കൺചിമ്മാതെ കാത്തിരുന്നത് ഈയൊരു നിമിഷത്തിനു വേണ്ടിയായിരുന്നു. നടി കാജൽ അഗർവാളിന്റെ ജീവിതത്തിലേക്ക് കുഞ്ഞു രാജകുമാരൻ എത്തിയ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും താരത്തോട് അടുത്തവൃത്തങ്ങൾ അറിയിച്ചു.
കുഞ്ഞ് അതിഥി ജീവിതത്തിലേക്ക് കടന്നു വരും മുമ്പ് താൻ അനുഭവിച്ച ശാരീരിക മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയുകയാണ് കാജൽ അഗർവാൾ. വേദനകളുടേയും വ്യഥകളുടേയും രാപ്പകലുകള്‍ താണ്ടി തന്റെ കൺമണി എത്തിയപ്പോഴുള്ള സന്തോഷവും കുറിപ്പിലൂടെ താരം പറയുന്നു.
‘അത്യാഹ്ലാദത്തോടെയും അദ്ഭുതത്തോടെയും എന്റെ മകൻ നീലിനെ ഈ ലോകത്തേക്കു സ്വാഗതം ചെയ്യുകയാണ്. ദൈർഘ്യമേറിയതും അദ്ഭുതകരവും സന്തോഷം നൽകുന്നതുമായിരുന്നു അവന്റെ ജനനം. ഗർഭസ്ഥസ്രവത്തിലും പ്ലാസെന്റയിലും പൊതിഞ്ഞെത്തിയ അവൻ നിമിഷങ്ങൾക്കകം എന്റെ നെഞ്ചിൽ ചേർന്നപ്പോൾ എനിക്കുണ്ടായ അനുഭൂതി പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു. അഗാധമായ സ്നേഹവും സന്തോഷവും എന്താണെന്ന് ആ നിമിഷത്തിൽ എനിക്കു മനസ്സിലായി. എന്റെ ഹൃദയം ഇപ്പോൾ ശരീരത്തിനു പുറത്താണെന്ന് തോന്നി. അല്ല ഇനി വരുംകാലവും അതങ്ങനെയായിരിക്കും.’– കാജൾ തന്റെ ഹൃദ്യമായ കുറിപ്പില്‍ പറയുന്നു.
പ്രസവത്തിനു മുൻപുള്ള ഉറക്കമില്ലാത്ത രാത്രികളെ കുറിച്ചും കാജൾ വിവരിക്കുന്നുണ്ട്. ‘ഉറക്കമില്ലാത്ത ആ മൂന്ന് രാത്രികൾ എളുപ്പമായിരുന്നില്ല. രക്തം വാർന്നു പോകുന്ന സമയം, വലിഞ്ഞു മുറുകിയിരിക്കുന്ന വയറ്, നനഞ്ഞ പാഡുകൾ, ബ്രെസ്റ്റ് പമ്പുകൾ, അനിശ്ചിതത്വം, എല്ലാം ശരിയായ രീതിയിൽ നടക്കുമോ എന്ന ആകുലത, കൂടാതെ മരുന്നുകൾ നൽകുന്ന ഉത്കണ്ഠ ഇതെല്ലാം ഉണ്ടായിരുന്നു. എന്നാൽ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ കൂടിയായിരുന്നു അത്. മധുരമുള്ള ആലിംഗനങ്ങളും ഉമ്മകളും നിറഞ്ഞ പ്രഭാതങ്ങൾ, ഞങ്ങൾ രണ്ടുപേരും മാത്രമുള്ള ശാന്തമായ നിമിഷങ്ങൾ, ഒരുമിച്ചു വളരുന്നു, ഒരുമിച്ചു പഠിക്കുന്നു, മനോഹരമായ അനുഭവങ്ങൾ പരസ്പരം ഉണ്ടാകുന്നു. വാസ്തവത്തിൽ പ്രസവാനന്തരം ആകർഷകമല്ല. പക്ഷേ, മനോഹരമാക്കാൻ നമ്മൾ ശ്രമിക്കണം. ’– കാജൾ കുറിച്ചു.
2020 ഒക്ടോബർ 30 നാണ് കാജൽ അഗർവാളും ഗൗതം കിച്ലുവും വിവാഹിതരാകുന്നത്. ഇരുവരും കുട്ടിക്കാലം മുതൽ മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു. ഗർഭകാലത്തെ സന്തോഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ കാജല്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ഹൃദ്യമായിരുന്നു. നിറവയറിലുള്ള കാജൽ അഗർവാളിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായി.
വിവാഹശേഷവും അഭിനയത്തില്‍ സജീവമായിരുന്ന കാജൽ, കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ‘ആചാര്യ’ എന്ന ചിരഞ്ജീവി ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നു. ദുല്‍ഖറിനൊപ്പമുള്ള ‘ഹേയ് സിനാമിക’യാണ് ഒടുവിൽ റിലീസ് ചെയ്ത ചിത്രം.