീട് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിനു കത്ത് നൽകിയ ശേഷം സിനിമയുടെ ടൈറ്റിൽ ഏബ്രിഡ് ഷൈൻ പൊഡക്‌ഷൻസിന്റെ ബാനറിൽനിന്ന് പി.എസ്. ഷംനാസിന്റെ മൂവി മേക്കേഴ്സ് ബാനറിലേക്കു മാറ്റുകയും ചെയ്തു. ഇതിനിടെ, സിനിമയുടെ ബജറ്റ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന്, ഷംനാസുമായുള്ള കരാർ മറച്ചുവച്ച്, ദുബായിൽ പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിക്ക് സിനിമയുടെ വിതരണാവകാശം കൈമാറിയെന്നു പരാതിയിൽ പറയുന്നു. നിവിൻ പോളിയുടെ നിർമാണ കമ്പനിയായ പോളി ജൂനിയേഴ്സിനാണ് സിനിമയിൽ അവകാശമെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇതെന്നും ദുബായിലെ കമ്പനിക്ക് 5 കോടി രൂപയ്ക്കാണ് ഓവർസീസ് വിതരണാവകാശം നൽകിയതെന്നും ഇതിൽ 2 കോടി രൂപ അഡ്വാൻസ് ആയി വാങ്ങിയെന്നും ഷംനാസിന്റെ പരാതിയിൽ പറയുന്നു.

ADVERTISEMENT
ADVERTISEMENT