Wednesday 18 January 2023 04:48 PM IST : By സ്വന്തം ലേഖകൻ

അപർണ ബാലമുരളിയോട് വിദ്യാർഥിയുടെ മോശം പെരുമാറ്റം, അനിഷ്ടം പ്രകടിപ്പിച്ച് നടി: വിഡിയോ

aparna-bala-murali-22

പൊതുയിടങ്ങളിൽ താരങ്ങൾ മോശം അനുഭവം നേരിടുന്നത് ആദ്യത്തെ സംഭവമല്ല. സിനിമ പ്രമോഷനുകൾക്കിടയിലും സ്വകാര്യചടങ്ങുകളിലും താരങ്ങളോട് ആരാധകർ മോശമായി പെരുമാറിയ സംഭവങ്ങൾ വാർത്തയായിട്ടുണ്ട്. നടി അപര്‍ണ ബാലമുരളിയോട് ഒരു വ്യക്തി മോശമായി പെരുമാറിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

അപർണ നായികയാകുന്ന തങ്കം സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് സംഭവം.കോളജ് യൂണിയൻ ഉൽഘാടനവേദിയിൽ വച്ച് വിദ്യാർഥികളിലൊരാൾ മോശമായി പെരുമാറുകയായിരുന്നു. അപർണയ്ക്ക് പൂവ് സമ്മാനിക്കാൻ അടുത്തെത്തിയതായിരുന്നു ഇയാൾ. ഇതിനിടെ അപർ‌ണയുടെ കയ്യിൽ ബലമായി പിടിച്ചു വലിച്ച വിദ്യാർഥിയോട് അപർണ അനിഷ്ടം പ്രകടിപ്പിക്കുന്നതു ദൃശ്യങ്ങളിൽ കാണാം. അപർണ അനിഷ്ടം പ്രകടിപ്പിച്ചിട്ടും ഇയാൾ വീണ്ടും അപർണയുടെ തോളിൽ പിടിക്കാൻ ശ്രമിക്കുന്നു. എന്നാല്‍ അപർണ ഒഴിഞ്ഞു മാറുകയാണുണ്ടായത്.

അപർണയോടൊപ്പം നടൻ വിനീത് ശ്രീനിവാസനും സംഗീത സംവിധായകൻ ബിജിപാലും ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരും ഉണ്ടായിരുന്നു. 

ആദ്യം വിദ്യാർഥി അപർണയുടെ കയ്യിൽ പിടിച്ചു വലിച്ച് എഴുന്നേൽപ്പിച്ചു. താരത്തിന്റെ മുഖത്ത് അനിഷ്ടം പ്രകടമായത് വിഡിയോയിൽ വ്യക്തമായി ദൃശ്യമാണ്. വീണ്ടും യുവാവ് അപർണയുടെ തോളിൽ കയറി പിടിക്കുകയും അപർണ കൃത്യമായി വെട്ടിച്ച് മാറുകയും ചെയ്യുന്നുണ്ട്. വിദ്യാർഥിയിൽ നിന്നുണ്ടായ പെരുമാറ്റം നടിക്ക് ഇഷ്ടപ്പെട്ടില്ലെന്നത് ബോധ്യപ്പെട്ട വിദ്യാർഥി പ്രതിനിധികളിൽ ഒരാൾ പിന്നീട് വേദിയിൽ വച്ചുതന്നെ അപർണയോട് ക്ഷമ പറഞ്ഞു. 

തുടർന്ന് യുവാവ് വീണ്ടും എത്തുകയും താൻ ഒന്നുമുദ്ദേശിച്ച് ചെയ്തതല്ല അപർണയുടെ ഫാൻ ആയതുകൊണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്. വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാൻ അപർണ വിസമ്മതിച്ചതിനെ തുടർന്ന് യുവാവ് ഒപ്പമുണ്ടായിരുന്ന വിനീതിന് കൈ കൊടുക്കാൻ ശ്രമിച്ചു. എന്നാൽ കൈകൊടുക്കാതെ വിനീത്, സാരമില്ല പോകൂ എന്നാണ് വിദ്യാർഥിയോട് പറഞ്ഞത്.

വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. നിരവധിപ്പേരാണ് അപർണയെ പിന്തുണച്ചും അഭിനന്ദിച്ചും രംഗത്തുവരുന്നത്.